വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രൊഫസറായി... ഒടുവിൽ സമ്പാദിച്ച പണം മുഴുവൻ നഷ്ടമായി; കുവൈറ്റിൽ വനിതയ്ക്ക് സംഭവിച്ചത്

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി നേടിയ ജോലിയിലൂടെ സമ്പാദിച്ച മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ ഉത്തരവ്. കുവൈത്ത് പ്രോസിക്യൂഷനാണ് സ്വദേശി വനിതയ്ക്കെതിരായ കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ സ്വദേശി വനിത ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രഫസര്‍ തസ്തികയിലാണ് ജോലി ചെയ്തത്. നാല് വര്‍ഷത്തെ ജോലിയിലൂടെ ആകെ 1,17,000 ദിനാര്‍ ഇവര്‍ കൈപ്പറ്റുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഈ പണം മുഴുവന്‍ തിരിച്ചടയ്ക്കാനാണ് വിധി. പണം നല്‍കുന്നതുവരെ ഇവരെ തടവിലിടാനും പ്രോസിക്യൂഷന്റെ വിധിയില്‍ പറയുന്നു.
ജോലിക്കായി മൂന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഒരു ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റും ഒരു ഡോക്ടറേറ്റ് ബിരുദ സര്‍ട്ടിഫിക്കറ്റുമാണ് ഇവര്‍ ഹാജരാക്കിയിരുന്നത്. ഈജിപ്ത് സര്‍വകലാശാലയില്‍ നിന്ന് നേടിയ ബിരുദങ്ങളാണിവയെന്ന് അവകാശപ്പെട്ടുവെങ്കിലും സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചശേഷം ഒരു ഈജിപ്ഷ്യന്‍ പൗരന്റെ സഹായത്തോടെ അത് അറ്റസ്റ്റ് ചെയ്താണ് ജോലിക്കായി ഹാജരാക്കിയത്.
നേരത്തെ കുവെെത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി നേടി എന്ന പരാതിയിൽ നൂറോളം സ്വദേശികള്‍ പിടിയില്‍. കുവൈത്തിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയെന്ന സംശയത്തിന്റെ പേരിൽ സർക്കാർ ജീവനകകരായ നൂറു സ്വദേശികൾക്കെതിരെ അന്വേഷണമാരംഭിച്ചു. വിദേശ സർവകലാശാലകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന സൂചനയെ തുടർന്നാണ് അധികൃതർ അന്വേഷണം തുടങ്ങിയത്. വ്യാജ സർട്ടിഫിക്കറ്റ് വേട്ടയിൽ സ്വദേശി - വിദേശി വിവേചനമുണ്ടാവില്ലെന്നും എത്ര ഉന്നതരായാലും പിടികൂടി നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷലൈസഡ് ഓഫീസർ കോഴ്സിന് ചേരാൻ വിദ്യാഭ്യാസ രേഖകൾ നൽകിയവരാണ് കുരുക്കിലായത്. അന്വേഷണവിധേയരിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഈജിപ്ഷ്യൻ സർവകലാശാലകളിൽ നിന്നാണ് കൂടുതൽ സർട്ടിഫിക്കറ്റുകളും. ബന്ധപ്പെട്ട സർവകലാശാലകളുമായി സഹകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നു അധികൃതർ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് വരികയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്. അടുത്തഘട്ടത്തിൽ ഡിപ്ലോമക്കാരുടെയും പരിശോധിക്കും.
വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് വേട്ടയിൽ സ്വദേശി - വിദേശി വിവേചനമുണ്ടാവില്ലെന്നും എത്ര ഉന്നതരായാലും പിടികൂടി നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























