തൊഴിൽ വിസ തട്ടിപ്പ്....! യു.എ യിൽ പരസ്യ കമ്പനിയിൽ ജോലി വാഗ്ദാനം; കുടുങ്ങിയത് ഗർഭിണിയായ പ്രവാസി യുവതിയും ഭർത്താവും....

പരസ്യക്കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളെ യു.എ.ഇയിലെത്തിച്ച് പെരുവഴിയിലാക്കിയ കൊല്ലം, കുമ്പനാട് സ്വദേശികൾ നാട്ടിലേക്ക് കടന്നു. ഇമിഗ്രേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇതു വെളിപ്പെട്ടതെന്ന് സാമൂഹിക പ്രവര്‍ത്തക ലൈല അബൂബക്കര്‍ പറഞ്ഞു. കൊല്ലം സ്വദേശി മൂന്നുമാസം മുമ്പും കുമ്പനാട് സ്വദേശി ശനിയാഴ്ചയുമാണ് നാട്ടിലേക്ക് കടന്നതെന്നാണ് രേഖ. എട്ടുമാസം ഗര്‍ഭിണിയായ യുവതിയോടും ഭര്‍ത്താവിനോടും ദുബൈ അല്‍ ഗുബൈബയില്‍ താമസം ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് പറ്റിച്ചായിരുന്നു മുങ്ങൽ. പെരുവഴിയിലായ ഇവര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. ദമ്പതികളിപ്പോള്‍ ലൈലയുടെ വീട്ടിലാണ് കഴിയുന്നത്.
ദുബൈ ശൈഖ് സായിദ് റോഡിലെ പരസ്യക്കമ്പനിയില്‍ ഭര്‍ത്താവിന് ഒാപറേഷന്‍സ് വകുപ്പിലും ഭാര്യക്ക് റിസപ്ഷനിലുമായിരുന്നു ജോലി വാഗ്ദാനം ചെയ്തിരുന്നത്. ഏഴുമാസം ജോലി ചെയ്തിട്ടും ഇവര്‍ക്ക് ശമ്പളമൊന്നും നല്‍കിയിരുന്നില്ല. ഇതിനിടെയാണ് കമ്പനിയിലെ ഉടമകളിലൊരാളായ കൊല്ലം സ്വദേശിയെ കാണാതായത്. കഴിഞ്ഞ ദിവസം ഇവര്‍ താമസിച്ചിരുന്ന കറാമയിലെ ഫ്ലാറ്റിെൻറ കരാര്‍ അവസാനിച്ചിരുന്നു. ഗുബൈബയില്‍ വേറെ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു പറഞ്ഞ് പറ്റിച്ചായിരുന്നു കുമ്പനാട് സ്വദേശിയുടെ മുങ്ങൽ.
അതേസമയം വ്യാജ വിസ തടയാനായി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ എംബസി സംവിധാനമൊരുക്കിയിരുന്നു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങിന്റെ കീഴില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിലാണ് (പിബിഎസ്‍കെ) വ്യാജ വിസ തടയാനുള്ള സൗകര്യമുള്ളത്.
എല്ലാ പ്രവാസികള്‍ക്കും ജോലി ലഭിച്ച് യുഎഇയില്‍ എത്തുന്നതിന് മുന്‍പ് തന്നെ തൊഴില്‍ വിസയും തൊഴില്‍ കരാറും പരിശോധിച്ച് ഉറപ്പുവരുത്താന്‍ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം സഹായിക്കും. രേഖകള്‍ helpline@pbskuae.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുകയാണ് വേണ്ടത്. അധികൃതര്‍ അവ പരിശോധിച്ച് നിങ്ങളെ വിവരമറിയിക്കും.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുറച്ചുനാളുകൾക്ക് മുൻപേ യുഎഇയിലേക്ക് വ്യാജ തൊഴില്‍ വിസകള്‍ നല്‍കിയ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 17 പേരെയാണ് ഇവര്‍ വ്യാജ വിസകള്‍ നല്‍കി യുഎഇയിലെത്തിച്ചത്. യുഎഇയില്‍ എത്തിയ ശേഷം പരിശോധിച്ചപ്പോഴാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ തിരിച്ചയച്ചു. യുഎഇ സര്‍ക്കാറിന്റെ വെബ്സൈറ് വഴിയും വിസയുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ കഴിയും. വിസയുടെ കാര്യത്തില്‍ സംശയമുള്ളവര്‍ പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























