സൗദിയിൽ ഇന്ത്യാക്കാരി നേരിട്ട ദുരിത കഥ.... ആഹാരമില്ല, ശമ്പളവും:...; ഒടുവിൽ സംഭവിച്ചത്

സൗദിയിൽ വീട്ടുജോലിക്കെത്തി ശമ്പളം കിട്ടാതെ ദുരിതത്തിലായ ഇന്ത്യൻ വനിത സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ മണക്കരൈ പുതുഗ്രാമം സ്വദേശിനിയായ ഗ്യാനപരണം ലീല ബായിയാണ് കഴിഞ്ഞ 5 മാസം ശമ്പളം ലഭിക്കാതെ കഷ്ടത്തിലായത്. ഒരു വർഷം മുൻപാണ് ലീല ബായ് സൗദി അറേബ്യയിലെ ജുബൈലിൽ ഒരു വീട്ടിൽ ജോലിക്ക് എത്തുന്നത്.
വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞ ജോലി സാഹചര്യങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. രാപകൽ ഇല്ലാതെ ജോലി ചെയ്യിച്ചെങ്കിലും മതിയായ ആഹാരമോ വിശ്രമമോ അവർക്ക് കിട്ടിയില്ല. പത്തുമാസത്തിലധികം ജോലി ചെയ്‌തെങ്കിലും പകുതി കാലത്തെ ശമ്പളം ശമ്പളം മാത്രമാണ് കിട്ടിയത്. ആകെ ദുരിതത്തിലായ അവർ ജുബൈലിലെ സാമൂഹ്യപ്രവർത്തകനായ മുഹമ്മദ് യാസീനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു.
യാസീൻ, നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടനെ കാര്യങ്ങൾ ധരിപ്പിച്ചു. അങ്ങനെ ദമാമിൽ എത്തിയ ലീല ബായിയെ ദമാം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. പൊലീസുകാർ അവരെ വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു. മഞ്ജു മണിക്കുട്ടന്റെ ജാമ്യത്തിൽ പുറത്തിറക്കിയ ഇവരെ സ്വന്തം വീട്ടിൽ പാർപ്പിച്ചു. ഒരു മാസത്തോളം ഇവിടെ കഴിഞ്ഞ ലീല, ആരോഗ്യം വീണ്ടെടുത്തത്തോടെ ലീലാബായിയുടെ സ്‌പോൺസറെ ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയെങ്കിലും അയാൾ സഹകരിയ്ക്കാനോ ലീലയുടെ പാസ്സ്‌പോർട്ട് നൽകാനോ തയാറായില്ല.
തുടർന്ന് മഞ്ജു ഇന്ത്യൻ എംബസിയിൽ നിന്ന് ഔട്ട്പാസ്സ് വാങ്ങി നൽകുകയും വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു കിട്ടി. സാമൂഹിക പ്രവർത്തകനായ ഹരീഷ് വിമാനടിക്കറ്റും സൗജന്യമായി നൽകിയതോടെ നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു ലീല ബായ് നാട്ടിലേയ്ക്ക് മടങ്ങി. സാമൂഹിക പ്രവർത്തകരായ താജുദ്ധീൻ, അനു രാജേഷ്, ഷമീർ ചാത്തമംഗലം എന്നിവർ ഈ കേസിന്റെ വിവിധ ഘട്ടങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























