ഗതാഗത വകുപ്പ് സ്വീകരിച്ച ഏറ്റവും ഒടുവിലത്തെ പരീക്ഷണം വിജയകരം ; പാരീസിലെ നിരത്തുകളിൽ ട്രാഫിക് നിയന്ത്രിക്കാൻ ഇനി ബൊമ്മകൾ

ഗതാഗത നിയമങ്ങൾ നടപ്പിലാക്കാൻ ലോകമെമ്പാടും നിരവധി പദ്ധതികൾ അധികൃതർ നടപ്പിലാക്കാറുണ്ട്. അവയിൽ പലതും വെള്ളത്തിൽ വരച്ച വരെ പോലെ ആകാറാണ് പതിവ്. ഇരുചക്ര വാഹനങ്ങളിൽ പിന്നിലെ യാത്രക്കാർക്കും ഹെൽമെറ്റ് അടുത്തിടെ നിർബന്ധമാക്കിയിരുന്നു. ഗതാഗത നിയമലംഘനകൾ കുറച്ചുകൊണ്ടുവരാൻ നഗരത്തിലെ നിരത്തുകളിൽ ട്രാഫിക് പൊലീസ് ബൊമ്മകളെ സ്ഥാപിക്കുക എന്നതാണ് ഗതാഗത വകുപ്പ് സ്വീകരിച്ച ഏറ്റവും ഒടുവിലത്തെ പരീക്ഷണം. സംഗതി ഫലം കണ്ടുതുടങ്ങിയതോടെ പദ്ധതി മറ്റു രാജ്യങ്ങളും മാതൃകയാക്കാനൊരുങ്ങുകയാണ്. ഈ പദ്ധതിയിലൂടെ ട്രാഫിക് ബൊമ്മകൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.ട്രാഫിക് പൊലീസ് ബൊമ്മകൾ സ്ഥാപിച്ചതിനു ശേഷമുള്ള മാറ്റങ്ങളെ കുറിച്ചറിയാൻ പാരീസ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവുവുമായി ചർച്ച നടത്തുകയും വിശദാംശങ്ങൾ ചോദിച്ചറിയുകയും ചെയ്തു. പദ്ധതി നടപ്പിലാക്കാനുള്ള ആലോചനയിലാണ് തങ്ങളെന്നും പാരീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
നഗരത്തിലെ റോഡുകളിൽ ട്രാഫിക് ബൊമ്മകളെ സ്ഥാപിച്ച ശേഷം ഗതാഗത നിയമ ലംഘനങ്ങൾ കുറഞ്ഞതായും ജനങ്ങളിൽ നിന്ന് നല്ല പ്രതികണമാണ് ലഭിക്കുന്നതെന്നും ബെംഗളൂരു സിറ്റി ട്രാഫിക് പൊലീസ് ജോയിന്റ് കമ്മീഷണർ ബി ആർ രവികാന്ത ഗൗഡ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണർ ഭാസ്കർ റാവുവാണ് 'ട്രാഫിക് പൊലീസ് ബൊമ്മ' എന്ന ആദ്യമായി അവതരിപ്പിച്ചത്. വിളകൾ നശിപ്പിക്കാനെത്തുന്ന പക്ഷികളെയും മൃഗങ്ങളെയും അകറ്റുന്നതിനായി കർഷകർ പാടങ്ങളിൽ സ്ഥാപിക്കുന്ന മനുഷ്യബൊമ്മകളെ കണ്ടപ്പോഴാണ് ഇങ്ങനെയൊന്ന് മനസ്സിലുദിച്ചതെന്ന് ഭാസ്കർ റാവു പറയുന്നു. നിലവിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിലായി 250ഓളം ട്രാഫിക് പൊലീസ് ബൊമ്മകളെയാണ് സ്ഥാപിച്ചിരിക്കുന്നത്. 4500 ഒറിജിനൽ ട്രാഫിക് പൊലീസുകാർക്ക് പുറമേയാണിത്. ഒരോ ദിവസവും നഗരത്തിലെ ജംങ്ഷനുകളിൽ സ്ഥാപിക്കുന്ന ബൊമ്മകൾ അടുത്ത ദിവസം നീക്കം ചെയുന്നു. പിറ്റേദിവസം അവിടെ യഥാർത്ഥ പൊലീസ് നിലയുറപ്പിക്കും. മൂന്നാമത്തെ ദിവസം ബൊമ്മയും പൊലീസും അപ്രത്യക്ഷമാവുമെങ്കിലും ആളുകൾക്ക് അവിടെ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട് എന്ന ധാരണയുണ്ടാകും. തുടർന്ന് ദിവസങ്ങൾക്കു ശേഷം വീണ്ടും ഇതാവർത്തിക്കുമെന്നും പൊലീസ് പറയുന്നു. ഇത്തരത്തിൽ ആളുകളിൽ നിയമ ബോധം ഉണ്ടാക്കാൻ സാധിക്കുമെന്നും പോലീസ് പറയുന്നു. ദിവസം അഞ്ചു പൊലീസ് ബൊമ്മകളെ വരെ നഗരത്തിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകൾക്ക് നൽകുന്നുണ്ടെന്നും ഇവയിൽ സിസിടിവി സ്ഥാപിക്കാൻ പദ്ധതിയുള്ളതായും രവികാന്തഗൗഡ അറിയിച്ചു.
https://www.facebook.com/Malayalivartha
























