പ്രവാസികൾക്ക് തിരിച്ചടിയായി ഒമാനിൽ മൂന്ന് മേഖലകൾ... ജോലി പോകും എന്ന ഭീതിയിൽ പ്രവാസികൾ....

ഒമാനിൽ അടുത്തമാസം മുതൽ ടൂറിസം, വ്യവസായം, ലോജിസ്റ്റിക്സ് മേഖലകളിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നു. സർക്കാർ-സ്വകാര്യ മേഖലകളിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള നടപടികളുടെ അടുത്തഘട്ടമാണിത്. 2020ൽ ടൂറിസം മേഖലയിൽ 44.1% സ്വദേശിവൽക്കരണം നടപ്പാക്കാനാണ് മാനവശേഷി മന്ത്രാലയ തീരുമാനം. ലോജിസ്റ്റിക്സ്, വ്യവസായ മേഖലകളിൽ യഥാക്രമം 20%, 35% എന്നിങ്ങനെയും.
ഈ മേഖലകളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ധാരാളം ജോലിചെയ്യുന്നുണ്ട്. സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾ മുഖ്യമായും കേന്ദ്രീകരിക്കുന്ന 3 മേഖലകളാണിത്. ഭാവിയിൽ ഈ രംഗങ്ങളിൽ കൂടുതൽ തൊഴിൽ സാധ്യതകൾ ഉണ്ടാകും. ഇതു പൂർണമായും സ്വദേശികൾക്കു സംവരണം ചെയ്യും. ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രമുഖ കമ്പനികളിൽ സ്വദേശികൾക്ക് പരിശീലനത്തിന് സൗകര്യമൊരുക്കാനും മാനവശേഷി മന്ത്രാലയം ആലോചിക്കുന്നു.
സ്വദേശികൾക്ക് നിയമപ്രകാരമുള്ളതോ അതിൽ കൂടുതലോ നിയമനം നൽകുന്ന കമ്പനികൾക്ക് ഗ്രീൻ കാർഡ് നൽകും. ഈ കമ്പനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകും. സ്വദേശിവൽക്കരണ ചട്ടങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടിയുണ്ടാകും. കൂടുതൽ നിയമനങ്ങൾ നടത്താൻ അനുവദിക്കില്ല. നിശ്ചിത കാലാവധി കഴിഞ്ഞും സ്വദേശി പ്രാതിനിധ്യം ഉറപ്പുവരുത്തിയില്ലെങ്കിൽ പിഴ നൽകണം.
ആരോഗ്യ മേഖലയില്‍ മാത്രം മൂവായിരത്തിലേറെ വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിച്ചു. 2018 ലെ കണക്കു പ്രകാരം മന്ത്രാലയത്തിന് കീഴില്‍ ജോലിചെയ്യുന്ന 39,220 പേരിൽ 71 ശതമാനവും സ്വദേശികളാണ്. 2015 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെ 2,869 വിദേശികള്‍ക്കാണ് ആരോഗ്യ മേഖലയില്‍ തൊഴില്‍ നഷ്ടമായത്. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 39 ശതമാനവും സ്വദേശികളായി. കണ്‍സൽറ്റന്റ് ഡോക്ടര്‍മാർ 64%, ജനറല്‍ ഡോക്ടര്‍മാർ 43%, ദന്ത ഡോക്ടര്‍മാർ 82% എന്നിങ്ങനെയും. ന്യുട്രീഷനിസ്റ്റ്, സ്പീച്ച് തെറാപിസ്റ്റ്, എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികകളിൽ പൂർണമായും സ്വദേശിവൽക്കരണം നടപ്പാക്കാൻ കഴിഞ്ഞവർഷം ഡിസംബറിൽ തീരുമാനിച്ചിരുന്നു. ധാരാളം മലയാളികളുള്ള മേഖലകളാണിത്. .
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഹോട്ടല്‍ തൊഴിലാളികളിൽ 30.9% ഒമാനികളാണ്. 5,754 ഒമാനികള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോസ്പിറ്റാലിറ്റി മേഖലയില്‍ 12,873 പ്രവാസികളാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഈ മേഖലയിലെ തൊഴിലാളികളുടെ വളര്‍ച്ചാ നിരക്ക് 14.7% ആണ്. 2017നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഹോട്ടല്‍ തൊഴിലാളികളുടെ എണ്ണം 32.6% വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ മൊത്തം ഹോട്ടല്‍ തൊഴിലാളികളുടെ എണ്ണം 18,627 ആണ്. ഇവരില്‍ 6,949 പേര്‍ മസ്‌കത്തിലും 2317 പേര്‍ ദോഫാറിലുമാണ്. 2 സ്റ്റാര്‍ ഹോട്ടലുകളിൽ ഒമാനികളുടെ നിരക്ക് കഴിഞ്ഞ വര്‍ഷം 10% കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റു ഹോട്ടലുകളില്‍ 130% ഉയര്‍ന്നു.
സ്വദേശിവൽക്കരണം ഊർജിതമാക്കിയതോടെ ഒമാനിൽ നിന്നു മടങ്ങുന്ന വിദേശികളുടെ എണ്ണം കൂടുകയാണെന്നാണു റിപ്പോർട്ട്. കഴിഞ്ഞവർഷം മേയ് മുതൽ ഈ വർഷം മേയ് വരെ 65,397 പേർ രാജ്യം വിട്ടതായാണ് നാഷനല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ കണക്ക്. കഴിഞ്ഞ വര്‍ഷം മേയിൽ പ്രവാസികളുടെ എണ്ണം 18.54 ലക്ഷമായിരുന്നു. സ്വദേശി ജീവനക്കാരുടെ എണ്ണം 25.75 ലക്ഷത്തിൽ നിന്ന് 26.49 ലക്ഷമാകുകയും ചെയ്തു. നിര്‍മാണ മേഖല, കൃഷി, മത്സ്യബന്ധനം, വനപരിപാലനം, ഖനനം, ക്വാറി, വൈദ്യുതി, പാചകവാതകം, ഗതാഗതം, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലും പ്രവാസികള്‍ കുറഞ്ഞു വരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 87 തസ്തികകളിൽ വീസ നിരോധനം ഏർപ്പെടുത്തിയത് പ്രവാസികൾക്കു വൻ ആഘാതമായി. 2013ൽ ഏർപ്പെടുത്തിയ വീസ വിലക്കുകളും തുടരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ രാജ്യത്തെ സ്വകാര്യ മേഖലയിൽ 40,000 സ്വദേശികൾ തൊഴില്‍ നേടി. ഈ വര്‍ഷം മേയ് വരെ 27,000 സ്വദേശികൾക്കു കൂടി സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























