ഇളവുമായി കൂടുതൽ രാജ്യങ്ങൾ: ജപ്പാനിൽ അടിയന്തരാവസ്ഥ മാസാവസാനം വരെ നീട്ടാൻ നീക്കം

കൊറോണയുടെ കടന്നുകയറ്റത്തോടു ഏകദേശം പൊരുത്തപ്പെട്ടു കഴിഞ്ഞു നാമെല്ലാം.ഇപ്പോൾ രാജ്യങ്ങളെല്ലാംതന്നെ ഏതെല്ലാം തരത്തിലുള്ള ഇളവുകൾ നൽകണമെന്ന ആലോചനയിലുമാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുമായി കൂടുതൽ രാജ്യങ്ങൾ ഇപ്പോൾ തന്നെ മുന്നോട്ടു വന്നിട്ടുണ്ട്.. ഇറ്റലി, തായ്‌ലൻഡ്, ഓസ്ട്രേലിയ, മലേഷ്യ, ജോർദാൻ എന്നിവ ഇളവു പ്രഖ്യാപിച്ചു. സിംഗപ്പൂരിൽ ഈമാസം 12 മുതലാണ് ഇളവ്. ദക്ഷിണ കൊറിയയിൽ സ്കൂളുകൾ 13നു തുറക്കും.
അതേസമയം ജപ്പാനിൽ അടിയന്തരാവസ്ഥ മാസാവസാനം വരെ നീട്ടാൻ നീക്കം. ഫുക്കുവോക്കയിൽ അടുത്തവർഷം നടക്കാനിരുന്ന അക്വാറ്റിക് ലോക ചാംപ്യൻഷിപ് 2022 മേയ് 13ലേക്കു മാറ്റി.
ന്യൂസീലൻഡിൽ ആദ്യമായി പുതിയ രോഗികളില്ലാത്ത ദിവസം. ദക്ഷിണ കൊറിയയിലും പുതിയ രോഗബാധിതരുടെ എണ്ണം പൂജ്യത്തിലേക്ക്. ഇതേസമയം, റഷ്യയിലും ബംഗ്ലദേശിലും രോഗം പടരുന്നു.
രാജ്യത്ത് ഒരുലക്ഷം പേരെങ്കിലും മരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത് വർഷാവസാനത്തോടെ വാക്സിൻ വികസിപ്പിക്കുമെന്നു പറഞ്ഞ അദ്ദേഹം തിരഞ്ഞെടുപ്പു പ്രചാരണവും പുനരാരംഭിച്ചു. വാക്സിൻ വികസിപ്പിക്കാൻ ഒന്നരവർഷം വേണ്ടിവരുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നതിനിടെയാണ് ട്രംപിന്റെ പ്രവചനം. വാക്സിൻ വികസിപ്പിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നു ജർമനിയും പ്രതികരിച്ചു.
വീണ്ടും പ്രസിഡന്റായാൽ രാജ്യത്തിന്റെ സാമ്പത്തികനിലയിലും പുരോഗതിയിലും വൻ മുന്നേറ്റമുണ്ടാകുമെന്നു ട്രംപ് അവകാശപ്പെട്ടു. സ്കൂളുകളും കോളജുകളും സെപ്റ്റംബറോടെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിംഗപ്പൂർ ∙ ഒറ്റദിവസം 573 പുതിയ കേസ്. ഇതിനകം ഇന്ത്യക്കാരായ 4,800 കുടിയേറ്റ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഇന്ത്യൻ ഹൈക്കമ്മിഷണർ. വിദ്യാർഥികൾ ഉൾപ്പെടെ 3,500 പേർ ഇന്ത്യയിലേക്കു മടങ്ങാൻ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
മലേഷ്യ ∙ റെക്കോർഡിട്ട് ഒറ്റദിവസം 122 പുതിയ കേസ് റിപ്പോർട്ട് ചെയ്തെങ്കിലും ഭക്ഷണശാലകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു.
ഇന്തൊനീഷ്യ ∙ ഒറ്റദിവസം 395 പുതിയ കേസ്. ആകെ രോഗികൾ 11,500 കടന്നു.
ഓസ്ട്രേലിയ ∙ സ്കൂളുകൾ തുറന്നെങ്കിലും സിഡ്നിയിൽ വിദ്യാർഥിക്കു രോഗം സ്ഥിരീകരിച്ചതോടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം.
റഷ്യ ∙ പുതുതായി 10,581 കേസുകൾ. മുൻ ദിവസത്തേതിൽനിന്നു നേരിയ കുറവു മാത്രം. ആകെ രോഗികൾ 1.45 ലക്ഷം കടന്നു.
അഫ്ഗാനിസ്ഥാൻ ∙ തലസ്ഥാനമായ കാബൂളിൽ മൂന്നിലൊന്നു പേർക്കും രോഗം ബാധിച്ചെന്ന പഠന റിപ്പോർട്ടിനെത്തുടർന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ബംഗ്ലദേശ് ∙ രോഗികളുടെ എണ്ണം 10,000 കടന്നു. ഒറ്റദിവസം 688 പുതിയ കേസ്. രോഗികളുടെ എണ്ണത്തിൽ ഒരാഴ്ചയായി വർധന.
https://www.facebook.com/Malayalivartha























