ലോകത്തെ പേടിപ്പിച്ച് പുതിയൊരു വൈറസ്...അമേരിക്കയിൽ മുയലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു...മനുഷ്യർക്ക് ആപത്താവുമോ?...

കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ലോകം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷം കടന്നിരിക്കുന്നു ... കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ചത് അമേരിക്കയിലാണ് മൂന്നിലൊന്നു രോഗികളും... സാമൂഹിക അകലം അല്ലാതെ തത്കാലം പ്രതിരോധം ഒന്നുമില്ലെന്ന് സമ്മതിച്ച ലോകാരോഗ്യ സംഘടനാ വൈറസ് ഉടനൊന്നും അപ്രത്യക്ഷമാകില്ലെന്നും പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി പുരോഗമിക്കുന്ന വാക്സിൻ ഗവേഷണങ്ങളിൽ മാത്രമാണ് ഇപ്പോൾ ലോകത്തിന്റെ പ്രതീക്ഷ..
അതിനിടെ ഒരു പുതിയ വൈറസ് വടക്കേ അമേരിക്കയിൽ എത്തിയിരിക്കുന്നു എന്ന വാർത്തയാണ് ലോകം പേടിയോടെ കാണുന്നത് .
റാബിറ്റ് ഹെമറാജിക് എന്ന പകർച്ചവ്യാധിയുടെ പിടിയിലാണ് വടക്കേ അമേരിക്ക ഇപ്പോൾ . ഈ രോഗം മുയലുകളിലാണ് പ്രധാനമായും കണ്ടുവരുന്നത്. രോഗവ്യാപനം ഈ നിലയിൽ തുടരുകയാണെങ്കിൽ, യുഎസ്സില്‍ ആയിരക്കണക്കിന് മുയലുകളായിരിക്കും ഇല്ലാതാവുക. അവ ഉൾപ്പെടുന്ന ആവാസവ്യവസ്ഥയെയും ഇത് ദോഷകരമായി ബാധിക്കുമെന്നതിൽ സംശയമില്ല.
റാബിറ്റ് ഹെമറാജിക് ഡിസീസ് വൈറസ് ടൈപ്പ് 2 എന്ന വൈറസ് മുയലുകളിൽ ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്നു. 'ഈ അസുഖം ബാധിച്ചാല്‍ അവ മിക്കവാറും മരണത്തിന് കീഴ്പ്പെടാറാണ് പതിവ്', കാലിഫോർണിയ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ്‌ലൈഫ് പറയുന്നു.
റാബിറ്റ് ഹെമറാജിക് ഡിസീസും കൊവിഡ് -19 ഉം തമ്മിൽ ചില സാമ്യതകളുണ്ടെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫിഷ്, വൈൽഡ്‌ലൈഫ് ആൻഡ് കൺസർവേഷൻ ഇക്കോളജി വിഭാഗം മേധാവി മാറ്റ് ഗോമ്പർ പറഞ്ഞു.
രണ്ടും ഒരു വംശത്തിൽ നിന്ന് മറ്റൊന്നിലേക്ക് വ്യാപിച്ചവയാണെന്നാണ് പറയുന്നത്. കൊറോണ വൈറസ് വവ്വാലുകളിൽനിന്നാണ് വ്യാപിച്ചതെന്ന് ഒരു വിഭാഗം പറയുന്നുണ്ട്. എന്നാലിത്, ഇത് കാട്ടുമുയലുകളിൽനിന്ന് വളർത്തുമുയലുകളിലേയ്ക്ക് വ്യാപിച്ചതാണ് . പക്ഷേ, എങ്ങനെ, എവിടെ നിന്ന് എന്നത് ഇപ്പോഴും വ്യക്തമല്ല.
മാംസം വഴിയോ, ആഭ്യന്തര മുയൽ വ്യാപാരം വഴിയോ ഈ രോഗം പടർന്നിരിക്കാമെന്നാണ് കരുതപ്പെടുന്നത്. ന്യൂ മെക്സിക്കോയും ടെക്സാസുമായി അതിർത്തി പങ്കിടുന്ന വടക്കൻ മെക്സിക്കോയിലേക്കും ഇത് വ്യാപിച്ചിരിക്കാം എന്ന് കരുതപ്പെടുന്നു.
അസുഖം പുതിയതായതിനാൽ, ഇതിന്റെ പകർച്ചാനിരക്ക് കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല. രോഗം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിൽക്കുമോ അതോ യുഎസ്സിലുടനീളം വ്യാപകമായ നാശമുണ്ടാക്കുമോ എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർക്ക് ഇപ്പോഴും അറിയില്ല. എന്നാൽ, ഇത് മനുഷ്യരെ ബാധിക്കില്ല എന്ന ആശ്വാസത്തിലാണ് ഇപ്പോൾ ഉള്ളത്
എന്നിരുന്നാലും, ഇത് പ്രകൃതിക്ക് ഒരു ഭീഷണി തന്നെയാണ്. കാലിഫോർണിയയിലെ നിരവധി വർഗ്ഗങ്ങൾ വംശനാശഭീഷണി നേരിടുന്നവയോ അപകടസാധ്യതയെ അഭിമുഖീകരിക്കുന്നവയോ ആണ്. മാരകമായ ഈ രോഗം മുയലുകളെ കൂട്ടത്തോടെ കൊന്നൊടുക്കും . മുയലുകളുടെ എണ്ണം കുറയുമ്പോൾ, അവയെ ഭക്ഷിക്കുന്ന മറ്റ് ജീവികളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു
https://www.facebook.com/Malayalivartha