വിശ്രമമില്ലാതെ ഈ ഗവേഷകര്‍... വാക്‌സിന്‍ ഉണ്ടാക്കുന്നത് അമ്മ.. പരീക്ഷിക്കുന്നത് നൊന്തുപെറ്റ മക്കളില്‍.. അതി കഠിനം ഈ അവസ്ഥ

കോവിഡിന് ഏറ്റവും ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുക.അതാണ് ഇപ്പോള്‍ ലോകരാജ്യങ്ങളുടെ ശ്രമം. കോവിഡിനു ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിന്‍ കണ്ടെത്താന്‍ ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരും രാപ്പകല്‍ അധ്വാനിക്കുകയാണിപ്പോള്‍. യുകെ ആസ്ഥാനമായുള്ള മരുന്നു നിര്‍മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്ന് അവര്‍ വികസിപ്പിക്കുന്ന സാധ്യതാ വാക്‌സിന്‍ ആദ്യ 2 കടമ്പകള്‍ കടന്നു ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമെത്തി നില്‍ക്കുന്നു. പ്രഫ. സാറ ഗില്‍ബര്‍ട്, പ്രഫ. ആന്‍ഡ്രൂ പൊളര്‍ഡ്, പ്രഫ. തെരേസ ലാംബ്, ഡോ. സാന്‍ഡി ഡഗ്ലസ്, പ്രഫ. എഡ്രിയന്‍ ഹില്‍ എന്നിവരുടെ നേതൃത്വത്തിലാണ് 'എസെഡ്ഡി 1222' വാക്‌സിന്‍ ഒരുങ്ങുന്നത്.എന്നാല്‍ ഈ വാക്‌സിന്‍ നിര്‍മാണത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരമ്മ തന്റെ സ്വന്തം മക്കളില്‍ തന്നെയാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത് എന്നതാണ് അത്.
പ്രഫ. സാറ ഗില്‍ബര്‍ട് വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ ഏറെ പരിചയസമ്പന്നയാണ്. എബോള മഹാമാരിയുടെ കാലത്തും നിര്‍ണായക ഗവേഷണങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു. സാറയുടെ 3 മക്കളും കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ പങ്കാളികളാണ്. ഒറ്റപ്രസവത്തില്‍ പിറന്ന 21 വയസ്സുള്ള 3 പേരും ബയോകെമിസ്ട്രി വിദ്യാര്‍ഥികള്‍. അമ്മ ഉണ്ടാക്കുന്ന വാക്‌സിന്‍; മക്കളില്‍ പരീക്ഷണം. മരുന്നു സുരക്ഷിതമാണോയെന്നാണു പ്രധാനമായി പരിശോധിക്കുന്നത്. കുത്തിവയ്‌പെടുത്ത സാറയുടെ മക്കള്‍ക്ക് ഇതുവരെ കുഴപ്പമൊന്നുമില്ല.
പാരസെറ്റമോള്‍ കഴിച്ചാല്‍ തീരുന്ന പാര്‍ശ്വഫലങ്ങളേയുള്ളൂ എന്ന ഗുണം ഈ വാക്‌സിനുള്ളതു ശുഭപ്രതീക്ഷയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രഫ. സാറയുടെ വീട്ടിലെന്നപോലെ, പരീക്ഷണാര്‍ഥം വാക്‌സിന്‍ നല്‍കിയവരിലാര്‍ക്കും അപ്രതീക്ഷിത പാര്‍ശ്വഫലങ്ങള്‍ കണ്ടില്ല. വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്ക് വേഗവും ഊര്‍ജവും പകര്‍ന്ന് 8.4 കോടി പൗണ്ടാണ് (ഏകദേശം 798 കോടി രൂപ) ബ്രിട്ടിഷ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
യുകെയില്‍ മാത്രമല്ല, ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നു. കൊറോണ വൈറസുമായി സമ്പര്‍ക്കമുണ്ടാകുന്ന ഒരാള്‍ക്കു കോവിഡ് വരാതെ സംരക്ഷിക്കുന്നതില്‍ ഓക്‌സ്ഫഡ് വാക്‌സിനുള്ള ഫലസാധ്യത 80% വരെ ആണെന്നാണു പ്രഫ. സാറ ഗില്‍ബര്‍ട് ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
അസ്ട്രാസെനകയുമായി ചേര്‍ന്നാണ് ഓക്‌സ്ഫഡ് കോവിഡ് വാക്‌സിന്‍ ഗവേഷണം നടത്തുന്നത്. മൃഗങ്ങളിലെ പരീക്ഷണം വിജയകരമായതിനു പിന്നാലെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു. ആദ്യ 2 ഘട്ടങ്ങള്‍ വിജയകരമായെന്നു വ്യക്തമാക്കി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചു. 1077 പേര്‍ക്കാണ് സാധ്യതാ വാക്‌സിന്‍ നല്‍കിയത്. ഇവരില്‍ 90% പേരിലും വൈറസിനെതിരെ ആന്റിബോഡികളും ടി കോശങ്ങളും രൂപപ്പെട്ടു. ഗുരുതര പാര്‍ശ്വഫലങ്ങളുമില്ല.
ഈ വര്‍ഷം തന്നെ വാക്‌സിന്‍ ലഭിച്ചേക്കാമെങ്കിലും എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. ദീര്‍ഘനാള്‍ പ്രതിരോധശേഷി ലഭിച്ചില്ലെങ്കില്‍ കാര്യമില്ലെന്നതാണു പ്രശ്‌നം.
"
https://www.facebook.com/Malayalivartha



























