ഇന്ത്യക്കാരി ഉള്‍പ്പെടെ അഞ്ച് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കി യുഎസ്, വലതുകൈ ഉയര്‍ത്തി, ഇടതുകയ്യില്‍ യുഎസ് പതാക പിടിച്ച് സത്യപ്രതിജ്ഞ
വൈറ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ അഞ്ച് കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വം നല്കി. യുഎസ് പൗരന്മാരായി സത്യപ്രതിജ്ഞ ചെയ്ത ഇവരെ, ഗംഭീരമായ രാഷ്ട്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ചടങ്ങില്‍ പങ്കെടുത്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കുടിയേറ്റം പ്രധാന ചര്‍ച്ചാവിഷയമായ യുഎസില്‍ ചൊവ്വാഴ്ച റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ ഈ ചടങ്ങിന്റെ വിഡിയോ ട്രംപ് കാണിക്കുകയും ചെയ്തു.
ഇന്ത്യയില്‍ നിന്നുള്ള സോഫ്റ്റ്വെയര് ഡവലപ്പര്‍ സുധ സുന്ദരി നാരായണന് ഉള്‍പ്പെടെയുള്ളവര്‍ വലതുകൈ ഉയര്‍ത്തി, ഇടതുകയ്യില്‍ യുഎസ് പതാക പിടിച്ച്, യുഎസ് സെക്രട്ടറി ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ചാഡ് വുള്‍ഫ് മുമ്പാകെയാണു സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യ, ബൊളീവിയ, ലബനന്, സുഡാന്, ഘാന എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് പൗരത്വം നല്‍കിയത്.
പവിഴ പിങ്ക് നിറമുള്ള സാരി ധരിച്ചെത്തിയ സുധയ്ക്കു ട്രംപ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറി. ഇന്ത്യയില്‍ ജനിച്ച സുധ 13 വര്‍ഷം മുമ്പാണ് അമേരിക്കയില്‍ എത്തിയത്. 'ഇവരുടേത് അദ്ഭുതകരമായ വിജയമാണ്. സുധ കഴിവുള്ള സോഫ്റ്റ്വെയര് ഡവലപ്പറണ്. അഭിനന്ദനങ്ങള്‍. നിങ്ങളെ മഹത്തായ അമേരിക്കന്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ രാജ്യം സന്തോഷിക്കുന്നു. ഭൂമിയിലെ ഏറ്റവും ഗംഭീരമായ രാജ്യത്തിന്റെ സഹ പൗരന്മാരാണ് നിങ്ങള്‍' - ട്രംപ് പറഞ്ഞു.
https://www.facebook.com/Malayalivartha