മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം

നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ നാളെ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉച്ചയ്ക്ക് രണ്ടുമണിയോടെ മനിലയിലെത്തുമെന്നാണ് വിവരം. വൈകിട്ട് നാലുമണിക്കാണ് ക്വാഡ് ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ കൂടിക്കാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ഇരുനേതാക്കളും ഹ്രസ്വമായി സംസാരിക്കുമെന്നാണ് സൂചന. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറായിരിക്കും പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങളും അമേരിക്കയുടെ താരിഫ് നയവും ചർച്ചയിൽ പ്രതിഫലിച്ചേക്കാം.
ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ നാല് രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ക്വാഡ് കൂട്ടായ്മ. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ, സമുദ്രസുരക്ഷ, സാമ്പത്തിക സഹകരണം, ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം തുടങ്ങിയ വിഷയങ്ങളാണ് കൂട്ടായ്മയുടെ പ്രധാന പരിഗണനകൾ.
കഴിഞ്ഞ വർഷം ക്വാഡ് ഉച്ചകോടി നടക്കാതിരുന്നതിനാൽ ഇത്തവണത്തെ യോഗത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ചൈന സന്ദർശനത്തിന് മുന്നോടിയായാണ് ട്രംപ് മനിലയിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. മോദി–ട്രംപ് കൂടിക്കാഴ്ച യാഥാർഥ്യമായാൽ ഇന്ത്യ–അമേരിക്ക ബന്ധത്തിലെ നിർണായക വിഷയങ്ങൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. കൂടിക്കാഴ്ചയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായാണ് ഇനി കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























