ബ്രിട്ടീഷുകാരി സോയിനാഷ്; ഭൂകമ്പത്തിനും സുനാമിക്കും തൊടാനാകാതെപോയ ജീവന്‍

ആയുസ്സിന്റെ ബലം ഒന്നുമാത്രം അതാണ് നാഷിനെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. രണ്ടുതവണ പ്രകൃതി സംഹാരതാണ്ഡവമാടിയിട്ടും തൊടാനാകാതെ പോയ ഒരു ജീവനുണ്ട് ബ്രിട്ടീഷുകാരി സോയി നാഷിന്റേത്. ഏഷ്യയെ ഞെട്ടിച്ച സുനാമിയിലും ഭൂകമ്പത്തിലും പെട്ടിട്ടും 30 കാരിയായ നാഷിനെ വിധി ജീവിതത്തിലേക്ക് തന്നെ ഉപേക്ഷിച്ചു. പത്തു വര്‍ഷം മുമ്പ് സുനാമി തിരമാലകള്‍ ആയിരങ്ങളെ നക്കിയെടുത്തപ്പോള്‍ തായ് തീരത്തുണ്ടായിരുന്ന സോയി നാഷ് കഴിഞ്ഞ ദിവസം ഭുകമ്പം ആയിരങ്ങളുടെ ജീവന്‍ തച്ചുടച്ചപ്പോള്‍ നേപ്പാളിലുമുണ്ടായിരുന്നു.
രണ്ടു ദുരന്തങ്ങളും നേരില്‍ കാണേണ്ടി വന്നതിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്നതിനാല്‍ സ്വന്തം വിധിയെ നാഷിന് ഒരിക്കലും ഭാഗ്യമെന്ന് വിളിക്കാനാകുന്നില്ല. ശനിയാഴ്ച ഹിമാലയന്‍ രാജ്യത്തെ ഭൂകമ്പം തകര്‍ത്തുമറിക്കുമ്പോള്‍ കാഠ്മണ്ഡു താഴ്‌വാരത്തെ ഭക്താപൂരിലായിരുന്നു നാഷ്. ഇവിടെമാത്രം ചരിത്രാതീത കെട്ടിടങ്ങള്‍ വീണ് 200 ജീവനുകളാണ് പൊലിഞ്ഞത്. നേപ്പാള്‍ ഭൂകമ്പത്തില്‍ വിറയ്ക്കുമ്പോള്‍ ഒരു ബസ് യാത്രയിലായിരുന്നു നാഷ്. ജനങ്ങള്‍ ഭീതിയില്‍ അലറി വിളിക്കുന്നുണ്ടായിരുന്നു. എല്ലാം കുലുങ്ങുന്നു. കെട്ടിടങ്ങള്‍ ചലിക്കുന്നു. എങ്ങും പൊടിപടലങ്ങള്‍ ഉയര്‍ന്നു പൊങ്ങി. എല്ലാവരും വിറച്ചു. കുടുംബങ്ങള്‍ കെട്ടിപ്പിടിച്ചു. കാഴ്ചകള്‍ നാഷിനെ ഇപ്പോഴും ഞെട്ടിക്കുകയാണ്.
അക്യൂപഞ്ചര്‍ ചികിത്സയില്‍ പരിജ്ഞാനം നേടിയിട്ടുള്ള നാഷ് ഒരു ആരോഗ്യപദ്ധതിയുടെ ഭാഗമായി ഏപ്രിലിലാണ് കാഠ്മണ്ഡുവില്‍ എത്തിയത്. 40 മൈല്‍ അകലെ ഭക്തപൂരില്‍ ഒരു സാധാരണ കുടുംബത്തിനൊപ്പമാണ് താമസം. ഭക്തപൂരില്‍ എല്ലാം തകര്‍ന്നിരുന്നു. പരിചിതര്‍ മന്ദഹസിച്ചെങ്കിലും അവരുടെ കണ്ണുകളില്‍ ഇതുവരെയുള്ള പ്രയത്‌നങ്ങള്‍ തകര്‍ന്നതിന്റെ ദു:ഖവും സങ്കടവും തളംകെട്ടിയിരുന്നു. രണ്ടു ദിവസം നാഷിന് ഉപേക്ഷിക്കപ്പെട്ട ബസിലും തെരുവിലും കിടന്നുറങ്ങേണ്ടി വന്നു.
ദരിദ്രരായ നേപ്പാള്‍ ജനതയ്ക്ക് മേല്‍ ക്രൂരത വിതച്ച ഭൂകമ്പത്തിന്റെ യഥാര്‍ത്ഥ്യ ദൃശ്യങ്ങള്‍ ലോകത്തിന് മുന്നില്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസവുമായി കഴിഞ്ഞ ദിവസമാണ് നാഷ് ബ്രിട്ടീഷ് സംഘത്തോടൊപ്പം ഡല്‍ഹിയില്‍ നിന്നും മടങ്ങിയത്. 2004 ല്‍ സുനാമി ഏഷ്യന്‍ തീരങ്ങളെ നക്കിത്തുടയ്ക്കുന്നതിനും സാക്ഷിയായ ജന്മമാണ് നാഷിന്റേത്. കൂറ്റന്‍ തിരമാലകള്‍ ചീറിയടുക്കുമ്പോള്‍ തായ്‌ലന്റ് തീരത്തും നാഷ് ഉണ്ടായിരുന്നു. തിരമാലകള്‍ നാഷിനേയും കൊണ്ടുപോയെങ്കിലും വിധി അനുകൂലമായിരുന്നു. അസാധാരണ ധൈര്യത്തോടെ ഇവര്‍ കടലില്‍ നിന്നും ജീവിതത്തിന്റെ തീരത്തേക്ക് കയറിവരികയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























