പാലസ്തീനിലെ ഗാസയ്ക്കുനേരെ ഇസ്രയേലിന്റെ ബോംബാക്രമണം, സമാധാന കരാറില്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് ഇസ്രയേലിനു നേരെ റോക്കറ്റാക്രമണം നടത്തിയിരുന്നു

യു.എസിന്റെ മധ്യസ്ഥതയില്‍ ചൊവ്വാഴ്ച യു.എ.ഇ, ബഹ്റൈന്‍ എന്നിവയുമായി സമാധാന കരാര്‍ ഒപ്പിട്ടതിനു പിന്നാലെ പാലസ്തീനിലെ ഗാസയ്ക്കുനേരെ ഇസ്രയേലിന്റെ ബോംബാക്രമണം.
സമാധാന കരാറില്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ചു ഗാസയില്‍നിന്നു ഇസ്രയേലിനു നേരെ പാലസ്തീന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ റോക്കറ്റാക്രമണം നടത്തിയതായിരുന്നു പ്രകോപനം. ഗാസയില്‍നിന്നു രണ്ട് റോക്കറ്റുകളാണ് ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചത്. ഇവയില്‍ ഒരെണ്ണം ഇസ്രയേല്‍ തടഞ്ഞു. രണ്ടാമത്തെ റോക്കറ്റ് അഷ്ദോദ് നഗരത്തിലാണു പതിച്ചത്. രണ്ടുപേര്‍ക്കു പരുക്കേറ്റു.
ഇസ്രയേല്‍ വിമാനങ്ങള്‍ ബേത്ത് ലഹിയ, ദേര്‍ അല്‍ ബല, ദക്ഷിണ ഗാസ എന്നിവടങ്ങളിലാണ് ആക്രമണം നടത്തിയത്. ആകെ 10 വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് ഇസ്രയേല്‍ അറിയിച്ചു.
ഇസ്രയേലി പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു, യു.എ.ഇ. വിദേശകാര്യമന്ത്രി ഷൈഖ് അബ്ദുള്ള ബിന്‍ സയീദ് അല്‍ നഹ്യാന്‍, ബഹ്റൈന്‍ വിദേശകാര്യമന്ത്രി അബ്ദുലത്തിഫ് അല്‍ സയാനി എന്നിവര്‍ ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ വച്ചാണ് കരാറിലൊപ്പിട്ടത്. മധ്യേഷ്യയിലെ ജനങ്ങള്‍ ഇനി വിദ്വേഷത്തിനും തീവ്രവാദത്തിനും വഴിപ്പെടില്ലെന്ന് ചടങ്ങില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കരാറില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഭാഗമാകുമെന്ന് നെതന്യാഹു പറഞ്ഞു.
https://www.facebook.com/Malayalivartha



























