ആകാശത്തിലൂടെ പാഞ്ഞു പോകുന്ന പ്രകാശ ഗോളം; പച്ചയും മഞ്ഞയും കലർന്ന നിറം ; രാത്രിയിൽ ആ ആകാശ കാഴ്ച കണ്ടവർ അമ്പരന്നു; ഭൂമിയിൽ ജീവനുണ്ടായതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരവുമായി ഗവേഷകർ

ആകാശത്തിലൂടെ പാഞ്ഞു പോകുന്ന ഒരു പ്രകാശ ഗോളം... പച്ചയും മഞ്ഞയും കലർന്ന നിറം ... രാത്രിയിൽ ആ ആകാശ കാഴ്ച കണ്ട് ശ്രീലങ്കക്കാർ അമ്പരന്നു .... തലയ്ക്കു മുകളിലൂടെ പാഞ്ഞ് ദൂരെ ചെന്നു പതിച്ച ആ പ്രകാശ ഗോളത്തിലേക്ക് ജനം ഓടി അടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.... ശ്രീലങ്കയിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ പൊലൊന്നറുവയിലെ നെൽപ്പാടങ്ങള്‍ നിറഞ്ഞ ഒരു പ്രദേശത്തിനു സമീപമായിരുന്നു ആ ഗോളം വന്നു പതിച്ചത്. 2012 ഡിസംബർ ഒൻപതിനായിരുന്നു ഈ സംഭവം നടന്നത് . ആ പ്രകാശ ഗോളം സഞ്ചരിച്ചതിനേക്കാൾ വേഗത്തിൽ വാർത്ത ലോകം മുഴുവൻ പരക്കുകയും ചെയ്തു . അതുണ്ടാക്കിയ അലയൊലികൾ ഇന്നും ബാക്കി നിൽക്കുകയാണ്. ഭൂമിയിൽ ജീവനുണ്ടായതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരവുമായാണ് ഗവേഷകർ രംഗത്ത് വന്നത്. ആ ഉൽക്കാശില ശ്രീലങ്കയിൽ പതിച്ചതെന്നാണ് ഒരു വിഭാഗം ഗവേഷകർ വ്യക്തമാക്കുകയും ചെയ്യും . എന്നാൽ അത് ഉൽക്കയായിരുന്നില്ലെന്നും മറ്റെന്തോ വസ്തുവായിരുന്നെന്നുമാണ് മറുഭാഗം ഇപ്പോൾ ഉയർത്തുന്ന വാദം. സത്യത്തിൽ എന്തായിരുന്നു പൊലൊന്നറവുയിൽ വന്നു വീണത് എന്ന ചോദ്യവും ഉയർന്നിരുന്നു, അതിന്റെ ഉത്തരമേ ഇതാണ്
സൂര്യനു ചുറ്റും കറങ്ങുന്ന ഛിന്നഗ്രഹങ്ങൾ കൂട്ടിയിടിച്ചു പൊട്ടിച്ചിതറിയുണ്ടാകുന്ന കഷ്ണങ്ങളാണ് ഭൂമിയിൽ ഉൽക്കകളായി പതിക്കുന്നത്. ഇവയിലൂടെയാണ് ഭൂമിയിൽ ജലവും പിന്നീട് ജീവനും ഉണ്ടായതെന്ന പ്രബലമായ വാദവും നിലവിലുണ്ട്. ഭൂമിയിലേക്കു പതിച്ച ഉൽക്കകളിലുണ്ടായിരുന്ന അതിസൂക്ഷ്മ ജീവികളാണ് 380 കോടി വർഷം മുൻപ് ഇവിടെ ജീവന്റെ വിത്തുവിതച്ചതെന്നു കരുതുന്നവരുമുണ്ട്. പാൻസ്പേമിയ എന്നാണ് ആ സിദ്ധാന്തത്തിന്റെ പേര്. എന്നാൽ വലിയൊരു വിഭാഗം ശാസ്ത്രജ്‍ഞരും ഇത് മുഖവിലയ്ക്കെടുത്തിരുന്നില്ല. ശ്രീലങ്കയിൽ പതിച്ച ഉൽക്കയിൽ സൂക്ഷ്മ ജീവികളുടെ ഫോസിൽ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പക്ഷേ സ്ഥിതി ആകെ മാറുകയും ചെയ്തു.
ഡയാറ്റം എന്നറിയപ്പെടുന്ന ഏകകോശ ആൽഗെകളുടെ സാന്നിധ്യമാണ് ഉൽക്കയിൽ കണ്ടെത്തിയത്. സുതാര്യമായ സിലിക്ക കൊണ്ടാണ് ഇവയുടെ ശരീരം നിർമിച്ചിരിക്കുന്നത്. ചില്ലു പോലുള്ള ശരീരവുമായി പല ആകൃതികളിലുണ്ട് ഈ ആൽഗെകൾ. കടലിലും ജലാശയങ്ങളിലും മണ്ണിലുമെല്ലാം ഇവയെ സുലഭമായി കാണാനും സാധിക്കും . അതാണ് ഗവേഷകരെ കുഴക്കിയത്. നെൽപ്പാടങ്ങൾ നിറഞ്ഞ ഒരു പ്രദേശത്തായിരുന്നു ഉൽക്ക വീണത് ! അവിടെ ഡയാറ്റമിന്റെ സാന്നിധ്യം വന്‍ തോതിലുണ്ടായിരുന്നു. മാത്രവുമല്ല, ഇവയുടെ ജനിതക ഘടനയും ഗവേഷകർ പരിശോധിക്കുകയും ചെയ്തു . ഭൂമിയിൽ ഡയാറ്റം എന്നാണോ ഉണ്ടായത് അത്രതന്നെ പഴക്കമായിരുന്നു ഇവയിലും കണ്ടെത്തിയത്. അതായത്, ഇവ ഭൂമിക്കു പുറത്തുനിന്നു വരാനുള്ള സാധ്യത കുറവാണ്. 5.5 കോടി വർഷം മുൻപ് ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്നവയാണ് ഈ ഡയാറ്റങ്ങളെന്നും പാൻസ്പേമിയ സിദ്ധാന്തത്തെ വിമർശിക്കുന്നവര്‍ പറയുന്നു. മാത്രവുമല്ല, വന്നുവീണത് ഉൽക്കയാണെന്നും സ്ഥിരീകരിക്കാനായിട്ടില്ല. മീറ്റിയോറിറ്റിക്കൽ സൊസൈറ്റിയിൽ ആ ഉൽക്കാപതനത്തെപ്പറ്റിയുള്ള വിവരം പ്രസിദ്ധീകരിക്കാതിരുന്നതാണ് ഗവേഷകരെ സംശയാലുക്കളാക്കിയത്.
എന്നാൽ ശ്രീലങ്ക സ്വദേശിയും ബക്കിങ്ങാം സെന്റർ ഫോർ ആസ്ട്രോബയോളജി തലവനുമായ ചന്ദ്ര വിക്രമസിംഗെ വിട്ടുകൊടുത്തില്ല. പാൻസ്പേമിയ സിദ്ധാന്തം ശരിയാണെന്നു തെളിയിക്കാൻ ഇന്നും രംഗത്തുള്ളവരിൽ മുൻനിരയിലായിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ജനുവരിയിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ പഠനത്തിൽ, ആദ്യഘട്ടത്തിൽ പൊലീസ് ശേഖരിച്ച ഉൽക്ക സാംപിളുകളാണു പരിശോധിച്ചത്. കൊളംബോയിലെ മെഡിക്കല്‍ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദ് മിനിസ്ട്രി ഓഫ് ഹെൽത്ത് ആയിരുന്നു ഇവ സൂക്ഷ്മവിശകലനം ചെയ്തത്. അതിൽപക്ഷേ കാര്യമായൊന്നും കണ്ടില്ല.
പിന്നീട് പ്രദേശത്തുനിന്ന് 628 സാംപിളുകൾ ശേഖരിച്ചു. അതിൽ ഉൽക്കയുടെ ഭാഗമാണെന്നു പറയാവുന്ന മൂന്നെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചന്ദ്രയുടെ നേതൃത്വത്തിൽ യുഎസ്, ബ്രിട്ടൻ എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകരും ഈ സാംപിളുകൾ പരിശോധിച്ചു. കാഡിഫ് സർവകലാശാലയിലെ അതിശക്തമായ ഇലക്ട്രോൺ മൈക്രോസ്കോപ് പരിശോധനയിലാണ് ഡയാറ്റത്തിന്റെ ഫോസിൽ ഘടകങ്ങൾ തിരിച്ചറിഞ്ഞത്. ഉൽക്കാശിലയുടെ ഏറ്റവും ഉൾഭാഗത്തായിരുന്നു ഇവയുടെ സ്ഥാനം. അതിനർഥം ഇവ നെൽവയലില്‍നിന്ന് പറ്റിപ്പിടിച്ചതല്ല എന്നാണെന്നും ചന്ദ്രയും സംഘവും വാദിക്കുന്നു. ഇരുവിഭാഗത്തിന്റെയും പഠനം ജേണല്‍ ഓഫ് കോസ്മോളജിയിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിന്മേലുള്ള ചർച്ചകൾക്കു മാത്രം ഇന്നും അവസാനമായിട്ടില്ല. ഇത്തരത്തിൽ പ്രതിഭാസങ്ങൾ ഭൂമിയിൽ ഇനിയും വർധിക്കും എന്ന കാര്യത്തിൽ സംശയമില്ല . അങ്ങനെ ഉത്തരം കിട്ടാത്ത എത്രയോ ചോദ്യങ്ങൾ ഉണ്ട് .
https://www.facebook.com/Malayalivartha



























