നിരവധി പേരുടെ ജീവന് അപഹരിച്ച ബ്ലൂ വെയില് ഗെയിമിന് സമാനമായ ഗെയിം കളിച്ച് ഇറ്റലിയില്‍ 11-കാരന് ജീവനൊടുക്കി
ഇറ്റലിയിലെ നേപ്പിള്‍സില്‍ പതിനൊന്നുകാരന് ആത്മഹത്യ ചെയ്തു. ഒരു വര്‍ഷം മുന്‍പു ലോകത്തെ ആകെ ഭീതിയിലാഴ്ത്തി നിരവധി പേരുടെ ജീവന് അപഹരിച്ച ബ്ലൂ വെയില് ഗെയിമിന് സമാനമായ ഗെയിമിന്റെ ഭാഗമായാണ് ആത്മഹത്യ എന്നാണ് നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കെട്ടിടത്തിന്റെ പത്താം നിലയിലെ ജനലില്‍നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്.
'അച്ഛനെയും അമ്മയേയും ഞാന്‍ സ്നേഹിക്കുന്നു. തൊപ്പി അണിഞ്ഞ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം. എനിക്ക് അധികം സമയമില്ല. എന്നോട് ക്ഷമിക്കണം' എന്ന് മാതാപിതാക്കള്‍ക്കായി അവസാന സന്ദേശം എഴുതിവച്ചതിന് ശേഷമാണ് കുട്ടി ജീവനൊടുക്കിയത്.
ഓണ്‍ലൈനില്‍ കുട്ടികളെ കൊണ്ട് ഭീകരവും അപകടകരവുമായ പ്രവര്‍ത്തികള്‍ ചെയ്യിക്കുന്ന മനുഷ്യന്റെയും നായയുടെയും സമ്മിശ്ര മുഖമുള്ള കഥാപാത്രമാണ് ഗലിന്‍ഡോ. ഈ ഗെയിം കുട്ടികളെ ആത്മഹത്യയിലേക്കു വരെ നയിക്കുന്നു. വെല്ലുവിളികളുമായി എത്തുന്ന ഈ സാങ്കല്‍പ്പിക കഥാപാത്രം ജോന്നാഥന്‍ ഗലിന്‍ഡോയെയാണോ കുട്ടി ഉദ്ദേശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
ഗെയിം ആരംഭിക്കുന്നതിനായി ആദ്യം ഉപഭോക്താവിന്റെ സമൂഹമാധ്യമത്തില്‍ ഗലിന്‍ഡോയെ ചേര്‍ക്കുകയാണ് ചെയ്യുന്നത്. അര്‍ധരാത്രി എഴുന്നേറ്റ് പ്രേത സിനിമകള്‍ കാണുക എന്നീ ടാസ്കുകളിലൂടെയാണ് ഗെയിം പുരോഗമിക്കുന്നത്. എന്നാല്‍ പിന്നീട് കളിക്കാരെ സ്വയം മുറിവേല്‍പ്പിക്കാന്‍ ഉള്‍പ്പെടെ ഗലിന്‍ഡോ പ്രേരിപ്പിക്കുന്നതിലൂടെ ഗെയിം വേറൊരു തലത്തിലേക്ക് മാറും. ഗെയിം കളിക്കുന്നയാള്‍ സ്വയം മരണംവരിക്കുക എന്നതാണ് അവസാന ചാലഞ്ച്.
https://www.facebook.com/Malayalivartha