കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നതാണെന്ന് സ്ഥിരീകരിച്ചു

കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370 തകര്‍ന്നതാണെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്ത വിമാന ഭാഗങ്ങള്‍ കാണാതായ എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചു.
വിമാന അവശിഷ്ടം മലേഷ്യന്‍ വിമാനത്തിന്റേതാണെന്ന് ഫ്രാന്‍സില്‍ നടത്തിയ പരിശോധനയില്‍ വിദഗ്ദ്ധര്‍ അന്തിമ നിര്‍ണ്ണയത്തില്‍ എത്തിയെന്നാണ് നജീബ് റസാഖ് പറഞ്ഞത്. എന്നാല്‍, ഇതുസംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഫ്രഞ്ച് ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍ മാക്കോവിയാക് നല്‍കിയ വിശദീകരണം നജീബ് റസാഖിന്റെ പ്രസ്താവനയ്ക്ക് പരസ്പര വിരുദ്ധമായിരുന്നു. വിമാനത്തിന്റെ ഭാഗങ്ങള്‍, കാണാതായ എംഎച്ച് 370 വിമാനത്തിന്റേതാകാമെന്ന ശക്തമായ അനുമാനത്തില്‍ ഫ്രഞ്ച് വിദഗ്ദ്ധര്‍ എത്തിയിട്ടുണ്ടെന്നായിരുന്നു മാക്കോവിയാകിന്റെ വിശദീകരണം.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ദ്വീപായ റിയൂണിയനില്‍ നിന്ന് ജൂലൈ 29ന് അമേരിക്കന്‍ സംഘമാണ് വിമാന ഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ഭാഗങ്ങള്‍ ഫ്രാന്‍സിലേക്ക് അയയ്ക്കുകയായിരുന്നു. വിമാനം തകര്‍ന്നതാണെന്ന് മലേഷ്യ പ്രഖ്യാപിച്ചതിനു പിന്നാലെ യാത്രക്കാരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിക്കുകയുണ്ടായി. 2014 മാര്‍ച്ച് എട്ടിനാണ് ക്വാലാലമ്പൂരില്‍നിന്നു ബീജിംഗിലേക്കു 239 യാത്രക്കാരുമായി പറന്ന വിമാനം പാതിവഴിയില്‍ കാണാതായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha