യുഎഇയില്‍ നിന്നുള്ള 70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറാനില്‍ തടവിലായി

അജ്മാനില്‍നിന്ന് മല്‍സ്യബന്ധനത്തിന് പോയ എഴുപതോളം ഇന്ത്യക്കാരെ ഇറാന്‍ തടവിലാക്കി. അതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റം ആരോപിച്ചാണ് ഇവരെ ഇറാന്‍ തീരദേശ സേന കസ്റ്റഡിയില്‍ എടുത്തത്.
ജൂലൈ 21ന് അജ്മാനില്‍നിന്നു ആറു ബോട്ടുകളിലായി മീന്‍പിടിക്കാന്‍ പോയവരെ ഈ മാസം മൂന്നിനാണ് ഇറാന്‍ തീരദേശ സേന കസ്റ്റഡിയിലെടുത്തത്. പെനൊ, കില്‍ടന്‍, സിലുവൈ, കുമാര്‍, രാജ, ജാക്‌സണ്‍ എന്നിവരായിരുന്നു ബോട്ടിന്റെ ക്യാപ്റ്റന്മാര്‍. തടവിലായ മീന്‍പിടുത്തക്കാര്‍ ചെന്നൈയിലെ സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രറ്റേണിറ്റിയുടെ സഹായം തേടുകയായിരുന്നു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുകുടി ജില്ലയില്‍നിന്നുള്ളവരാണ് തടവിലാക്കപ്പെട്ടവര്‍. ഇവരുടെ ആറു ബോട്ടുകളും തീരദേശ സേനയുടെ കസ്റ്റഡിയിലാണ്.
മീന്‍പിടുത്തക്കാരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, തമിഴ്‌നാട് മുഖ്യമന്ത്രി എന്നിവര്‍ക്ക് സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രറ്റേണിറ്റി നിവേദനം നല്‍കിയതായി ജനറല്‍ സെക്രട്ടറി ഫാദര്‍ ചര്‍ച്ചില്‍ പറഞ്ഞു. മല്‍സ്യബന്ധനത്തിന് അനുകൂല സൗകര്യങ്ങള്‍ ഒരുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെടുക, തടവിലായ ഇന്ത്യക്കാരുടെ വിശദാംശങ്ങള്‍ ടെറ്ഹാനിലെ ഇന്ത്യന്‍ എംബസി വഴി ലഭ്യമാക്കുക, പ്രവാസി തമിഴരുടെ ക്ഷേമത്തിനായി കേരളത്തിലെ നോര്‍ക്ക പോലെ പ്രത്യേക വകുപ്പുണ്ടാക്കുക എന്നവയാണ് സംഘടന ഉന്നയിച്ച മറ്റു ആവശ്യങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha