കൊലയാളി റോബോട്ടുകള്‍ ഭീഷണിയാകുന്നു: ഹരിയാണയിലും റോബോട്ടിന്റെ ആക്രമണത്തില്‍ മനുഷ്യന്‍ കൊല്ലപ്പെട്ടു

റോബോട്ടുകള്‍ മനുഷ്യന്റെ അന്തകരാകുന്നു. ജര്‍മനിയിലെ കാര്‍നിര്‍മ്മാണ ഫാക്ടറിയില്‍ റോബോട്ടിന്റെ ആക്രമണത്തില്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവം അടുത്തകാലത്താണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ ഹരിയാണയില്‍നിന്നും സമാനമായ വാര്‍ത്ത. മനേസറിലെ ഇന്‍ഡസ്ട്രിയല്‍ മോഡല്‍ ടൗണ്‍ഷിപ്പിലുള്ള എസ്.കെ.എച്ച്. മെറ്റല്‍സ് എന്ന സ്ഥാപനത്തിലാണ് റോബോട്ടിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചത്. 24 വയസ്സുള്ള രാംജി ലാല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
റോബോട്ടിന് അരികിലേക്ക് ചേര്‍ന്ന് നിന്നുകൊണ്ട് ജോലിചെയ്യുന്നതിനിടെയാണ് സംഭവം. കൂര്‍ത്ത വെല്‍ഡിങ് സ്റ്റിക്കുകള്‍ റോബോട്ടില്‍നിന്ന് പുറത്തേയ്ക്ക് വരികയും യുവാവിന്റെ ദേഹത്ത് തുളഞ്ഞുകയറുകയുമായിരുന്നു. മറ്റു ജീവനക്കാര്‍ ഓടിയെത്തി യുവാവിനെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജര്‍മനിയിലെ കാര്‍നിര്‍മ്മാണ ഫാക്ടറിയിലെയും ഇവിടുത്തെയും ദുരന്തങ്ങള്‍ വിരല്‍ചൂണ്ടുന്നത് റോബോട്ടുകളുമായി ചേര്‍ന്ന് നിന്ന് ജോലി ചെയ്യുമ്പോഴുണ്ടാകുന്ന അപകടമാണ്. വിവേചനബുദ്ധിയില്ലാത്ത യന്ത്രങ്ങള്‍, അതില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രോഗ്രാമനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. റോബോട്ടിന്റെ അരികില്‍നിന്നുകൊണ്ട് വെല്‍ഡിങ്ങിനായി ഷീറ്റുകള്‍ എടുത്തുവെയ്ക്കുകയായിരുന്നു രാംജി. അപ്പോഴാണ് റോബോട്ട് അതില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രോഗ്രാം അനുസരിച്ച് വെല്‍ഡ് ചെയ്യാന്‍ തുടങ്ങിയത്. അത് രാംജിയുടെ അടിയവയറിലായിപ്പോയെന്ന് മാത്രം.
ഓട്ടോ സ്‌പെയര്‍പാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയില്‍ പ്രത്യേകതരം മെഷിനുകളും അതുപയോഗിക്കാനായി രൂപകല്‍പന ചെയ്ത റോബോട്ടുകളുമുണ്ട്. സംഭവം നടക്കുമ്പോള്‍ 63 ജീവനക്കാര്‍ ഇവിടെയുണ്ടായിരുന്നു. 39 റോബോട്ടുകളും പ്രവര്‍ത്തനക്ഷമമായിരുന്നു. അരികിലെത്തുന്ന മെറ്റല്‍ ഷീറ്റുകള്‍ വെല്‍ഡ് ചെയ്യാന്‍ വേണ്ടി സജ്ജീകരിച്ചിരുന്ന റോബോട്ടാണ് രാംജിയുടെ ജീവനെടുത്തത്.
കമ്പനി മാനേജ്‌മെന്റിനെതിരെയും രാംജിയെ ജോലിക്ക് നിയോഗിച്ച കരാറുകാരനെതിരെയും കേസ്സെടുത്തതായി പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha