ഡീസലില്‍ തെറ്റി വീണു... എട്ട് നിലയില്‍ പൊട്ടി! ഇമ്രാനെ പൂട്ടിയ ഫസ്ലുര്‍ റഹ്മാന്‍ ഖാന്‍ ആരാണ്?

ഇമ്രാന് ഖാന്റെ പരാജയം പൂര്‍ണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി കിട്ടിയതോടെ വലിയ പ്രതിസന്ധിയാണ്. അവിശ്വാസ പ്രമേയം തള്ളിയ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെയും പ്രസിഡന്റ് ആരിഫ് ആല്‍വിയുടെയും നടപടി പ്രഥമദൃഷ്ട്യാ ഭണഘടനാ വിരുദ്ധമെന്നാണ് സുപ്രീംകോടതി വിധിച്ചത്. പ്രതിപക്ഷത്തിന്റെ ഐക്യവും സ്വന്തം പാളയത്തിലെ പടയുമാണ് ഇമ്രാന് ഇപ്പോഴത്തെ അവസ്ഥ സമ്മാനിച്ചത്.
എന്നാല്‍ ഇതിനായി വര്‍ഷങ്ങളായി അശ്രാന്തം പണിയെടുത്ത ഒരു നേതാവ് പാകിസ്ഥാനിലുണ്ട്. ഇമ്രാന്‍ ഡീസല്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന ആ നേതാവ് ഫസ്ലുര്‍ റഹ്മാന്‍ ഖാനാണ്. പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് തലവനായ ഫസ്ലുര്‍ റഹ്മാനാണ് ഇമ്രാന്‍ ഖാന്റെ വിക്കറ്റെടുത്ത ബൗളര്‍ എന്ന് നിസംശയം പറയാം. 2018ല്‍ നടന്ന പാക് പൊതു തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനാവാത്ത നേതാവാണ് ഫസ്ലുര്‍ റഹ്മാന്‍.
എന്നിരുന്നാലും പാര്‍ലമെന്റിന് പുറത്ത് ഇമ്രാനെതിരെ പട നയിക്കാന്‍ ഈ നേതാവ് ഉണ്ടായിരുന്നു. ഇതിനായി രൂപീകരിച്ച പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ എന്ന സംയുക്ത പ്രതിപക്ഷ മുന്നണിയുടെ തലവനായിരുന്നു ഫസ്ലുര്‍ റഹ്മാന്‍. രണ്ട് മുന്‍നിര പ്രതിപക്ഷ കക്ഷികളായ പാകിസ്ഥാന്‍ മുസ്ലീം ലീഗ്നവാസ് , പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയെ ഇമ്രാനെതിരെ കൂട്ടിയിണക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സഖ്യത്തിന് കരുത്തായത്.
ഇമ്രാനെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളിയ ഡെപ്യൂട്ടി സ്പീക്കറുടെ നടപടി സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും അതിനാല്‍ ഇത് ഉടനടി പിന്‍വലിക്കണമെന്നുമാണ് ഫസ്ലുര്‍ റഹ്മാന്‍ പ്രതികരിച്ചത്. ഈ വാക്കുകളോട് സാമ്യമുള്ള പദങ്ങളാണ് ഇന്നലെ സുപ്രീം കോടതിയും ഇമ്രാന് പ്രഹരം നല്‍കാന്‍ ഉപയോഗിച്ചത്.
2018ലെ തിരഞ്ഞെടുപ്പില്‍ തോറ്റുവെങ്കിലും ഇമ്രാനെതിരെ നിരന്തരം ആക്രമണം നടത്തിയ നേതാവായിരുന്നു ഫസ്ലുര്‍ റഹ്മാന്‍ ഖാന്‍. 2019 അവസാനം അദ്ദേഹത്തിന്റെ സംഘടനയായ ജമിയത്ത് ഉലമ ഇ ഇസ്ലാംഫസ്ലൂര്‍ ഇമ്രാന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമാബാദ് ഉപരോധിച്ചു. തുടര്‍ന്നാണ് വന്‍ നീക്കങ്ങള്‍ നടന്നതും ഇമ്രാന്‍ പരാജയം ഏറ്റുവാങ്ങിയതും.
https://www.facebook.com/Malayalivartha
























