റഷ്യയോട് യുദ്ധം ചെയ്യുന്നത് വില്ലൻ ഡ്രാഗണെ തോൽപിച്ച യുക്രെയ്‌നിലെ ഒളിപ്പോരാളി! യഥാർത്ഥ യുദ്ധം ഇവർ തമ്മിൽ
കനത്ത ഏറ്റുമുട്ടൽ തുടരുന്ന കിഴക്കൻ തുറമുഖ നഗരമായ മരിയുപോളിൽ 1026 യുക്രെയ്ൻ മറീനുകൾ ആയുധം വച്ച് കീഴടങ്ങിയതായി റഷ്യൻ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ യുക്രെയ്ൻ ഇക്കാര്യം നിഷേധിച്ചു.ഡോൺബാസ് മേഖലയിലെ മരിയുപോൾ ഒരു മാസത്തിലേറെയായി റഷ്യൻ സൈന്യം വളഞ്ഞുവച്ചിരിക്കുകയാണ്.എന്നാൽ പൂർണ്ണമായും യുക്രൈൻ കീഴടക്കാൻ റഷ്യക്ക് കഴിയുന്നില്ല.ഇതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ചില വാർത്തകൾ ഇപ്പോൾ പുറത്തുവരികയാണ്.
അതായത് ഫെബ്രുവരിയിൽ യുക്രെയ്‌നെതിരെ റഷ്യ യുദ്ധം തുടങ്ങിയപ്പോൾ വമ്പൻ പടക്കോപ്പുകളുള്ള രാജ്യമായ റഷ്യയ്ക്കു മുൻപിൽ യുക്രെയ്ൻ സൈന്യം ഉടനടി നിലംപതിക്കുമെന്ന് ലോകം കരുതി. എന്നാൽ യുക്രെയ്ൻ സമാനതകളില്ലാത്ത ചെറുത്തുനിൽപ്പാണ് യുദ്ധത്തിൽ നടത്തിയതെന്ന് ഇപ്പോൾ യുദ്ധനിരീക്ഷകർ പറയുന്നു.
ഏപ്രിൽ പകുതിയായിട്ടും നിർണായകമായ മേൽക്കൈ യുദ്ധത്തിൽ നേടാൻ റഷ്യൻ സേനയ്ക്കു കഴിഞ്ഞിട്ടില്ല.എന്താകും യുക്രെയ്‌ന്റെ ഈ വമ്പൻ ചെറുത്തുനിൽപിന് യുക്രെയ്‌നെ പ്രാപ്തരാക്കുന്നത്. ജോർജിയ സ്‌റ്റേറ്റ് സർവകലാശാലയിലെ വിദ്യാർഥികളായ മിയ ബ്ലൂമിന്റെയും സോഫിയ മോസ്‌കെലെങ്കോയും ഇതിനെക്കുറിച്ച് ഒരു അന്വേഷണം നടത്തി. ശ്രദ്ധേയമായ ഒരു കാര്യമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. യുക്രെയ്‌ന്റെയും റഷ്യയുടെയും നാടോടിക്കഥകൾ തമ്മിലുള്ള വ്യത്യാസമാണിത്.
നാടോടിക്കഥകൾ ഒരു രാജ്യത്തെ കുട്ടികളുടെ മനസ്സിൽ നിർണായകസ്വാധീനം ചെലുത്തുമെന്നു മിയയും സോഫിയയും പറയുന്നു. യുക്രെയ്‌ന്റെ നാടോടിക്കഥകളിലെ പ്രധാന താരങ്ങൾ കോടിഗോറോഷ്‌കോ, കിറിലോ കൊഴുംയാക, ഇവാസ്‌ക് ടെലിസ്‌ക് തുടങ്ങിയവരാണ്. വളരെ പ്രതികൂലമായ സാഹചര്യങ്ങളോടു കഠിനാധ്വാനം ചെയ്തു വിജയിക്കുന്ന നായകരായാണ് ഇവർ അവതരിപ്പിക്കപ്പെടുന്നത്.
ഇതിൽ ഏറെ പ്രസിദ്ധമായ കഥാപാത്രമാണ് കോടിഗോറോഷ്‌കോ. പയർമണികളിൽ നിന്നു ജനിച്ച ഒരു ബാലനായാണ് കോടിഗോറോഷ്‌കോയുടെ കഥ തുടങ്ങുന്നത്. കോടിഗോറോഷ്‌കോയുടെ സഹോദരങ്ങളെ ഒരു ഡ്രാഗൺ തട്ടിക്കൊണ്ടുപോകും. ഇവരെ രക്ഷിക്കാനായി വെർണിഹോറ, വെർണിഡെബ്, ക്രുറ്റിവസ് എന്നീ യോദ്ധാക്കളുടെ സഹായത്തോടെ കോടിഗോറോഷ്‌കോ നടത്തുന്ന ശ്രമങ്ങളാണു കഥയുടെ ഇതിവൃത്തം. ഒടുവിൽ ഡ്രാഗണിനെ പരാജയപ്പെടുത്തി കോടിഗോറോഷ്‌കോ സഹോദരങ്ങളെ മോചിപ്പിക്കുന്നിടത്ത് കഥ അവസാനിക്കുന്നു.
എന്നാൽ ഇതുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യൻ നാടോടിക്കഥകൾ വേറൊരു ഫോർമുലയാണു മുന്നോട്ടുവയ്ക്കുന്നതെന്ന് മിയയും സോഫിയയും പറയുന്നു. റഷ്യയിലെ പ്രശസ്തമായ നാടോടിക്കഥയാണ് ഇവാൻ ഡുറാക്. വളരെ അലസനായ ഒരു കുട്ടിയായാണ് ഇവാൻ അവതരിപ്പിക്കപ്പെടുന്നത്. ഭാവിയിൽ പ്രതിസന്ധികൾ ഉടലെടുക്കുമ്പോൾ മാന്ത്രികശക്തിയുള്ള മീനുകളും കുതികകളും തവളകളുമൊക്കെ നായകർക്കു രക്ഷകരായി വരുന്നതായാണ് റഷ്യൻ നാടോടിക്കഥകൾ പറയുന്നത്.
പൈക്ക്‌സ് വിഷ്, പ്രിൻസസ് ഫ്രോഗ്, സിവ്ക ബുക തുടങ്ങിയ മറ്റ് പ്രശസ്ത റഷ്യൻ നാടോടിക്കഥകളിലും ഇതാണ് സ്ഥിതി. ചുരുക്കിപ്പറഞ്ഞാൽ സ്വന്തം കഠിനാധ്വാനം കൊണ്ടല്ല, മറിച്ച് മാന്ത്രികശക്തിയുള്ള ഇതര കഥാപാത്രങ്ങളുടെ സഹായം കൊണ്ടാണു റഷ്യൻ നാടോടിക്കഥകളിലെ നായകർ വിജയിക്കുന്നതെന്ന് സോഫിയയും മിയയും പറയുന്നു.ഈ നാടോടിക്കഥകൾ ഇരു രാജ്യങ്ങളിലെയും ജനതകളെ ചെറുപ്പം മുതൽ സ്വാധീനിച്ചിരിക്കാം എന്നു ഗവേഷകർ പറയുന്നു. ഇവയുടെ സ്വാധീനം കൊണ്ടാകാം യുക്രെയ്ൻ ജനത അടിയറവ് പറയാൻ തയാറാകാതെ റഷ്യയ്‌ക്കെതിരെ ചെറുത്തുനിൽപ് തുടരുന്നതെന്നാണു സോഫിയയുടെയും മിയയുടെയും അഭിപ്രായം.
റഷ്യൻ സേനയുടെ യുദ്ധക്കപ്പലുകളെ തന്ത്രപരമായി ആക്രമിക്കുന്നതിൽ വിജയിച്ചെന്ന് യുക്രെയ്ന്‍ സേന അവകാശപ്പെട്ടു. ശക്തമായ മിസൈലാക്രമണത്തിൽ റഷ്യൻ യുദ്ധക്കപ്പലിനു വൻ നാശനഷ്ടമുണ്ടായതായാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ടതും ശക്തവുമായ യുദ്ധക്കപ്പലുകളിൽ ഒന്നിന് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായും ഇത് യുക്രെയ്ൻ സേനയുടെ വൻ വിജയമായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രണ്ട് നെപ്ട്യൂൺ കപ്പൽ വേധ മിസൈലുകൾ റഷ്യയുടെ മുൻനിര സ്ലാവ ക്ലാസ് മോസ്‌കവ യുദ്ധക്കപ്പലിനെ ലക്ഷ്യമാക്കി തൊടുത്തതായി യുക്രെയ്ൻ വെളിപ്പെടുത്തി.
നെപ്ട്യൂൺ മിസൈലുകൾ ഉപയോഗിച്ച് റഷ്യ യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ട് ആക്രമിച്ചതായി ഒഡെസയുടെ റീജിയണൽ ഗവർണർ മാക്സിം മചെങ്കോയും സ്ഥിരീകരിച്ചു. എന്നാൽ, മിസൈൽ ക്രൂയിസറിലുണ്ടായ പൊട്ടിത്തെറിയെ തുടർന്നാണ് അപകടമുണ്ടായതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്റർഫാക്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മിസൈൽ ക്രൂയിസറിന് തീപിടിച്ചതിന്റെ ഫലമായാണ് കപ്പലിൽ പൊട്ടിത്തെറി ഉണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നു.
https://www.facebook.com/Malayalivartha
























