യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ തലസ്ഥാനമായ കീവ് അടക്കം നഗരങ്ങളില്‍ വീണ്ടും റഷ്യന്‍ സേനയുടെ വ്യാപകമായ വ്യോമാക്രമണം... റഷ്യന്‍ യുദ്ധക്കപ്പല്‍ തീപിടിച്ചു മുങ്ങിയതിനു പിന്നാലെയാണു യുക്രെയ്‌നിലാകെ മിസൈലാക്രമണം ശക്തമാക്കി, റഷ്യന്‍സേന ഉപരോധിച്ചിരിക്കുന്ന കിഴക്കന്‍ തുറമുഖ നഗരമായ മരിയുപോള്‍ തിരിച്ചുപിടിക്കാന്‍ രൂക്ഷമായ പോരാട്ടം തുടരുന്നു

യുക്രെയ്‌നിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ തലസ്ഥാനമായ കീവ് അടക്കം നഗരങ്ങളില്‍ റഷ്യന്‍ സേന വീണ്ടും വ്യാപകമായ വ്യോമാക്രമണം നടത്തി. പടിഞ്ഞാറന്‍ നഗരമായ ലീവിലും തെക്കന്‍ മേഖലയിലെ ഒഡേസയിലും റഷ്യന്‍ മിസൈലുകള്‍ വീഴ്ത്തിയെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. മിസൈല്‍ ആക്രമണം ശക്തമായതിനാല്‍ ജനങ്ങള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
കരിങ്കടല്‍ തീരത്തു റഷ്യന്‍ യുദ്ധക്കപ്പല്‍ തീപിടിച്ചു മുങ്ങിയതിനു പിന്നാലെയാണു യുക്രെയ്‌നിലാകെ മിസൈലാക്രമണം ശക്തമാക്കിയത്. വ്യാഴാഴ്ച യുക്രെയ്ന്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്നുവെന്നു പറയുന്ന യുദ്ധക്കപ്പലായ മോസ്‌ക്വ തീപിടിച്ചു മുങ്ങിയെന്നു റഷ്യ സ്ഥിരീകരിച്ചിരുന്നു.
കപ്പലിലെ വെടിക്കോപ്പുകള്‍ക്കു തീപിടിച്ചാണു മുങ്ങിയതെന്നാണു റഷ്യയുടെ വിശദീകരണം. യുക്രെയ്ന്‍ സേനയുടെ ആക്രമണത്തിലാണു കപ്പല്‍ മുങ്ങിയതെന്ന വാര്‍ത്ത റഷ്യയോ പാശ്ചാത്യശക്തികളോ സ്ഥിരീകരിച്ചിട്ടില്ല. 40 വര്‍ഷത്തിനിടെ യുദ്ധത്തില്‍ തകര്‍ന്നു മുങ്ങുന്ന ഏറ്റവും വലിയ കപ്പലാണു മോസ്‌ക്വ. 16 ദീര്‍ഘദൂര മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുണ്ട്.
അതേസമയം റഷ്യന്‍സേന ഉപരോധിച്ചിരിക്കുന്ന കിഴക്കന്‍ തുറമുഖ നഗരമായ മരിയുപോള്‍ തിരിച്ചുപിടിക്കാന്‍ രൂക്ഷമായ പോരാട്ടം തുടരുന്നു. എട്ടാം ആഴ്ചയിലേക്കു പ്രവേശിക്കുന്ന യുദ്ധത്തില്‍ ഇതേവരെ 2,500-3,000 യുക്രെയ്ന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു
അതിനിടെ, കരിങ്കടലിലെ പ്രധാന തുറമുഖങ്ങള്‍ യുദ്ധം മൂലം അടഞ്ഞുകിടക്കുന്നതു തുടര്‍ന്നാല്‍ ആഗോള ഭക്ഷ്യ പ്രതിസന്ധിയും അഭയാര്‍ഥിപ്രവാഹവും ഉണ്ടാകുമെന്ന് ഐക്യരാഷ്ട്ര സംഘടന ഏജന്‍സിയുടെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha
























