ചുമ്മാതാണോ....പ്രധാനമന്ത്രി കസേര തെറിച്ചത്...! ഇമ്രാൻ ഖാൻ എന്നും വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോയത് ഹെലികോപ്റ്ററിൽ, ചെലവുകളെല്ലാം സർക്കാർ ഖജനാവിൽ നിന്ന്, പാക് പ്രധാനമന്ത്രിയായിരിക്കെ ഇമ്രാന്റെ ആഡംബര ജീവിതത്തിന്റെ കണക്കുകൾ പുറത്ത്

പാകിസ്ഥാനെ കടക്കെണിയിലാക്കി പ്രധാനമന്ത്രി കസേര തെറിച്ച് പെട്ടിരിക്കുകയാണ് ഇമ്രാൻ ഖാൻ. പാകിസ്താൻ പ്രധാനമന്ത്രിയായിരിക്കെ
ആഡംബര ജീവിതമാണ് ഇമ്രാൻ നയിച്ചിരുന്നത്. ഇതിന്റെ കണക്കുകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പുതുതായി നിയമിച്ച ധനമന്ത്രി മിഫ്ത ഇസ്‌മെയിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. പ്രധാനമന്ത്രിയായിരിക്കെ ഇമ്രാൻ ഖാൻ എന്നും വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോയത് ഹെലികോപ്റ്ററിലാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
ഇമ്രാൻ ഖാന്റെ ധൂർത്തിനെക്കുറിച്ച് നേരത്തെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഹെലികോപ്റ്റർ ഉപയോഗം അനാവശ്യമാണെന്ന് ഉൾപ്പെടെയുള്ള വാദങ്ങളും അധികാരത്തിൽ ഏറിയപ്പോൾ പൊന്തി വന്നിരുന്നു.എന്നാൽ അന്നത്തെ ഐടി മന്ത്രി ഇമ്രാനെ പിന്തുണച്ചു. ഹെലികോപ്റ്ററിൽ സഞ്ചരിക്കാൻ കിലോമീറ്ററിന് 55 രൂപ മാത്രമേ ചെലവാകൂ എന്നായിരുന്നു ഇയാളുടെ വാദം.
എന്നാൽ ബാനി ഗാലയിൽ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മൂന്ന് വർഷവും എട്ട് മാസവും പോയിരുന്നത് ഹെലികോപ്റ്ററിലാണെന്ന് ധനമന്ത്രി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇതിനായി 50 കോടി പാകിസ്താൻ രൂപ ചെലവായി. യാത്രാ ചെലവുകളെല്ലാം സർക്കാർ ഖജനാവിൽ നിന്നാണ് ഇമ്രാൻ ഖാൻ എടുത്തിരുന്നത്. ഇത് കൂടാതെ ഇമ്രാൻ സർക്കാർ പാകിസ്താനെ കടക്കെണിയിലാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.
അവിശ്വാസപ്രമേയ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ പുറത്താവുകയായിരുന്നു. ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 174 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 വോട്ടാണു വേണ്ടിയിരുന്നത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകൾക്കകം ഇമ്രാൻ ഔദ്യോഗികവസതി ഒഴിഞ്ഞു. വോട്ടെടുപ്പിന് തൊട്ടുമുൻപ് നാഷനൽ അസംബ്ലി സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജിവച്ചതിനെത്തുടർന്ന് ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്.
https://www.facebook.com/Malayalivartha
























