82കാരിയായ മുത്തശ്ശിയെ ജീവനോടെ ഫ്രീസറിനുള്ളിലാക്കി ഇരുപത്തിയൊമ്പതുകാരന്‍; വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഡോറിസിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം റോബര്‍ട്ട് ഫ്രീസറിനുള്ളില്‍ തിരുകിക്കയറ്റി, മൃതദേഹത്തോടൊപ്പം വീട്ടിൽ കഴിഞ്ഞത് മാസങ്ങള്‍

മുത്തശ്ശിയെ ജീവനോടെ ഫ്രീസറിനുള്ളിലാക്കി ചെറുമകൻ. കേസില്‍ യുഎസിലെ ജോര്‍ജിയയില്‍ ഇരുപത്തിയൊമ്പതുകാരന്‍ അറസ്റ്റിലായതായി റിപ്പോർട്ട്. 82കാരിയായ ഡോറിസ് കമ്മിങ്ങിനെ പേരക്കുട്ടിയായ റോബര്‍ട്ട് കെയ്ത് ടിഞ്ചര്‍ ആണ് ഫ്രീസറിനുള്ളിലാക്കി ക്രൂരമായി കൊന്നത്.
വീട്ടിൽ വച്ചുണ്ടായ വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഡോറിസിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം റോബര്‍ട്ട് ഫ്രീസറിനുള്ളില്‍ തിരുകിക്കയറ്റുകയാണ് ചെയ്തത്. ഫ്രീസറിലെത്തിക്കാന്‍ മുറിയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു ഇയ്യാൾ. അപ്പോൾ ഇവരുടെ എല്ലുകളുള്‍പ്പടെ നുറുങ്ങിയിരുന്നു. ഈ അവസ്ഥയിലാണ് ഡോറിസിനെ വലിയ പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി റോബര്‍ട്ട് ഫ്രീസറില്‍ കയറ്റിയത്. പിന്നാലെ മാസങ്ങളോളം ഇതേ വീട്ടില്‍ താമസിക്കുകയായിരുന്നു.
വലിച്ചുകൊണ്ടുപോകുന്നതിനിടെ തന്നെ എല്ലുകള്‍ നുറുങ്ങുന്ന ശബ്ദം കേട്ടെന്നും ഫ്രീസറില്‍ വയ്ക്കുന്നതിന് മുമ്പ് ഡോറിസ് ശ്വാസമെടുക്കുന്നത് കണ്ടിരുന്നുവെന്നും റോബര്‍ട്ട് പോലീസിനെ അറിയിക്കുകയും ചെയ്തു. മുമ്പ് തന്റെ ഭാര്യയെ ഭീഷണിപ്പടുത്തിയ കേസില്‍ അറസ്റ്റ് വാറണ്ട് ഉള്ളതിനാലാണ് വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്നതെന്നും ഡോറിസിനോട് പ്രതിക്ക് മറ്റ് വൈരാഗ്യങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാണിച്ചു .
അതോടൊപ്പം തന്നെ താന്‍ കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചിരുന്നത് മുത്തശ്ശിയെ ആണെന്നാണ് റോബര്‍ട്ട് പോലീസിനോട് വ്യക്തമാക്കിയത്. തനിക്ക് വേണ്ട പരിഗണനയും സ്‌നേഹവും തന്നിരുന്നത് മുത്തശ്ശി മാത്രമായിരുന്നുവെന്നും മറ്റാരും ഇത്രയധികം തന്നെ സ്‌നേഹിച്ചിട്ടില്ലെന്നും റോബര്‍ട്ട് പറഞ്ഞതായി പോലീസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























