പാക്കിനെ മുച്ചൂടും മുടിക്കാൻ താലിബാൻ കട്ടയ്ക്കിറങ്ങി... പൊട്ടിച്ചിരിച്ച് ഇന്ത്യയും! ഉറ്റചങ്കുകൾ തമ്മിലടിക്കുന്നു!

അഫ്ഗാനിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 47 സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ ആരോപിച്ചതിനു പിന്നാലെ, അതിർത്തി തർക്കങ്ങളെ ചൊല്ലി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടു. ആക്രമണത്തിനു പിന്നാലെ കാബൂളിലെ പാക്കിസ്ഥാൻ സ്ഥാനപതി മൻസൂർ അഹമ്മദ് ഖാനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച താലിബാൻ വിദേശകാര്യ മന്ത്രാലയം, ഇത്തരം വിഷയങ്ങളിൽ അഫ്ഗാനികളുടെ ക്ഷമ പരീക്ഷിക്കരുതെന്നും തെറ്റ് ആവർത്തിക്കരുതെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി.
അഫ്ഗാൻ ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ പാക്കിസ്ഥാൻ ഇതുവരെ തയാറായിട്ടില്ല എന്നതാണ് സത്യാവസ്ഥ. ഏപ്രിൽ 13ന് പാക്കിസ്ഥാനിലുള്ള ദേര ഇസ്മായിൽ ഖാനിലെ കുളച്ചിയിൽ പൊലീസ് വാനിനു നേരേ തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) നടത്തിയ ആക്രമണത്തിൽ അഞ്ചു പൊലീസുകാർ കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് പാക്കിസ്ഥാൻ ആക്രമണമെന്നാണ് സൂചന.
പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു പിന്നാലെ, തീവ്രവാദികൾ പാക്കിസ്ഥാനെതിരായ പ്രവർത്തനങ്ങൾക്കായി അഫ്ഗാനിസ്ഥാൻ മണ്ണ് ഉപയോഗിക്കുന്നതിനെ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിക്കുകയും രണ്ട് സഹോദര രാജ്യങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും വേണ്ടി ഇത്തരം സംഭവങ്ങളിൽ കർശന നടപടിയെടുക്കാൻ അഫ്ഗാൻ സർക്കാരിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
2021-ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തപ്പോൾ ആ ഭരണകൂടത്തിന് രാജ്യാന്തര അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പാക്കിസ്ഥാനാണ് മുൻകൈയെടുത്തത്. നിലവിലെ താലിബാൻ മന്ത്രിസഭയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ സഹായിക്കാൻ ഐഎസ്‌ഐ തലവൻ ഫായിസ് ഹമീദ് കാബൂളിലേക്ക് പറന്നിരുന്നു. ‘ഹഖാനി’ ശൃംഖലയുമായുള്ള ഐഎസ്‌ഐയുടെ അടുത്ത ബന്ധവും രഹസ്യമല്ല.
അതേസമയം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിക്കുമ്പോൾ ഇന്ത്യ മൗനം പാലിക്കുകയാണ്. ഖോസ്ത്, കുനാർ പ്രവിശ്യകളിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷമുണ്ടാകുന്നത്, ഒരുകണക്കിന് ഇന്ത്യയ്ക്ക് അനുകൂലവുമാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം, കശ്മീർ ജിഹാദിന് വേണ്ടി അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും താലിബാന്‍ ശാഖകളെ അണിനിരത്തുന്നതിൽ പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിന് ബുദ്ധിമുട്ടാകും. പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇന്ത്യയ്ക്ക് സൗഹൃദത്തിന്റെ കരം വാഗ്ദാനം ചെയ്തതിനാൽ, കശ്മീർ ജിഹാദ് ഗ്രൂപ്പുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് പാക്കിസ്ഥാനോട് ആവശ്യപ്പെടാം.
https://www.facebook.com/Malayalivartha


























