ലോകമാകെ പടരുന്ന പുതിയ ഹെപ്പറ്റൈറ്റിസ് വകഭേദം, ഹെപ്പാറ്റൈറ്റിസ് രോഗം സംശയിക്കപ്പെടുന്ന ഒരു കുട്ടികൂടി മരണമടഞ്ഞു, കരളിനുണ്ടായ തകരാറുകൾ മൂലം ഇതുവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് നാലു കുട്ടികളെ...!

അമേരിക്കയിൽ ഹെപ്പാറ്റൈറ്റിസ് രോഗം സംശയിക്കപ്പെടുന്ന ഒരു കുട്ടി ഇന്നലെ മരിച്ചു. വിസ്‌കോൻസിനിൽ ആണ് സംഭവം. ഇതിനു മുൻപ് ശാസ്ത്രലോകം അഭിമുഖീകരിച്ചിട്ടില്ലാത്ത, ഒരു പുതിയ തരം ഹെപ്പറ്റൈറ്റിസ് ആണ് ഇതിന് കാരണം എന്നാണ് വിലയിരുത്തുന്നത്. ഇതുമൂലം അമേരിക്കയിൽ ആദ്യമായുണ്ടാകുന്ന മരണമാണിത്.
അഡെനൊവൈറസായിരിക്കാം ഇതിനു കാരണമെന്ന് ഒരുകൂട്ടം ആരോഗ്യ പ്രവർത്തകർ വിശ്വസിക്കുന്നു. സാധാരണ ജലദോഷം പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നവയാണ് ഈ ഇനം വൈറസുകൾ എന്നാൽ, ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കാനയിട്ടില്ല. കരളിനുണ്ടായ തകരാറുകൾ മൂലം നാല് കുട്ടികളാണ് ഇതുവരെ ഇവിടെ പ്രവേശിപ്പിക്കപ്പെട്ടതെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
അതിൽ ഒരു കുട്ടി മരണമടഞ്ഞപ്പോൾ മറ്റൊരു കുട്ടിക്ക് കരൾ മാറ്റിവെയ്ക്കേണ്ടതായിവരുമെന്നും ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. അമേരിക്കയിൽ 20 പേർക്ക് ഈ രോഗബാധയുണ്ടെന്നാണ് ഇപ്പോഴത്തെ നിഗമനം. ഈ രോഗത്തിന്റെ കാരണം ഇപ്പോഴും ദുരൂഹമായി തുടരുന്നു എന്നാണ് ജോബൈഡന്റെ ആരോഗ്യകാര്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗസി പറഞ്ഞത്. ലോകമാകമാനം 14 രാജ്യങ്ങളിലായി 200 കുട്ടികളെ ഇതിനോടകം ഈ രോഗം ബാധിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിൽ 18 പേർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ശാസ്ത്രലോകം. ലോകമാകെ പടരുന്ന ഈ പുതിയ ഹെപ്പറ്റൈറ്റിസ് വകഭേദത്തിന്റെ ദുരൂഹത തുറന്നു കാണിക്കാൻ അമേരിക്കയിൽ ഗവേഷണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇല്ലിനോയിസിലും ന്യു യോർക്കിലും ഇതുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങൾ കണ്ടെത്തിയ കുട്ടികൾ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha


























