ലക്ഷ്യം 'ചൈന' തന്നെ... ചൈനക്കാരെ കത്തിച്ച് ചാമ്പലാക്കും! കറാച്ചിയിൽ ചാവേറായി അധ്യാപിക... പാക് - ചൈനാ യുദ്ധം തുടങ്ങി... ചൈനാ വിരുദ്ധത അണപൊട്ടുമ്പോൾ

പാകിസ്താനിലെ കറാച്ചിയിൽ സർവകലാശാലാ പരിസരത്തുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂച്ച് ലിബറേഷൻ ആർമി. പാകിസ്താന്റെ എക്കാലത്തേയും അടുത്ത സഖ്യകക്ഷിയായ ചൈനീസ് പൗരന്മാർക്ക് നേരെ ഈ വർഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ചൊവ്വാഴ്ച കറാച്ചിയിലുണ്ടായത്. സ്‌ഫോടനത്തിൽ മൂന്ന് ചൈനക്കാരുൾപ്പെടെ നാലുപേർ മരിച്ചു. സർവകലാശാലയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവേശനകവാടത്തിലാണ് ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായത്.
ബലൂചിസ്താൻ സ്വദേശിയായ യുവതിയാണ് ബോംബ് സ്ഫോടനത്തിൽ ചാവേറായി പൊട്ടിത്തെറിച്ചത്. ബലൂചിസ്താനിലെ തർബാത് നിയാസർ അബാദ് സ്വദേശിയായ ഷാറി ബലോച് ആണ് ചാവേർ ബോംബാക്രമണം നടത്തിയതെന്നാണ് സ്ഥിരീകരണം. സ്‌ഫോടനത്തിൽ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹുവാങ് ഗുയ്പിങ്, ഡിങ് മുപെങ്, ഷെൻ സാ എന്നിവരും ഖാലിദ് എന്ന പാകിസ്താൻ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.
സ്ത്രീ ചാവേറാണ് ആക്രമണം നടത്തിയതെന്ന് തീവ്രവാദ ആക്രമണങ്ങളുടെ പേരിൽ പാകിസ്താൻ നിരോധിച്ച സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) പറഞ്ഞു. ഇതു വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബി.എൽ.എ പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വനിതാ ചാവേർ നടത്തുന്ന ആദ്യത്തെ ആക്രമണമാണിതെന്നും ബി.എൽ.എ പറഞ്ഞു.
ബലൂചിസ്താനിലെ ഖനന, ഊർജ്ജ പദ്ധതികൾക്ക് നേരെ വലിയ എതിർപ്പാണ് വിഘടനവാദികൾ ഉയർത്തുന്നത്. പദ്ധതികൾകൊണ്ട് തങ്ങൾക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന സ്വദേശികളെ പരിഗണിക്കാതെ, ജോലികളെല്ലാം പുറത്തുനിന്നുള്ളവർക്കാണ് നൽകുന്നത് എന്നതാണ് എതിർപ്പിന് കാരണം.
ബലൂചിസ്താനിലെ വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ചൈനക്ക് മുന്നറിയിപ്പ് നൽകിയതായി ബി.എൽ.എ. പറയുന്നു. ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴിക്ക് എതിരായ ബലൂചിസ്താന്റെ എതിർപ്പ് തങ്ങളുടെ സ്വാതന്ത്ര്യപോരാട്ടത്തിന്റെ ഭാഗമാണെന്നും ബി.എൽ.എ. പറയുന്നു.
ചൈനക്കാരെ ലക്ഷ്യംവെച്ചാണ് സ്‌ഫോടനം നടത്തിയത്. ചൈനയുടെ 54 ലക്ഷം കോടി രൂപയുടെ പദ്ധതിയായ ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി.)ക്ക് എതിരാണ് ബി.എൽ.എ. പദ്ധതിയുടെ ഭാഗമായി ബലൂചിസ്താനിലും കറാച്ചിയിലും ഒട്ടേറെ ചൈനക്കാർ ജോലിചെയ്യുന്നുണ്ട്. പാകിസ്താനിൽ ചൈന നടത്തുന്ന നിക്ഷേപങ്ങളെ എതിർക്കുന്ന ബി.എൽ.എ ഇവർക്കുനേരെ മുമ്പും ആക്രമണം നടത്തിയിരുന്നു.
ബലൂചിസ്താനിലെ ചെമ്പ്, സ്വർണം, പ്രകൃതിവാതകം, കൽക്കരി നിക്ഷേപങ്ങളിൽ ചൈനക്ക് നോട്ടമുണ്ട്. 2015 ലാണ് ബലൂചിസ്താനിലെ ഗ്വാദർ തുറമുഖത്തെ തങ്ങളുടെ പടിഞ്ഞാറൻ പ്രദേശമായ സിൻജിയാങ്ങുമായി ബന്ധിപ്പിക്കുന്ന ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴി ചൈന പ്രഖ്യാപിക്കുന്നത്. പദ്ധതിക്ക് എതിരായി ഇരുപ്രദേശത്തും ഉയർന്ന് എതിർപ്പുകളെ സൈനികമായാണ് ഇരു ഭരണകൂടങ്ങളും അടിച്ചമർത്തിയത്.
ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബി.ആർ.ഐ.) ഭാഗമായ സി.പി.ഇ.സി വഴി റോഡ്, റെയിൽ, ഓയിൽ പൈപ്പ് ലൈൻ ലിങ്കുകൾ സ്ഥാപിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. അതുവഴി മധ്യ-ദക്ഷിണേഷ്യയിൽ തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനും മേഖലയിലെ അമേരിക്കൻ, ഇന്ത്യൻ സ്വാധീനത്തെ ചെറുക്കാനുമാണ് ചൈന ശ്രമിക്കുന്നത്. സി.പി.ഇ.സി. പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് ചൈനീസ് ഉദ്യോഗസ്ഥർ ബലൂചിസ്താനിൽ ജോലി ചെയ്യുന്നുണ്ട്. പാകിസ്താനിൽ ചൈനയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ പ്രാദേശിക വിഭവങ്ങൾ ചൂഷണം ചെയ്യുകയാണെന്നാണ് വിഘടനവാദികൾ പറയുന്നത്.
https://www.facebook.com/Malayalivartha


























