യുക്രൈൻ പകര്‍ച്ചവ്യാധി ഭീഷണിയിൽ, മൃതദേഹങ്ങള്‍ നിറഞ്ഞ തെരുവുകൾ, ശുദ്ധജലവിതരണവും ശുചീകരണവും പൂര്‍ണമായി നിലച്ചു, കോളറയും അതിസാരവും ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാൻ സാധ്യത, താപനില കൂടുന്നത് രോഗാണുക്കള്‍ പടർന്ന് പിടിക്കാൻ കാരണമാകും...!

റഷ്യന്‍ അധിനിവേശം യുക്രൈൻ ജനതയെ പകര്‍ച്ചവ്യാധി ഭീഷണിയിലേക്ക് തള്ളിവിടുന്നു. കടന്നുകയറ്റം മൂന്നാംമാസത്തിലേക്ക് കടന്നിരിക്കേ യുക്രെയ്നിലെ തുറമുഖ നഗരമായ മരിയുപോള്‍ കനത്ത പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയാണ്. ശുദ്ധജലവിതരണവും ശുചീകരണവും പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും മൃതദേഹങ്ങള്‍ നിറഞ്ഞ തെരുവുകളും ചേര്‍ന്ന് ഭയാനകമായ സ്ഥിതിവിശേഷമാണു നഗരത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. കോളറയും അതിസാരവും ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാനുള്ള സാധ്യത ഏറെയാണെന്ന് മരിയുപോള്‍ സിറ്റി കൗണ്‍സില്‍ ആശങ്ക പ്രകടിപ്പിച്ചു.
മൃതദേഹങ്ങള്‍ നിരത്തുകളില്‍ പലയിടത്തും കാണാമെന്നും അവര്‍ ചൂണ്ടിക്കാട്ടി.മേഖലയിലെ താപനില ഇപ്പോള്‍ 20 ഡിഗ്രി സെല്‍ഷ്യസിലെത്തിക്കഴിഞ്ഞു.ഇത് രോഗാണുക്കള്‍ പിടർന്ന് പിടിക്കാൻ കാരണമാകും.
അതേസമയം കീവില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ സന്ദര്‍ശനത്തിനിടെയാണ് മിസൈല്‍ ആക്രമണം. രണ്ട് റഷ്യന്‍ മിസൈലുകൾ കീവില്‍ പതിച്ചതായി യുക്രൈനിയന്‍ ഉദ്യോഗസ്ഥർ പറഞ്ഞു. കീവിന്റെ സുപ്രധാന മേഖലയായ ഷെവ്‌ചെങ്കോ ജില്ലയിലാണ് മിസൈലുകള്‍ പതിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
മിസൈലുകളില്‍ ഒന്ന് 25 നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലകളിലാണ് പതിച്ചത്. സാധാരണക്കാര്‍ താമസിക്കുന്ന കെട്ടിടമായതുകൊണ്ട് തന്നെ കുറഞ്ഞത് പത്ത് പേര്‍ക്കെങ്കിലും പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യുക്രൈനില്‍ സൈനിക നടപടികള്‍ ആരംഭിച്ചതിന് ശേഷം ഏതാനം ആഴ്ചകള്‍ക്ക് മുന്‍പാണ് റഷ്യന്‍ സൈന്യം കീവില്‍ നിന്നും പിന്മാറിയത്. ഇതിനു പിന്നാലെ അമേരിക്കയുടേയും നിരവധി യൂറോപ്യന്‍ രാജ്യങ്ങളുടേയും പ്രതിനിധികള്‍ കീവ് സന്ദര്‍ശിച്ചു.എന്നാല്‍ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുമായുള്ള ഗുട്ടറസിന്റെ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്.
https://www.facebook.com/Malayalivartha


























