യുക്രൈനിൽ ഇനി ഡോൾഫിൻ യുദ്ധം.. പടയെ ഇറക്കി പുടിൻ.. കണ്ണ് തള്ളി സെലൻസ്കി

കരിങ്കടലിൽ ഡോൾഫിനെ ഇറക്കി റഷ്യയുടെ പുതിയ യുദ്ധ തന്ത്രം..കരിങ്കടലിലെ നാവിക താവളത്തിന്റെ സംരക്ഷണം റഷ്യ ഏൽപ്പിച്ചിരിക്കുന്നത് പരിശീലനം സിദ്ധിച്ച ഡോൾഫിൻ സൈന്യമാണെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.നാവികതാവളത്തിന്റെ ഭാഗമായ സേവാസ്റ്റോപോൾ തുറമുറത്തിന്റെ പ്രവേശന കവാടത്തിൽ ഡോൾഫിനുകളെ വിന്യസിച്ചിട്ടുണ്ടെന്ന് യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
2014ൽ യുക്രെയ്നിൽ നിന്നും പിടിച്ചെടുത്ത ക്രൈമിയയിലെ സെവാസ്റ്റോപോൾ തുറമുഖമാണ് കരിങ്കടലിലെ റഷ്യയുടെ പ്രധാന നാവിക കേന്ദ്രം. ഇതിനെ അന്തർവാഹിനികളും മറ്റുമുപയോഗിച്ച് സമുദ്രാന്തര ആക്രമണത്തിലൂടെ എതിരാളികൾ ലക്ഷ്യം വയ്ക്കാതിരിക്കാനാണ് ഡോൾഫിനുകളെ ഇവിടെയെത്തിച്ചതെന്ന് ഉപഗ്രഹചിത്രങ്ങൾ വിലയിരുത്തിയുള്ള റിപ്പോർട്ടിൽ യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.
ഫെബ്രുവരിയിലാണ് ഡോൾഫിനുകളെ ഇവിടെയെത്തിച്ചതെന്നും റിപ്പോർട്ട് പറയുന്നു. ഡോൾഫിനുകളെ ഉപേക്ഷിച്ച് നാവികസംരക്ഷണം ഒരുക്കുന്ന പദ്ധതികൾ റഷ്യയ്ക്ക് മുൻപ് തന്നെയുണ്ടെന്ന് ആരോപണമുണ്ട്. സെവാസ്റ്റൊപോൾ റഷ്യയ്ക്ക് വളരെ പ്രാധാന്യമുള്ള മേഖലയാണ്. റഷ്യൻ നാവികസേനയുടെ ഒട്ടേറെക്കപ്പലുകൾ ഇവിടെ നങ്കൂരമിട്ടിട്ടുണ്ട്. കടലിനടിയിലൂടെ ഇവ ആക്രമിക്കപ്പെടുക എന്നത് റഷ്യയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
യുഎസുമായി കിടമത്സരം നിലനിന്ന ശീതയുദ്ധ കാലഘട്ടത്തിലാണ് ഡോൾഫിനുകളെ പരിശീലിപ്പിച്ചുള്ള പ്രതിരോധപദ്ധതിക്ക് സോവിയറ്റ് യൂണിയൻ തുടക്കമിട്ടത്. 2012ൽ സെവാസ്റ്റൊപോൾ പ്രോഗ്രാം എന്ന പേരിൽ യുക്രെയ്നാണ് ക്രൈമിയയ്ക്ക് സമീപം ഇതു തുടങ്ങിയത്. 2014ൽ റഷ്യ ക്രൈമിയ പിടിച്ചതോടെ പദ്ധതിയും അവരുടെ കൈവശമായി. ഡോൾഫിനുകൾക്ക് മൈനുകളും മറ്റും കണ്ടുപിടിക്കാനുള്ള കഴിവാണ് ഇക്കാര്യത്തിൽ നിർണായകമാകുന്നത്. ഡോൾഫിനുകളെ മാത്രമല്ല, ബെലൂഗ തിമിംഗലങ്ങളെയും റഷ്യൻ നാവികസേന ഉപയോഗിക്കുന്നുണ്ടെന്ന് അഭ്യൂഹമുണ്ട്.
മറ്റു രാജ്യങ്ങളുടെ സേനകളും ഡോൾഫിനുകളെയും കടൽജീവികളെയും പ്രതിരോധ ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിനു ചരിത്രമുണ്ട്. തങ്ങളുടെ നാവിക വിഭാഗം അംഗങ്ങൾക്കെതിരെ ഇസ്രയേൽ പ്രത്യേക പരിശീലനം നേടിയ കൊലയാളി ഡോൾഫിനുകളെ ഉപയോഗിച്ചെന്ന് ഹമാസ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പ്രത്യേക യുദ്ധ ആയുധങ്ങൾ ഘടിപ്പിക്കപ്പെട്ടതായിരുന്നത്രേ ഈ ഡോൾഫിനുകൾ.
ഇസ്രയേൽ ജീവികളെ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നെന്ന് നേരത്തെയും ആരോപണങ്ങളുണ്ടായിട്ടുണ്ട്. 2010ൽ ഈജിപ്തിലെ തെക്കൻ സിനായ് മേഖലയുടെ ഗവർണറായിരുന്ന മുഹമ്മദ് അബ്ദേൽ ഫാദി, ഇസ്രേയേലിന്റെ ശ്രമഫലമായാണ് ഈജിപ്തിലെ ഷറം എൽ ഷെയ്ഖ് മേഖലയിൽ വലിയ തോതിൽ സ്രാവുകളുടെ ആക്രമണം നടക്കുന്നതെന്ന് ആരോപിച്ചു. ഈജിഷ്യൻ വിനോദസഞ്ചാരമേഖലയെ തകർക്കാനാണ് ഇതിലൂടെ ഇസ്രയേൽ ശ്രമിക്കുന്നതെന്നും ഫാദി ആരോപണമുന്നയിച്ചു. ഇസ്രയേൽ ചാരസംഘടനയായ മൊസാദാണ് ഇതിനു പിന്നിലെന്നായിരുന്നു വാദം.
ഡോൾഫിനുകൾക്ക് ശബ്‌ദതരംഗങ്ങളില്‍നിന്ന് വെള്ളത്തിനടിയിലെ വസ്‌തുക്കളെക്കുറിച്ചറിയാൻ കഴിയും. എക്കോലൊക്കേഷൻ എന്ന കഴിവുപയോഗിച്ച് എവിടെനിന്നാണ് ശബ്ദം വരുന്നതെന്നു തിരിച്ചറിയാനും കഴിയും. നിലവിൽ റഷ്യൻ നാവികതാവളത്തിൽ നങ്കുരമിട്ടിരിക്കുന്ന കപ്പലുകൾ യുക്രെയ്ൻ മിസൈൽ പരിധിക്ക് അപ്പുറമാണ്. എന്നാൽ കടലിന് അടിയിലൂടെ ആക്രമണങ്ങളുണ്ടായേക്കാം. അതുകൊണ്ട് ഡോൾഫിനുകളെ വിന്യസിച്ചിരിക്കുന്നത് ഇത്തരമൊരു ആക്രമണം തടയുക എന്നത് ഉദ്ദേശിച്ചാണ്.
1959 മുതൽ യുഎസും ഡോൾഫിനുകളെ പരിശീലനം നൽകി ഉപയോഗിക്കാറുണ്ടായിരുന്നു. ഡോൾഫിനുകളെ കൂടാതെ, റെയ്സ്, ഷാർക്ക്, ആമകൾ, കടൽപ്പക്ഷികൾ തുടങ്ങിയവയെയും പരീക്ഷിച്ചു നോക്കിയെങ്കിലും അവസാനം ഡോൾഫിനുകളെയും കലിഫോർണിയ നീർനായകളെയും മാത്രമാണ് ഉപയോഗിക്കുന്നത്. റഷ്യ ഉപയോഗിക്കുന്നതുപോലെ തീരപ്രദേശത്തോടുചേർന്ന്, മൈനുകളും മറ്റു ഭീഷണിയുയർത്തുന്ന വസ്തുക്കളും ഉണ്ടോയെന്ന് കണ്ടെത്താനാണ് യുഎസും ഡോൾഫിനുകളെ ഉപയോഗിക്കുക.
https://www.facebook.com/Malayalivartha


























