കൊവിഡിന് പിന്നാലെ അടുത്ത വില്ലനും എത്തി.. ലക്ഷ്യം കുട്ടികള്‍! ഉത്ഭവം എവിടെ നിന്ന്? എങ്ങനെ പടരുന്നു? ഒന്നും അറിയാതെ ശാസ്ത്ര ലോകം; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ദുരൂഹമായൊരു ഹെപ്പറ്റൈറ്റിസ്

കലിത്തുള്ളി താണ്ഡവമാടിയ കൊവിഡിന്റെ പിടിയില്‍ നിന്ന് അല്‍പമൊന്ന് ആശ്വസിച്ച് നില്‍ക്കുമ്പോഴാണ് ഇതാ വരുന്നു മറ്റൊരു വില്ലന്‍ കൂടി. ആഗോളതലത്തില്‍ തന്നെ ആളുകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ് മനുഷ്യരാശിയുടെ പുതിയ ശത്രു.
പ്രായപൂര്‍ത്തിയായവരെ വിട്ട് പിഞ്ചുകുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്ന ദുരൂഹമായൊരു ഹെപ്പറ്റൈറ്റിസാണിത്. കൊവിഡിന്റെ കാര്യത്തില്‍ നമുക്കൊരോ നിഗമനങ്ങള്‍ ഉണ്ടായിരുന്നു. കൊവിഡ് എന്ന മഹാമാരി ഉത്ഭവിച്ചത് വുഹാനിലാണെന്നും എത്രത്തോളം മാരകമായിരുന്നു എന്നെല്ലാം നമുക്ക് കൃത്യമായി പറയാന്‍ കഴിയും. പക്ഷേ കുഞ്ഞുങ്ങളെ ഉന്നംവെക്കുന്ന ഈ മാരകമായ അജ്ഞാത ഹെപ്പറ്റൈറ്റിസിനെ സംബന്ധിച്ചിടത്തോളം ഇത് എങ്ങനെ ഉത്ഭവിച്ചുവെന്നോ, എന്ത് കാരണത്താലാണ് ഇത് കുട്ടികളില്‍ വരുന്നത് എന്നോ ആര്‍ക്കും കണ്ടെത്താനായിട്ടില്ല.
ലോകത്തിലെ മെത്തം കണക്കുകള്‍ എടുത്താല്‍ ഇതുവരെ ഏകദേശം 12 കുട്ടികളാണ് ഈ അസുഖം ബാധിച്ച് തങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി മരണത്തിന് കീഴടങ്ങിയത്. യൂറോപ്യന്‍ യൂണിയന്റെ അരോഗ്യവിഭാഗം തലവന്മാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നത് 11 കുട്ടികള്‍ മരണമടഞ്ഞു എന്നായിരുന്നു.
എന്നാല്‍ അത് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അയര്‍ലന്‍ഡില്‍ ഒരു കുരുന്നിന് ജീവന്‍ നഷ്ടപ്പെട്ടമായത്. മാത്രമല്ല കരളിനെ മാരകമായി ബാധിക്കുന്ന ഈ രോഗം ഇതുവരെ ലോകമാകമാനമായി 450 കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അറിയിക്കുന്നു. ഈ കണക്ക് വെറും തുടക്കമാണെന്നും എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
11 കുട്ടികളുടെ മരണം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് 12മത്തെ കുട്ടി മരിച്ചത്. മാത്രമല്ല കുട്ടികളില്‍ ഈ രോഗം അതിവേഗത്തില്‍ പടരുന്നുമുണ്ട്. കാരണം ഇന്നലെമാത്രം ബ്രിട്ടനില്‍ 13 കുട്ടികള്‍ക്കാണ് ഈ കരള്‍ രോഗം പുതിയതായി സ്ഥിരീകരിച്ചത്. എന്നാല്‍, ഈ കണക്കുകള്‍ എല്ലാം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. പല രാജ്യങ്ങളിലും ഇതിനുള്ള പരിശോധനാ സംവിധാനം ഇല്ലാത്തതിനാല്‍ ഇത് അറിയാതെ പോകുന്നുണ്ട് എന്ന ആശങ്കയും അധികൃതര്‍ പങ്കുവെക്കുന്നുണ്ട്.
മരിച്ച കുട്ടികളുടെ കണക്കുകള്‍ ഇങ്ങനെയാണ്.. അമേരിക്കയില്‍ അഞ്ച്, ഇന്തോനേഷ്യയില്‍ അഞ്ച്, ഫലസ്തീനില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നും ഓരോ മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രഭവ ഉത്ഭവകേന്ദ്രം ഏതെന്നറിയാത്ത മാരകമായ, തികച്ചും ദുരൂഹമായ ഈ രോഗം ഇതുവരെ 21 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതരില്‍ ഭൂരിഭാഗവും 10 വയസ്സില്‍ താഴെയുള്ളവരാണ്. അതില്‍ ചുരുങ്ങിയത് 26 കുട്ടികള്‍ക്കെങ്കിലും കരള്‍ മാറ്റി വയ്‌ക്കേണ്ടതായും വന്നു.
അതേസമയം പല തരത്തിലുള്ള ഊഹാപോഹങ്ങളും ഈ കരള്‍ രോഗത്തെ ചുറ്റിപ്പറ്റി ഉയരുന്നുണ്ട്. അതായത്, സാധാരണ ജലദോഷത്തിന് കാരണമാകുന്ന ഒരു കൂട്ടം വൈറസുകള്‍ ഒരുമിക്കുകയും ഈ പ്രഹരമാണ് കരള്‍ രോഗമായി മാറിയിരിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്. എന്നാല്‍, ഇത് വെറും സംശയം മാത്രമാണ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഏറ്റവും വിചിത്രമായ കാര്യം ഈ അസുഖം ബാധിച്ച കുട്ടികളിലൊന്നും തന്നെ സാധാരണ ഹെപ്പറ്റൈറ്റിസിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നീ വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായിട്ടില്ല എന്നുള്ളതാണ്.
അതേസമയം, ബ്രിട്ടനില്‍ രോഗബാധിതരായ കുട്ടികളില്‍ ചിലരില്‍ അഡെനോവൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതുകൊണ്ട്, ഈ വൈറസ് തന്നെയാകാം കുട്ടികളുടെ ജീവനെടുക്കുന്ന മാരക അസുഖത്തിന് കാരണം എന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ട്. അഡെനോവൈറസിന്റെ മ്യുട്ടേഷന്‍ സംഭവിച്ച ഒരു പുതിയ വകഭേദമാണോ ഈ രോഗത്തെ ഇത്രയധികം മാരകമാക്കുന്നത് എന്നകാര്യം ശാസ്ത്രജ്ഞര്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
മാത്രമല്ല കൊവിഡ് ബാധിച്ച കുട്ടികളിലാണോ ഇത് വരുന്നത്. കൊവിഡിന്റെ അനന്തരഫലമാണോ ഈ മാരക വൈറസിന്റെ ആക്രമണം എന്നൊക്കെയുള്ള ചര്‍ച്ചകളും പഠനങ്ങളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം കുട്ടികള്‍ വളര്‍ത്തുമൃഗങ്ങള്‍ പ്രത്യേകിച്ച് നായകളുമായി ഇടപഴകുന്നതാണ് അസുഖം വരാന്‍ കാരണമായതെന്നുള്ള ചില വാദങ്ങളും പുറത്തുവരുന്നുണ്ട്. ബ്രിട്ടനിലെ ആരോഗ്യവകുപ്പ് മേധാവികളാണ് ഈ സംശയം ഉന്നയിച്ചിരിക്കുന്നത്.
എന്തായാലും കൊവിഡില്‍ നിന്ന് ഒരുവിധം കരകയറിവന്ന മനുഷ്യരാശിക്ക് വില്ലനായി മാറിയിരിക്കുകയാണ് ദുരൂഹത ഉണര്‍ത്തുന്ന പുതിയ ഹെപ്പറ്റിറ്റീസ് എന്നതില്‍ സംശയമില്ല.
https://www.facebook.com/Malayalivartha


























