ജീവന്‍ വേണമെങ്കില്‍ കീഴടങ്ങൂ..അവസാന പാലവും തകര്‍ത്ത് വിജയം ആഘോഷിച്ച് റഷ്യ..സര്‍വ്വം കൈവിട്ട് സെലന്‍സ്‌കി

യുക്രൈന്റെ കിഴക്കന്‍ നഗരമായ സീവിയറോഡോണെറ്റ്‌സ്‌കിലേക്കുള്ള അവസാന പാലവും റഷ്യന്‍ സേന തകര്‍ത്തതോടെ യുക്രെയ്ന്‍ സേനയുടെ ചെറുത്തുനില്‍പ് ദുര്‍ബലമായി. യുക്രെയ്ന്‍ നിയന്ത്രിതമേഖലയുമായി നഗരത്തിനു ബന്ധമറ്റതോടെ ജനങ്ങളെ ഒഴിപ്പിക്കുന്നതും പ്രതിസന്ധിയിലായി. നഗരത്തില്‍ അവശേഷിക്കുന്ന യുക്രെയ്ന്‍ സൈനികര്‍ ജീവന്‍ വേണമെങ്കില്‍ കീഴടങ്ങുന്നതാണു നല്ലതെന്ന് റഷ്യയുടെ പിന്തുണയുള്ള വിമതസേന മുന്നറിയിപ്പു നല്‍കി.
വിമതരുടെ സഹായത്തോടെ റഷ്യന്‍സേന മൂന്നുവശത്തുനിന്നും വളഞ്ഞ നഗരത്തില്‍ ദിവസവും നൂറിലേറെ യുക്രെയ്ന്‍ സൈനികര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നുവെന്നാണു റിപ്പോര്‍ട്ട്. യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പോരാട്ടമാണ് അവിടെ നടക്കുന്നതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു.
സെവെര്‍സ്‌കി ഡോണെറ്റ്‌സ് നദിയിലെ പാലം തകര്‍ത്തതോടെ പോരാട്ടം അതീവ ദുഷ്‌കരമായെന്നും ബോംബാക്രമണം മൂലം തകര്‍ന്നു തരിപ്പണമായ നഗരത്തിലെ വ്യവസായ മേഖലയിലെ അസോട്ട് കെമിക്കല്‍ ഫാക്ടറിയില്‍ 500 ലേറെപ്പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നും യുക്രെയ്ന്‍ അറിയിച്ചു. എന്നാല്‍ ഫാക്ടറിയില്‍ ഒളിച്ച സൈനികര്‍ കീഴടങ്ങണമെന്ന അന്ത്യശാസനം റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചു. ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഇന്നു സമയം അനുവദിക്കുമെന്നും റഷ്യ വ്യക്തമാക്കി.
യുക്രെയ്ന്‍ വിമതരുടെ നിയന്ത്രണത്തിലുളള ലുഹാന്‍സ്‌ക് പ്രവിശ്യയില്‍ ഡോണെറ്റ്‌സ് നദീതീരത്തെ ഇരട്ട നഗരങ്ങളായ ലിസിഷാന്‍സ്‌കും സീവിയറോഡോണെറ്റ്ക്‌സും പിടിക്കാനുള്ള റഷ്യന്‍ സേനയുടെ ശ്രമങ്ങളെ മാര്‍ച്ച് മുതല്‍ യുക്രെയ്ന്‍ സേന ചെറുത്തുനില്‍ക്കുകയാണ്. മേഖലയില്‍ യുക്രെയ്ന്‍ സേന കൈവശം വച്ചിരുന്ന ഏക നഗരമാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
അതിനിടെ, റഷ്യന്‍ സേനയുടെ ക്രൂരതകളെ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും അപലപിച്ചു. ഒരാഴ്ച കൊണ്ടു യുദ്ധം തീരുമെന്ന റഷ്യയുടെ കണക്കുകൂട്ടല്‍ തെറ്റിപ്പോയെന്നു മാര്‍പാപ്പ ജസ്വിറ്റ് മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായുള്ള സംഭാഷണത്തിനിടെ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























