സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ശ്രീലങ്കയ്ക്ക് വീണ്ടും സഹായഹസ്തം നീട്ടി ഇന്ത്യ, 14,700 ടൺ അരിയും 250 ടൺ പാൽപ്പൊടിയും 38 ടൺ മരുന്നുകളും കൈമാറി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയ്ക്ക് വീണ്ടും ഇന്ത്യയുടെ സഹായം.ഇന്നലെ 65 കോടി രൂപ വിലവരുന്ന ഭക്ഷണവും മരുന്നും കൈമാറി ഇന്ത്യയിൽ നിന്ന് സമാഹരിച്ച 14,700 ടൺ അരിയും 250 ടൺ പാൽപ്പൊടിയും 38 ടൺ മരുന്നുകളുമാണ് ഇതിലുള്ളത്.
വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയുടെ നേതൃത്വത്തിലുള്ള നാലംഗ ഉന്നതല സംഘം കൊളംബോയിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോത്താബയ രാജപക്സെയുമായി കൂടിക്കാഴ്ച നടത്തിരുന്നു.സാമ്പത്തിക പുരോഗതി വേഗത്തിൽ കൈവരിക്കുന്നതിന് ശ്രീലങ്കയ്ക്ക് എല്ലാ സഹായവും ഉന്നതല സംഘം വാഗ്ദാനം ചെയ്തു. ശ്രീലങ്കൻ പ്രസിഡന്റ് ഗോത്താബയ രാജപക്സെ, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തുടങ്ങിയവരുമായി സംഘം ചർച്ച നടത്തി.
അതേസമയം ശ്രീലങ്കയിലെ അഞ്ചിൽ നാലുപേർക്കും ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു. കൂടാതെ ഇന്ധന പ്രതിസന്ധി രൂക്ഷമായതിനാൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും രണ്ടാഴ്ചത്തെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീലങ്കൻ സർക്കാർ.
ഇന്ധന ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം ഇല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കുറഞ്ഞത് മൂന്ന് ദിവസത്തേക്ക് പുതിയ ഇന്ധന സ്റ്റോക്ക് ഉണ്ടാകില്ലെന്ന് ഊർജ മന്ത്രാലയം പ്രഖ്യാപിച്ചിട്ടും പെട്രോളിനും ഡീസലിനും വേണ്ടി പമ്പുകൾക്ക് മുന്നിൽ കിലോമീറ്ററുകൾ നീളമുള്ള ക്യൂ ആണ് കാണപ്പെട്ടത്. ലഭ്യമായ ഇന്ധനം അവശ്യസേവന വിഭാഗങ്ങൾക്കാണ് നിലവിൽ നൽകുന്നത്.
https://www.facebook.com/Malayalivartha


























