പിടിച്ചു നില്‍ക്കാനാവാതെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു..... പുതിയ നേതാവിന് എല്ലാ പിന്തുണയും നല്‍കുമെന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍

പിടിച്ചു നില്‍ക്കാനാവാതെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു..... പുതിയ നേതാവിന് എല്ലാ പിന്തുണയും നല്‍കുമെന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍.
ബ്രിട്ടീഷ് സര്‍ക്കാരിനെ മാസങ്ങളായി ഉലയ്ക്കുന്ന വിവാദങ്ങള്‍ അന്‍പതിലേറെ മന്ത്രിമാരുടെ കൂട്ട രാജിയിലും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ വിമത കലാപത്തിലും കലാശിച്ചതോടെ പിടിച്ചു നില്‍ക്കാനാവാതെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ (58) ഇന്നലെ രാജിവച്ചു.
ടോറികള്‍ക്ക് വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമാകില്ല. വിമതപക്ഷത്തുനിന്ന് പുതിയ നേതാവ് എത്താനാണ് സാദ്ധ്യത. രാജി പരമ്പരയ്ക്ക് തുടക്കമിട്ട ധനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ഋഷി സുനാക് ഉള്‍പ്പെടെ വിമതപക്ഷത്തെ പ്രമുഖരുടെ പേരുകള്‍ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കേള്‍ക്കുന്നുണ്ട്.
ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് ബോറിസ് ജോണ്‍സണ്‍ രാജി പ്രഖ്യാപിച്ചത്. ഋഷി സുനകും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും ചൊവ്വാഴ്ച പൊടുന്നനെ രാജി വച്ചതോടെയാണ് പ്രതിസന്ധിയായത
്. ലൈംഗിക ആരോപണ വിധേയനായ ക്രിസ് പിഞ്ചറിനെ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പാക്കിയതില്‍ പ്രതിഷേധിച്ചും ബോറിസിന്റെ നേതൃത്വത്തില്‍ അവിശ്വാസം പ്രകടിപ്പിച്ചുമായിരുന്നു ഇവരുടെ രാജി. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഋഷി സുനാകിന്റെയും ഉന്നത നേതാവായ സാജിദ് ജാവിദിന്റെയും രാജിക്കു പിന്നാലെ നേതാക്കള്‍ രണ്ടു ചേരിയായി തിരിഞ്ഞു.
പ്രതിസന്ധി മറികടക്കാന്‍ ബോറിസ് മന്ത്രി സഭ പുനഃസംഘടിപ്പിച്ചെങ്കിലും പുതിയ മന്ത്രിമാരും വിമതപക്ഷത്തേക്ക് മാറി. ഇന്നലെ രാവിലെ പത്തിലേറെ ജൂനിയര്‍ മന്ത്രിമാര്‍ കൂട്ടത്തോടെ രാജിവച്ചു. പ്രതിസന്ധിക്കിടെ ബോറിസ് മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയ മുതിര്‍ന്ന നേതാവായ മൈക്കിള്‍ ഗോവും വിമതര്‍ക്കൊപ്പം ചേര്‍ന്നതോടെ ബോറിസ് പാര്‍ട്ടിയിലും സര്‍ക്കാരിലും ഒറ്റപ്പെട്ടു. അതോടെ ഇന്ത്യന്‍ വംശജയും ഹോം സെക്രട്ടറിയുമായ പ്രീതി പട്ടേല്‍ ഉള്‍പ്പെടെയുള്ള വിശ്വസ്തര്‍ തന്നെ രാജി വയ്ക്കാന്‍ ബോറിസിനെ ഉപദേശിച്ചു.
അതേസമയം രാജ്യം മുഴുവന്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് അടച്ചിരിക്കുമ്പോള്‍ അതിന് തരിമ്പും വില കല്‍പ്പിക്കാതെ ബോറിസ് ജോണ്‍സണ്‍ നിശാ വിരുന്നുകള്‍ നടത്തിയത് വിവാദമായിരുന്നു. നിരവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ചീഫ് വിപ്പിന്റെ കസേരയില്‍ നിയമിച്ചു. ഓരോ ക്രമക്കേട് പുറത്തുവന്നപ്പോഴും ബോറിസ് ജോണ്‍സണ്‍ അതെല്ലാം നിഷേധിച്ചു. പിന്നീട രേഖകളും ചിത്രങ്ങളും തെളിവായപ്പോള്‍ മാപ്പു പറഞ്ഞ് തടിയൂരി. നിരന്തരമായ ഈ വിവാദപ്പെരുമഴയില്‍ മനം മടുത്താണ് മന്ത്രിമാര്‍ കൂട്ടത്തോടെ ഇറങ്ങിപ്പോയത്.
https://www.facebook.com/Malayalivartha



























