ചൈനയെ ചൊടിപ്പിച്ച് അമേരിക്ക... അമേരിക്ക ലോക ജനാധിപത്യത്തിന്റെ കാവല്‍ക്കാരും ചൈന അതിന്റെ ധ്വംസകരും...

എന്തിനാണ് നാന്‍സി പെലോസി പൊടുന്നനവേ തായ് വാനിലെത്തിയത് എന്ന ചോദ്യം പ്രസക്തമാണ്. തായ് വാന്റെ സമ്പൂര്‍ണ സ്വാതന്ത്ര്യവും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുന്നതിന് വേണ്ടി എന്നാണ് മറുപടി. 1979-ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജിമ്മികാര്‍ട്ടര്‍ തായ് വാനുമായി നയതന്ത്ര, വാണിജ്യ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ഒരു കരാരില്‍ ഒപ്പുവച്ചിരുന്നു.
അന്നേ അമേരിക്ക ആഗ്രഹിച്ച ഉഭയകക്ഷി ബന്ധത്തിന്റെ സാധ്യതകള്‍ പരിശോധിക്കുക കൂടി തന്റെ ലക്ഷ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സന്ദര്‍ശനത്തിനു മുമ്പ് 'വാഷിംങ്ടന്‍ പോസ്റ്റി' ലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. തായ് വാനെ ചൈനയോട് ചേര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ചൈന തായ് വാനു ചുറ്റും നടത്തുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. തായ് വാനെ ജനാധിപത്യവല്‍ക്കരിക്കുക. ചൈനയുടെ പിടിയില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കുക. ഇതാണവര്‍ ലക്ഷ്യമിടുന്നതെന്ന് ചുരുക്കം.
നാന്‍സി പെലോസി ചൈനയില്‍ വരുന്നത് ഇതാദ്യല്ല. 30 വര്‍ഷം മുമ്പ് ചൈനയിലെ ടിയാനന്‍ സ്‌ക്വയറില്‍ ചൈന, വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയപ്പോള്‍ അവിടെ എത്തി രക്തസാക്ഷിത്വം വരിച്ചവര്‍ക്കു വേണ്ടി ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന അടിച്ചമര്‍ത്തലും കത്തോലിക്കാ ബിഷപ്പിനെ അറസ്റ്റു ചെയ്തതിലുള്ള അമര്‍ഷവും കൂടി അവര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇങ്ങനെ ചൈനയെ നന്നായി പ്രകോപിച്ചതിനു ശേഷമാണ് അവര്‍ അമേരിക്കയിലിറങ്ങിയത്.
തായ് വാന്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങളെ ചൈന ഞെക്കിക്കൊല്ലുന്നു. ഒരു സ്വതന്ത്ര രാജ്യമെന്ന നിലയില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കുന്നില്ല. ചൈന തങ്ങളുടെ ഏകാധിപത്യ പ്രവണതകള്‍ ഹോങ്കോങ്ങിനെപ്പോലെ തായ് വാനിലും തുടരുന്നു. ചൈനയില്‍ തന്നെ ജനാധിപത്യമില്ല. അവിടേയും സ്വാതന്ത്ര്യത്തിന് ദാഹിക്കുന്നവരുണ്ട്. അവരേയും മനുഷ്യത്വരഹിതമായാണ് കൈകാര്യം ചെയ്യുന്നത് എന്നൊക്കെയുള്ള നാന്‍സിയുടെ വാദങ്ങള്‍ക്ക് തീര്‍ച്ചയായും കഴമ്പുണ്ട്. ചുരുക്കത്തില്‍ അമേരിക്ക ലോക ജനാധിപത്യത്തിന്റെ കാവല്‍ക്കാരും ചൈന അതിന്റെ ധ്വംസകരമാണെന്ന് ധ്വനി അവരുടെ വാക്കുകളില്‍ ഉണ്ട്.
https://www.facebook.com/Malayalivartha



























