ബിഹാറിലെ കൊടും ചതിക്ക് നിതീഷിന് മണിപ്പൂരിൽ തിരിച്ചടി... BJPയുടെ സർജ്ജിക്കൽ സ്ട്രൈക്ക്... 5 ജെഡിയു എംഎൽഎമാർ ബിജെപിയുടെ വലയിൽ

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൻറെ ദേശീയ നേതാവാകാനുള്ള മോഹത്തിന് വൻ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ആർജെഡി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ കൂട്ടുപിടിച്ച് ബിഹാറിൽ സഖ്യ സർക്കാർ പൊളിച്ച നിതീഷ് കുമാറിനോട് മണിപ്പൂരിൽ പകരം വീട്ടിയിരിക്കുകയാണ് ബിജെപി. മണിപ്പൂരിൽ നിതീഷിൻറെ പാർട്ടിയായ ജെഡിയുവിൻറെ അഞ്ച് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. മണിപ്പൂരിൽ ജെഡിയുവിന് ആകെ ആറ് എംഎൽഎമാരാണുള്ളത്. അതിൽ അഞ്ച് പേരാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നത്.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അഞ്ച് ജെഡിയു എംഎൽഎമാരുടെയും ബിജെപി പ്രവേശനം അംഗീകരിച്ചതായി മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ. മേഘജിത് സിങ്ങും സ്പീക്കർ തോക്ചോം സത്യബ്രത സിങ്ങും വ്യക്തമാക്കി. ജെഡിയു വീട്ട എംഎൽഎമാരിൽ ഖുമുഖ്ചം ജോയ് കിസാൻ സിങ്ങ്, ഗുർസംഗ്ലൂർ സനാറ്റെ, മുഹമ്മദ് അചാബ് ഉദ്ദിൻ, തംങ്ചം അരുൺകുമാർ , എൽ.എം. ഖൗട്ടെ എന്നിവർ ഉൾപ്പെടുന്നു.
60 അംഗ മണിപ്പൂർ നിയമസഭയിൽ നിതീഷ് കുമാറിൻറെ ജെഡിയു ആറ് സീറ്റുകൾ നേടിയിരുന്നു. ജെഡിയു എംഎൽഎമാർ പിന്നീട് മുഖ്യമന്ത്രി ബിരേൻ സിങ്ങിൻറെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ പിന്തുണച്ചിരുന്നു. ആറാമത്തെ ജെഡിയു എംഎൽഎ മുഹമ്മദ് നാസിർ മാത്രം ബിജെപിയിലേക്ക് മാറിയിട്ടില്ല. ഇദ്ദേഹം നിലവിൽ ലിലോങ് മണ്ഡലത്തിലെ എംഎൽഎയാണ്.
മണിപ്പൂരിൽ നടക്കുന്ന ജെ.ഡി.യു യോഗത്തിന് ശേഷമാകും പിന്തുണ പിൻവലിക്കുക. ജെ.ഡി. യു പിന്തുണ പിൻവലിച്ചാലും മണിപ്പൂർ സർക്കാരിനെ ബാധിക്കില്ല . അറുപതംഗ സഭയിൽ എൻ.ഡി.എക്ക് 55 അംഗങ്ങളുണ്ട്. 31 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. നിതീഷ് കുമാർ എൻ.ഡി.എ സഖ്യം വിട്ടപ്പോഴും മണിപ്പൂരിൽ ജെ.ഡി.യും ബിരൻ സിങ് സർക്കാരിന് പുറത്ത് നിന്ന് പിന്തുണ നൽകുകയായിരുന്നു.
ഒമ്പത് വർഷത്തിനുള്ളിൽ രണ്ടാം തവണയും നിതീഷ് കുമാർ ബിജെപിയെ വിട്ട് ലാലുപ്രസാദ് യാദവിൻറെ രാഷ്ട്രീയ ജനതാദളും, കോൺഗ്രസുമായി ഒപ്പം ചേർന്നതോടെയാണ് ജെഡിയു എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയത്. ഇത് രണ്ടാം തവണയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ജെഡിയുവിൽ നിന്ന് എംഎൽഎമാർ ബിജെപിയിലേയ്ക്ക് പോകുന്നത്.
ഇതിനു മുമ്പ് 2020ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള ഏഴ് ജെഡിയു എംഎൽഎമാരിൽ ആറ് പേർ ബിജെപിയിൽ ചേർന്നിരുന്നു. അരുണാചലിൽ ശേഷിച്ചിരുന്ന ഏക ജെഡിയു എംഎൽഎയും പിന്നീട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ 38 സീറ്റുകളിൽ മത്സരിച്ചാണ് ജെഡിയു ആറ് സീറ്റുകളിൽ വിജയിച്ചത്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിൻറെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള നീക്കത്തിലാണ് നിതീഷ് കുമാർ. ഇതിൻറെ ഭാഗമായി ജെഡിയു എക്സിക്യൂട്ടീവ് യോഗം ചേരാനിരിക്കുകയാണ്. രാജ്യത്തെ 26 സംസ്ഥാന യൂണിറ്റുകളിൽ നിന്നുള്ള നേതാക്കൾ ഉൾപ്പെടെ 110 പാർട്ടി നേതാക്കൾ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
https://www.facebook.com/Malayalivartha