36 വര്‍ഷത്തെ ഏകാന്ത തടവിനു ശേഷം ഇന്നു വധിക്കുന്നു

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ തടവുകാരന്റെ വധശിക്ഷ ഇന്നു രാവിലെ നടപ്പാക്കുന്നു. വധശിക്ഷയ്‌ക്കെതിരെയുള്ള പ്രതിഷേധവും 'ഇരട്ട ശിക്ഷ'യാണ് നടപ്പാക്കുന്നത് എന്ന വിവാദവും കൊടുമ്പിരിക്കൊണ്ടിരിക്കയാണ്. കൊലക്കേസ് പ്രതിയായ ബ്രന്‍ഡന്‍ ജോണ്‍സിനെയാണ് 73-ാം പിറന്നാളിന് ഏതാനും ദിവസം മുന്‍പ് ജോര്‍ജിയയില്‍ വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.
36 വര്‍ഷത്തിലേറെ ഏകാന്ത തടവ് അനുഭവിച്ച ശേഷമാണ് ജോണ്‍സിനെ തേടി മരണമെത്തുന്നത്. മോഷണശ്രമത്തിനിടെ ഗ്യാസ് സ്‌റ്റേഷനിലെ ക്ലാര്‍ക്കിനെ വെടിവച്ചുകൊന്നുവെന്ന കുറ്റത്തിനാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്. ജോണ്‍സാണോ കൂട്ടുപ്രതി വാന്‍ സോളമനാണോ വെടിയുതിര്‍ത്തതെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നില്ല.
താനല്ല ഇതു ചെയ്തതെന്നാണു ജോണ്‍സ് പറയുന്നത്. 1985-ല്‍ കൂട്ടുപ്രതി സോളമന്റെ വധശിക്ഷ നടപ്പാക്കിയിരുന്നു. എന്നാല്‍, ജോണ്‍സിന്റെ വധശിക്ഷ നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി അനന്തമായി നീളുകയായിരുന്നു. ആഫ്രിക്കന്‍ വംശജരാണ് ഇരുവരും. 36 വര്‍ഷം ഏകാന്ത തടവ് അനുഭവിച്ചയാളെ ഇനി വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ഇരട്ട ശിക്ഷയ്ക്കു തുല്യമാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം.
ജോര്‍ജിയയില്‍ 76 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. അമേരിക്കയില്‍ ഈ വര്‍ഷം വധശിക്ഷയ്ക്കു വിധേയമാകുന്ന അഞ്ചാമനാണ് ജോണ്‍സ്. മരുന്നു കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha