ഗാസയില്‍ അവശേഷിക്കുന്ന മുഴുവന്‍ പലസ്തീനികളെയും ഉടന്‍ പുറത്താക്കാനുള്ള ഉറച്ച തീരുമാനത്തിൽ ഇസ്രായേല്‍ സൈന്യം; ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ ഗാസ പിടിച്ചടക്കും

ഒരാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ ഗാസ പിടിച്ചടക്കും. ഗാസയില്‍ അവശേഷിക്കുന്ന മുഴുവന്‍ പലസ്തീനികളെയും ഉടന്‍ പുറത്താക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് ഇസ്രായേല്‍ സൈന്യം. ഗാസയുടെ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനായി സൈനികനടപടി വിപുലീകരിക്കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. പിടിച്ചെടുക്കുന്ന പ്രദേശങ്ങള്‍ ഇസ്രയേലിന്റെ സുരക്ഷാമേഖലയ്‌ക്കൊപ്പം ചേര്‍ക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രസ്താവിച്ചതോടെയാണ് ഇനിയുള്ള മണിക്കൂറുകള്‍ കൂട്ടക്കൊലകളുടേതായിരിക്കുന്നുമെന്ന് വ്യക്തം.
ഗാസയിലെ ഹമാസ് ഭീകരരുടെ ശക്തികേന്ദ്രങ്ങളും പശ്ചാത്തലസൗകര്യങ്ങളും നശിപ്പിക്കുന്നതിനും അവിടം ശുചീകരിക്കുന്നതിനുമാണ് ഗാസയുടെ ഏറെ പ്രദേശങ്ങളും പിടിച്ചെടുക്കുന്നതെന്ന് ഇസ്രയേല്‍ പറയുന്നു. നിലവില്‍ ഗാസയുടെ ഏറെ പ്രദേശങ്ങളിലും തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ മാത്രമാണുള്ളത്.
ഹമാസിനെ ഗാസയില്‍നിന്നു പുറത്താക്കാനും ശേഷിക്കുന്ന ബന്ദികളെ ഇസ്രയേലിനു വിട്ടുനല്‍കാനും ഗാസയിലെ പലസ്തീന്‍കാരോട് ഇസ്രായേല്‍ അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി ഗാസയുടെ വടക്ക്, കിഴക്ക് അതിര്‍ത്തികളില്‍ ഇസ്രയേലിന് സുരക്ഷാമേഖലയായുണ്ട്. ഇസ്രയേലിന്റെ സ്വരക്ഷയ്ക്കും അതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ സുരക്ഷയ്ക്കും ഗാസയിലെ സുരക്ഷാമേഖല നിര്‍ണായകമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി പറയുന്നു. പലസ്തീന്‍കാരെ ഗാസയില്‍നിന്ന് പൂര്‍ണമായി പുറത്താക്കി അവിടം വിനോദസഞ്ചാരകേന്ദ്രമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.
ഗാസയില്‍ പുതിയ സുരക്ഷാ ഇടനാഴി സ്ഥാപിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാസ മുനമ്പിലെ സൈനിക നടപടികള്‍ വിപുലീകരീകരിച്ചതായി ഇസ്രായേലി പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറയുന്നു. ഹമാസിനെ പുറത്താക്കുകയും എല്ലാ ബന്ദികളെയും തിരികെ നല്‍കുകയുമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗമെന്ന് ഇസ്രായേല്‍ പറയുന്നു. ഗാസയില്‍ ഇസ്രായേല്‍ നിയന്ത്രിത സുരക്ഷാ മേഖലകള്‍ സ്ഥാപിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു പറഞ്ഞു. കരയാക്രമണം വ്യാപിപ്പിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ നഗരമായ റഫയിലെയും സമീപ പട്ടണങ്ങളിലെയും താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേലി സൈന്യം ആവശ്യപ്പെട്ടിരിക്കുകയാണ്. റഫയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ കരസേന ആരംഭിച്ച നീക്കം അയല്‍പട്ടണങ്ങിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ജബലിയ അഭയാര്‍ഥി ക്യാമ്പിലെ യുഎന്‍ മെഡിക്കല്‍ സെന്ററിനു നേരേ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു. ഇതോടകം ഇസ്രായേല്‍ 228 അഭയകേന്ദ്രങ്ങളിലാണ് ബോംബിട്ടത്. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന തുടര്‍ച്ചയായ ബോംബാക്രമണത്തില്‍ 68 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ആക്രണം തുടങ്ങിയതിനുശേഷം കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം ആയിരം കവിഞ്ഞു.
അവശ്യവസ്തുക്കള്‍ക്കും മരുന്നിനും ഉള്‍പ്പെടെ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഒരു മാസം പിന്നിടുമ്പോള്‍ ഗാസ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ആക്രമണം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും നീണ്ട ഉപരോധമാണിത്. ഗാസയിലെ ഇസ്രായേലി ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 232 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ആഴ്ചയില്‍ ശരാശരി 13 പേര്‍ വീതം ഗാസയില്‍ കൊല്ലപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലുണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ അവിടെ വന്‍ദുരന്തം സംഭവിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സിറിയിലും ഇസ്രായേല്‍ ബോംബാക്രമണം നടത്തിയതോടെ പ്രശ്നം അതീവരൂക്ഷമാവുകയാണ്. വിവിധ മേഖലകളില്‍നിന്ന് ഫലസ്തീനികളെ കൂട്ട പലായനത്തിന് നിര്‍ബന്ധിച്ചാണ് കരയാക്രമണം വ്യാപിപ്പിക്കുന്നത്. ഗാസയുടെ 25 ശതമാനം ഭൂമി പിടിച്ചടക്കുകയാണ് ഇസ്രായേല്‍ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ എല്ലാ ബന്ദികളെയും ഒന്നിച്ച് വിട്ടയക്കാമെന്ന ഹമാസ് വാഗ്ദാനം ഇസ്രായേല്‍ തള്ളുകയും ചെയ്തിരിക്കുന്നു. സൈനിക നടപടിയിലൂടെ മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുമെന്നാണ് നെതന്യാഹു പറയുന്നത്.
ഹമാസിനുള്ളല്‍ വിള്ളലുകളുണ്ടായിട്ടുണ്ടെന്നും ഹമാസിനു മേലുള്ള സൈനിക സമ്മര്‍ദ്ദം ഫലപ്രദമാണെന്നും നെതന്യാഹു പറയുന്നു.കഷ്ടിച്ച് രണ്ടാഴ്ചയ്ക്കുള്ള ധാന്യശേഖരം മാത്രമാണു ഗാസയിലും അഭയാര്‍ഥി ക്യാമ്പുകളിലും ശേഷിക്കുന്നതെന്നു യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നു. പ്രതിദിനം 8 ലക്ഷം പേര്‍ക്കാണു യുഎന്‍ ഏജന്‍സി ഗാസയില്‍ സഹായമെത്തിക്കുന്നത്. മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തും ഖത്തറും കഴിഞ്ഞയാഴ്ച മുന്നോട്ടുവച്ച പുതിയ വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിച്ചതായി ഹമാസ് പ്രസ്താവിച്ചെങ്കിലും ഇസ്രായേല്‍ എല്ലാ നിര്‍ദേശങ്ങളും തള്ളിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha