ആ സന്തോഷയാത്ര സങ്കടയാത്രയായി....ഖത്തറില്‍ നിന്ന് കെനിയയില്‍ കുടുംബ സമേതം വിനോദയാത്രയ്ക്ക് പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം

ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് മരിച്ചവരില്‍ അഞ്ച് പേര്‍ മലയാളികളെന്ന്...
ഇന്ത്യന്‍ സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് നൂറു മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് ദാരുണാന്ത്യം. ഒന്നര, ഏട്ടു വയസുള്ള രണ്ട് പെണ്‍കുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ച മലയാളികള്‍.
മരിച്ച ആറാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.26 പേര്‍ക്ക് പരിക്കേറ്റു. മൂന്നു ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവറുമടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 14 മലയാളികള്‍. മറ്റുള്ളവര്‍ കര്‍ണാടക, ഗോവന്‍ സ്വദേശികള്‍.
വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവയിലെ ഓളോ ജൊറോക്-നകൂറു ഗിച്ചാഖ മേഖലയില്‍ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം സംഭവിച്ചത്. കനത്ത മഴയില്‍ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലില്‍ മക്കാരിന്റെ മകള്‍ ജെസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര) , പാലക്കാട് മണ്ണൂര്‍ കാഞ്ഞിരംപാറ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ കൊച്ചി പാലാരിവട്ടത്ത് താമസിക്കുന്ന ഗീത ഷോജി ഐസക്ക് (58) എന്നിവരാണ് മരിച്ചത്. ജസ്‌നയുടെ ഭര്‍ത്താവ് തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ക്കടക്കം പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ നെയ്‌റോബി, അഗാക്കാന്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഖത്തറില്‍ എയര്‍പോര്‍ട്ട് മെയിന്റനന്‍സ് കമ്പനി ഉദ്യോഗസ്ഥനായ ജോയലിന്റെ ട്രാവല്‍ കമ്പനിയാണ് വിനോദയാത്ര സംഘടിപ്പിച്ചത്. മരിച്ച റിയയും കുടുംബവും ആറ് വര്‍ഷമായി ഖത്തറിലാണ്. പുത്തന്‍പുരയില്‍ രാധാകൃഷ്ണന്റെയും ശാന്തിയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് റിയ.ഇരട്ട സഹോദരി: ഷിയ. സഹോദരന്‍: റിഷി.
ഖത്തറില്‍ കുടുംബസമേതം കഴിയുന്ന മലയാളികളടക്കം ബലി പെരുന്നാള്‍ അവധിക്കാണ് കെനിയയിലേക്ക് പോയത്. നകൂറുവില്‍ നിന്ന് ന്യാഹുരുവിലെ റിസോര്‍ട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടംസംഭവിച്ചത്. തിങ്കളാഴ്ച രാത്രി ന്യാഹുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. കെനിയയിലെ വിനോദയാത്ര കഴിഞ്ഞ് ഇന്നലെ തിരികെ ഖത്തറിലേക്കു മടങ്ങാനിരിക്കെയായിരുന്നു അപകടം.
മലയാളികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നോര്‍ക്ക റൂട്ട്‌സ് വഴി ലോകകേരള സഭാംഗങ്ങള്‍ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha