കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും...

കെനിയയിലെ ബസ് അപകടം.... അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.
കെനിയയില്‍ നിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനായി യെല്ലോ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവേഗ ഇടപെടിലിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇളവ് അനുവദിക്കുകയും ചെയ്തു.
കെനിയയില്‍ നിന്ന് ഖത്തറിലേക്ക് വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് മാത്രമാണ് യെല്ലോ ഫീവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവല്‍ ഏജന്‍സി അധികൃതര്‍ വ്യക്തമാക്കിയത്. ഇതോടെ ഭൗതിക ശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ടായിരുന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങള്‍ അടിയന്തിര ഇടപെടല്‍ തേടി നോര്‍ക്ക റൂട്ട്സിനെ വിവരമറിയിച്ചു. ഉടന്‍ തന്നെ നോര്‍ക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സര്‍ക്കാരുമായി അടിയന്തര ഇടപെടല്‍ നടത്തി.
ഇതേത്തുടര്‍ന്ന് യെല്ലോ ഫീവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച് ഒഴിവാക്കിനല്‍കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്സ് ഏറ്റുവാങ്ങുകയും ഇവിടെ നിന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകുകയും ചെയ്യും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടാകും. ജൂണ്‍ ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.
ഖത്തറില്‍നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍. നെയ്റോബിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha