അമേരിക്കയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ഇന്ത്യയുടെ കോണ്‍സുലേറ്റ് ജനറല്‍...

സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യയുടെ കോണ്‍സുലേറ്റ് ജനറല്‍. റഷ്യയിലെ കംചട്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂചലനത്തിന് പിന്നാലെയാണ് വിവിധ രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാലിഫോര്‍ണിയയിലെയും മറ്റ് പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളിലെയും ഹവായിയിലെയും ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താനും അമേരിക്കന്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനുമാണ് കോണ്‍സുലേറ്റ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
യുഎസ് അധികൃതരില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നപക്ഷം ഉയര്‍ന്ന പ്രദേശത്തേക്ക് മാറണം, തീരപ്രദേശങ്ങള്‍ ഒഴിവാക്കണം, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നദ്ധരായിരിക്കണം, ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ളത്. സഹായം തേടുന്ന ഇന്ത്യക്കാര്‍ക്കായി അടിയന്തരസഹായത്തിന് ഫോണ്‍ നമ്പറും (+14154836629) സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ സജ്ജമാക്കിയിട്ടുണ്ട്.
റഷ്യയിലെ കംചട്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് പ്രകമ്പനം കൊള്ളുന്ന കെട്ടിടങ്ങളുടെയും മറ്റും ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇന്ന് രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. പെട്രോപാവ്,ലോവ്‌സ്‌ക്-കംചട്ക്‌സിക്ക് 133 കിലോമീറ്റര്‍ തെക്കുകിഴക്ക്, 74 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. 1952-നു ശേഷം ഈ മേഖലയില്‍ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂകമ്പമാണിത് റഷ്യ അറിയിച്ചു.
ഭൂകമ്പത്തെ തുടര്‍ന്ന് കെട്ടിടങ്ങളുടെ ഉള്ളിലെ വസ്തുവകകള്‍ തുടരെത്തുടരെ ചലിക്കുന്നത് പുറത്തെത്തിയ വീഡിയോകളില്‍ വ്യക്തമാണ്. ആളുകള്‍ ഭയന്നുനിലവിളിക്കുന്നതും ചില വീഡിയോകളില്‍ കേള്‍ക്കാം. പുലർച്ചെ റഷ്യയുടെ ഫാർ ഈസ്റ്റിൽ ഉണ്ടായ ഭൂകമ്പത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു ഇത്. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വടക്കൻ പസഫിക് മേഖലയിൽ സുനാമി സൃഷ്ടിച്ചു. അലാസ്ക, ഹവായ്, ന്യൂസിലാൻഡിന്റെ തെക്ക് ഭാഗങ്ങളിൽ മുന്നറിയിപ്പുകൾ നൽകി. 180,000 ജനസംഖ്യയുള്ള റഷ്യൻ നഗരമായ പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് ഏകദേശം 119 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായത്.
ഏകദേശം 1,000 അടി ഉയരമുള്ള 'മെഗാ സുനാമി' അമേരിക്കയുടെ വലിയൊരു ഭാഗം തന്നെ നശിപ്പിക്കുമെന്ന് നേരത്തെ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. കാസ്‌കാഡിയ സബ്‌ഡക്ഷൻ സോണിൽ ശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുന്നതോടെ ഇത് സംഭവിക്കുമെന്നാണ് അവർ പറഞ്ഞിരുന്നത്. 'പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണൽ അക്കാഡമി ഓഫ് സയൻസസിൽ' പ്രസിദ്ധീകരിച്ച വിർജീനിയ ടെക്കിലെ ഗവേഷകർ നടത്തിയ പുതിയ പഠനത്തിലാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഭൂകമ്പം മൂലം അമേരിക്കയുടെ തീരപ്രദേശത്തിന്റെ ചില ഭാഗങ്ങൾ 6.5 അടി വരെ താഴ്ന്നുപോകുമെന്നും ഇത് സുനാമിയെ കൂടുതൽ വിനാശകാരിയാക്കുമെന്നും പഠനം പറയുന്നു.
സാധാരണ സുനാമിയിൽ നിന്ന് വളരെ വ്യത്യസ്‌തമാണ് മെഗാ സുനാമി. നൂറുകണക്കിന് അടി ഉയരത്തിലുള്ള തിരമാലകളാണ് മെഗാ സുനാമി സൃഷ്‌ടിക്കുന്നത്. ശക്തമായ ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ, അഗ്നിപർവത സ്‌ഫോടനങ്ങൾ അല്ലെങ്കിൽ ഉൽക്കാവർഷങ്ങൾ പോലെ വെള്ളത്തിനടിയിൽ സംഭവിക്കുന്ന പ്രധാന സംഭവങ്ങൾ മൂലമാണ് ഇവ ഉണ്ടാകുന്നത്.സാധാരണ സുനാമിയിൽ നിന്ന് വ്യത്യസ്‌തമായി മൈലുകൾ താണ്ടി ഉൾനാടുകളിൽ പോലും ഇതിന്റെ പ്രത്യാഘാതങ്ങൾ എത്തും. തീരദേശം മാത്രമല്ല ഉൾഗ്രാമങ്ങളെ പോലും ഇവ നശിപ്പിക്കും. ആളുകൾക്ക് രക്ഷപ്പെടാൻ പോലും അധിക സമയം കിട്ടില്ല. അത്രയും വേഗത്തിലാകും ഈ തിരമാലകൾ സഞ്ചരിക്കുക. അപൂർവമാണെങ്കിലും ഇതിന് മുമ്പും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നിട്ടുണ്ട്. ജനവാസമേഖലയിൽ ഇവ പതിച്ചാൽ വൻ അപകടങ്ങളാകും വരുത്തുക.
അടുത്ത 50 വർഷത്തിനുള്ളിൽ അമേരിക്കൻ മേഖലയിൽ 8.0 തീവ്രതയുള്ള ഭൂകമ്പത്തിന് 15 ശതമാനം സാദ്ധ്യതയുണ്ടെന്നാണ് പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണൽ അക്കാഡമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച വിർജീനിയ ടെക്കിലെ ഭൗമശാസ്ത്രജ്ഞരുടെ പുതിയ പഠനം പറയുന്നത്. ഇത്തരമൊരു ശക്തമായ ഭൂകമ്പമുണ്ടായാൽ മെഗാ സുനാമി ഉണ്ടാകും. ഇതോടെ തീരപ്രദേശങ്ങൾ 6.5 അടി വരെ മുങ്ങിയേക്കാം. കൂടാതെ സിയാറ്റിൽ, ഒറിഗോൺ, പോർട്ട്‌ലാൻഡ് തുടങ്ങിയ പ്രധാന നഗരങ്ങളും ഒലിച്ചുപോകുമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്.
വടക്കൻ വാൻകൂവർ ദ്വീപിൽ നിന്ന് കാലിഫോർണിയയിലെ കേപ് മെൻഡോസിനോ വരെ നീളുന്ന ഒരു ഫോൾട്ട് ലൈനായ കാസ്‌കേഡിയ സബ്‌ഡക്ഷൻ സോണിലാണ് ഭൂകമ്പം ഉണ്ടാകുന്നതെങ്കിൽ, അലാസ്ക, ഹവായ്, അമേരിക്കയുടെ വെസ്റ്റ് കോസ്റ്റിന്റെ ചില ഭാഗങ്ങൾ എന്നിവ അപകടത്തിൽപ്പെടും. ഇവ പൂർണമായും മുങ്ങിപ്പോകാൻ സാദ്ധ്യതയുണ്ട്. മെഗാ സുനാമി കാരണമുണ്ടാകുന്ന തിരമാലകൾ 1000 അടി വരെ ഉയരാം. ഇത് ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും.
https://www.facebook.com/Malayalivartha