ജപ്പാനിലും റഷ്യയിലും കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറി; ശക്തമായ തിരമാലകളില്‍ കരയ്ക്കടിഞ്ഞത് കൂറ്റന്‍ തിമിംഗലങ്ങൾ

റഷ്യയിലെ കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നടുങ്ങിയിരിക്കുകയാണ് ലോകം. റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ ഭൂകമ്പമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ പറയുന്നു. ഭൂകമ്പത്തെ തുടർന്ന് റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സൂനാമിയും എത്തി. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സൂനാമി തിരകൾ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചു. 2011ല്‍ ജപ്പാനിൽ ആഞ്ഞടിച്ച സൂനാമിയില്‍ ആണവകേന്ദ്രം തകർന്നിരുന്നു. ന്യൂസീലൻഡ്, ഹവായി, യുഎസ്. വെസ്റ്റ് കോസ്റ്റ്, ഫിലിപ്പീൻസ് തുടങ്ങിയവ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ ഉടനീളം സൂനാമി മുന്നറിയിപ്പുകൾ ഉള്ളതിനാൽ ഒഴിപ്പിക്കലുകളും സുരക്ഷാ നടപടികളും നടന്നിരുന്നു.
വടക്കൻ ഹവായിയൻ ദ്വീപുകളിലെ ചില തീരങ്ങളിൽ 10 അടി ഉയരമുള്ള സൂനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്നും തീരദേശ മേഖലകളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നും ഹവായിലെ ഗവർണർ ജോഷ് ഗ്രീൻ മുന്നറിയിപ്പ് നൽകി. ഇത് ഒരു തീരത്ത് മാത്രം ഒതുങ്ങാതെ ദ്വീപിന് ചുറ്റും ആഞ്ഞടിക്കുമെന്ന് ഗവർണർ വ്യക്തമാക്കുന്നു. ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ജപ്പാനിലും റഷ്യയിലും കൂറ്റന്‍ തിരമാലകള്‍ ആണ് കരയിലേക്ക് അടിച്ചു കയറിയത്. നാലു മീറ്ററോളം ഉയരമുള്ള സുനാമി തിരമാലകളാണ് അടിച്ചത്. ശക്തമായ തിരമാലകളില്‍ കൂറ്റന്‍ തിമിംഗലങ്ങളും കരയിലേക്ക് എത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജപ്പാന്‍ തീരത്തെ തുറമുഖങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായി.
സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചതിനാല്‍ ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ജപ്പാനില്‍ ഒരു മീറ്ററിലേറെ ഉയരമുള്ള സുനാമി തിരകള്‍ തീരത്ത് അടിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ മരിച്ചതായി ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയും അതീവ ജാഗ്രതയിലാണ്. ഹവായിയില്‍ സുനാമി തിരകള്‍ ഉണ്ടായി. അതേസമയം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ പ്രാപ്തമായ തിരമാലകള്‍ അല്ല എന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. ഇവിടെയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha