മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിന് നേരേ യുദ്ധം തുടരുമെന്ന് ഇസ്രായേൽ: ആയുധശേഖരത്തിൽ കുറവ്...

ഇസ്രായേല്‍ പലസ്തീനു നേരെയുള്ള പോരാട്ടം വീണ്ടും ശക്തമാക്കുന്നു. മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിനു നേരേ യുദ്ധം തുടരുമെന്നും ഗാസ പൂര്‍ണമായി കീഴടക്കുമെന്നും ഹമാസിനെ ഭൂമഖത്തു നിന്നു തുടച്ചുനീക്കുമെന്നുമാണ് ഇസ്രായേല്‍ പ്രധാനമനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഉറച്ച തീരുമാനം. ഒരു വശത്ത് ബോംബിംഗും മിസൈല്‍ വര്‍ഷവും തുടരുകയും മറുവശത്ത് ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുകയെന്നതാണ് നെജന്യാഹുവിന്റെ നയം. പുറമെ എതിര്‍ക്കുന്നുണ്ടൈങ്കിലും ഹമാസ് ഭീകരവാദികളെ ഇല്ലാതാക്കുന്നതുവരെ ഗാസയില്‍ യുദ്ധം തുടരണമെന്നാണ് അമേരിക്കയുടെ നയം. ഇറാനുമായി നടത്തിയ കടുത്ത പോരാട്ടത്തിലും ഒന്നര വര്‍ഷമായി ഹമാസിനു നേരെ നടത്തിവരുന്ന യുദ്ധത്തിലും ഇസ്രായേലിന് ആയുധശേഖരം നന്നേ കുറഞ്ഞിട്ടുണ്ട്.
അടുത്തയാഴ്ചയോടെ ഇസ്രായേലും ഫ്രാന്‍സും ജര്‍മനിയും ഇസ്രായേലിന് അത്യാധുനിക യുദ്ധസാമഗ്രികള്‍ എത്തിക്കുന്നതോടെ ഇസ്രോയേല്‍ പലസ്തിനെയും സിറിയെയും ഇറാനെയും ഒരേ സമയം ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആറു മാസത്തിനുള്ളില്‍ ഹമാസിനെ ഇല്ലാതാക്കാനാണ് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ ഗാസയുടെ എണ്‍പതു ശതമാനം പ്രദേശങ്ങളും ഇസ്രായേലിന്റെ കൈവശത്തിലായിട്ടുണ്ട്. ഗാസാ മുനമ്പില്‍ ഭക്ഷണം കാത്തുനിന്ന 48 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഇന്നലെ കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗാസ മുനമ്പില്‍ കൊടും പട്ടിണിയും മരണവും വ്യാപിക്കുന്നതിനിടെയാണ് സംഭവം.
ഒന്നോ രണ്ടോ ബിസ്‌കറ്റും ഒരു ഗ്ലാസ് പച്ചവെള്ളവുകൊണ്ടാണ് ഇവിടെയുള്ള ആയിരക്കണക്കിന് കുട്ടികള്‍ ജീവന്‍ നിലനിറുത്തുന്നത്. ലോകത്തില്‍ ഏറ്റവുമധികം പട്ടിണിമരണവും പോഷകാഹാരക്കുറവും നേരിടുന്ന പ്രദേശമായിരിക്കുന്ന ഗാസ. ഗാസയില്‍ ഇസ്രയേല്‍ കടന്നാക്രമണം ആരംഭിച്ചത് മുതല്‍ 89 കുഞ്ഞുങ്ങളാണ് പോഷകാഹാരക്കുറവ് ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചത്. 24 മണിക്കൂറിനിടയില്‍ ഗാസയില്‍ 111 പേര്‍ കൊല്ലപ്പെട്ടതായും എണ്ണൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ നടത്തിയ സൈനികാക്രമണങ്ങളില്‍ ഇതുവരെ അറുപതിനായിരത്തോളം പലസ്തീന്‍കാര്‍ക്ക് ജീവഹാനിയുണ്ടായതായതാണ് റിപ്പോര്‍ട്ടുകള്‍. 2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്. സമീപകാലത്ത് ഏറ്റവും നാശം വിതച്ച യുദ്ധത്തില്‍ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമടിയില്‍ കുടുങ്ങി ആയിരക്കണക്കിനാളുകളെ കാണാതായതായിട്ടുമുണ്ട്.
അവശ്യസേവനങ്ങളുടെ പ്രവര്‍ത്തനം മോശം നിലയിലാണെന്നും പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നതായും ആഗോള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഗാസയിലേക്കുള്ള സഹായങ്ങള്‍ ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ആഗോള സംഘടനകള്‍ ആരോപിക്കുന്നു. ഭക്ഷ്യക്ഷാമവും സഹായവിതരണത്തിലെ തകര്‍ച്ചയും മൂലം അവശരായ രോഗികളാല്‍ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്നും നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ആരോഗ്യമന്ത്രാലയം ആശങ്ക പങ്കുവെക്കുന്നു. അര്‍ധരാത്രി ഹമാസ് നടത്തിയ ഇസ്രായേലില്‍ കടന്നു കയറി നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇസ്രയേല്‍ പ്രത്യാക്രമണം ആരംഭിച്ചത്. ഹമാസ് തീവ്രവാദികള്‍ അന്നു നടത്തിയ ഹീനമായ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 300 റ പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ കര, വ്യോമാക്രമണങ്ങളില്‍ ഗാസയിലും സമീപപ്രദേശങ്ങളിലുമായി 23 ലക്ഷത്തോളം പേര്‍ സ്വന്തം ദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നു.
ഹമാസിന്റെ സൈനികശേഷി ശിഥിലമാക്കുക മാത്രമല്ല ഹമാസിനെ തുടച്ചുനീക്കുന്നതു വരെ പോരാട്ടം തുടരുമെന്നുമാണ് ഇസ്രയേലിന്റെ നിലപാട്. ഇതോടകം ഇരുപതിനായിരത്തിലേറെ ഹമാസ് തീവ്രവാദികളെ വധിച്ചതായും അവര്‍ ഉപയോഗിച്ചുവന്ന നൂറുകണക്കിന് കിലോമീറ്റര്‍ വ്യാപിച്ചുകിടന്ന തുരങ്കങ്ങള്‍ തകര്‍ത്തതായും ഇസ്രേയല്‍ അവകാശപ്പെടുന്നു. ഈജിപ്ത്, ജോര്‍ദാന്‍, യുഎഇ എന്നിവടങ്ങളില്‍ നിന്ന് ഗാസയിലേക്ക് സഹായം എത്തിക്കുന്നുണ്ടെങ്കിലും അവ വിതരണം ചെയ്യാന്‍ ഇസ്രായേല്‍ തയാറല്ല. ഭക്ഷണത്തിനും കുടിവെള്ളത്തിനും ഓടിയെത്തുന്നവരെ അതിക്രൂരമായി ഇസ്രായേല്‍ സൈന്യം വെടിവച്ചുവീഴ്ത്തുകയാണ്.
ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ സെപ്റ്റംബറില്‍ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുമെന്ന ബ്രിട്ടന്റെ ശാസന വക വയ്ക്കാതെയാണ് ഇസ്രായേല്‍ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്.സെപ്റ്റംബറിലെ യുഎന്‍ പൊതുസഭയില്‍ പലസ്തീനു രാഷ്ട്രപദവി നല്‍കുമെന്നു കഴിഞ്ഞദിവസം ഫ്രാന്‍സും പ്രഖ്യാപിച്ചിരുന്നു. അമേരിക്ക നിര്‍ദേശിച്ച 60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിയില്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ ഹമാസും ഇസ്രയേലും ധാരണയായിട്ടില്ല. പലസ്തീനില്‍ ഹമാസിനെ ഇല്ലാതാക്കുക, ബന്ദികളെ മോചിപ്പിക്കുക എന്നിവയായിരുന്നു ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്ന കനത്ത പോരാട്ടത്തില്‍ ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഗാസയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. ഇനിയൊരിക്കലും ഗാസയില്‍ സൈ്വര്യമായ ജീവിതം സാധ്യവുമല്ല.
ഹമാസ് കീഴടങ്ങുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്താല്‍ മാത്രമേ സമാധാനം ഉണ്ടാകൂ എന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉറച്ചു നില്‍ക്കുന്നത്. ഇത് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമാകുന്നുമുണ്ട്. ഇരുപക്ഷവും പരസ്പരം ആവശ്യങ്ങള്‍ നിരസിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
സെപ്തംബറോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. അതോടെ ഗാസയിലെ മുഴുവന്‍ ജനവും കടുത്ത ഭക്ഷ്യക്ഷാമം നേരിടും. 5ലക്ഷത്തിലധികം പേര്‍ കൊടും പട്ടിണിയിലേക്ക് തള്ളപ്പെടും. ഈ സാഹചര്യമൊഴിവാക്കാന്‍ സൈനിക നീക്കത്തില്‍ നിന്നും അതിര്‍ത്തിയിലെ നിയന്ത്രണങ്ങളില്‍ നിന്നും ഇസ്രയേലിനെ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുകയാണ് ലോകരാഷ്ട്രങ്ങള്‍.
https://www.facebook.com/Malayalivartha