റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം

യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയിലെ സോച്ചിയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപിടിത്തം. യുക്രെയ്‌ന്റെ ഡ്രോണ്‍ എണ്ണ സംഭരണശാലയിലെ കൂറ്റന്‍ ഇന്ധന ടാങ്കുകളിലൊന്നില്‍ പതിച്ചതായും ഇതാണ് തീപിടിത്തത്തിനു കാരണമായതെന്നുമാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീ നിയന്ത്രണ വിധേയമാക്കാനായി നൂറിലേറെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റീജിയനല്‍ ഗവര്‍ണര്‍ വെന്യാമിന്‍ കോന്ദ്രോതിയേവ് പറഞ്ഞു.
2000 ക്യൂബിക് മീറ്റര്‍ സംഭരണശേഷിയുള്ള ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. അപകടത്തിനു പിന്നാലെ സോച്ചിയിലെ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. റയാസാന്‍, പെന്‍സ തുടങ്ങിയ നഗരങ്ങള്‍ ലക്ഷ്യമിട്ടും യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് റഷ്യ ആരോപിക്കുന്നത്.
യുക്രെയ്ന്‍ കഴിഞ്ഞരാത്രി മുതല്‍ തൊടുത്തുവിട്ട 93 ഡ്രോണുകള്‍ പ്രതിരോധിച്ചതായി റഷ്യ അവകാശപ്പെടുന്നു. ഇതില്‍ 60 എണ്ണവും തടുത്തത് കരിങ്കടലിനു മുകളില്‍വച്ചാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, മികോലെയ്‌വില്‍ റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരുക്കേറ്റതായാണ് യുക്രെയ്ന്‍ ആരോപിക്കുന്നത്. മിസൈല്‍ ആക്രമണത്തില്‍ വീടുകളടക്കം തകര്‍ന്നതായും റഷ്യ തുടര്‍ച്ചയായി ആക്രമണം നടത്തിയെന്നും യുക്രെയ്ന്‍ പറയുന്നു.
https://www.facebook.com/Malayalivartha