ഇന്ത്യക്ക് വീണ്ടും ട്രംപിന്റെ ഭീഷണി

ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അധിക താരിഫുകള്‍ ചുമത്തുമെന്ന് ഇന്ത്യക്ക് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യ ഒരു നല്ല വ്യാപാര പങ്കാളി അല്ലെന്ന് യുഎസ് പ്രസിഡന്റ് തുറന്നടിച്ചു. അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നു. എന്നാല്‍ ഞങ്ങള്‍ അവര്‍ക്കൊപ്പമില്ലെന്ന് ട്രംപ് ചൊവ്വാഴ്ച സിഎന്‍ബിസിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
'അതുകൊണ്ട് ഞങ്ങള്‍ 25 ശതമാനത്തില്‍ ഒതുക്കി, പക്ഷേ അവര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതുകൊണ്ട്, അടുത്ത 24 മണിക്കൂറിനുള്ളില്‍ അത് ഗണ്യമായി ഉയര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ യുദ്ധത്തിന് ഇന്ധനം നല്‍കുകയാണ്' ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്ച 25 ശതമാനം താരിഫ് ചുമത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പുതിയ ഭീഷണി. ഇന്ത്യയും റഷ്യയും ക്ഷയിച്ച സാമ്പത്തിക ശക്തികള്‍ ആണെന്ന് പറഞ്ഞ ട്രംപ്, റഷ്യന്‍ എണ്ണ വന്‍തോതില്‍ വാങ്ങുന്ന ഇന്ത്യക്കെതിരെ ഈ ആഴ്ച വീണ്ടും രംഗത്തെത്തുകയായിരുന്നു.
തിങ്കളാഴ്ച ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ ട്രംപ് ഇങ്ങനെ കുറിച്ചു: 'ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും വലിയ ലാഭത്തിന് വിപണിയില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. റഷ്യന്‍ യുദ്ധം കാരണം യുക്രെയ്‌നില്‍ എത്ര ആളുകള്‍ കൊല്ലപ്പെടുന്നു എന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു ചിന്തയുമില്ല. അതുകൊണ്ട്, ഇന്ത്യ യുഎസിന് നല്‍കുന്ന താരിഫ് ഞാന്‍ ഗണ്യമായി വര്‍ദ്ധിപ്പിക്കും.'
ഇതിനോട് ഇന്ത്യ രൂക്ഷമായാണ് പ്രതികരിച്ചത്. യുഎസും യൂറോപ്യന്‍ യൂണിയനും യുെ്രെകന്‍ യുദ്ധത്തിനിടയിലും റഷ്യയുമായി വ്യാപാരം തുടരുമ്പോള്‍, റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തുന്നത് നീതികേടാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. അതേസമയം, റഷ്യയും ട്രംപിന്റെ ഭീഷണിക്കെതിരെ രംഗത്തെത്തി. റഷ്യയുമായുള്ള വ്യാപാരബന്ധം വിച്ഛേദിക്കാന്‍ ഇന്ത്യ പോലുള്ള തങ്ങളുടെ സഖ്യകക്ഷികളെ ട്രംപ് നിയമവിരുദ്ധമായി സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ അവകാശവും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha