ഗാസ നഗരം പിടിച്ചെടുക്കൽ യുദ്ധത്തിന്റെ അവസാനമെന്ന് നെതന്യാഹു – ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മാധ്യമപ്രവർത്തകരും...

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഗാസ നഗരം പിടിച്ചെടുക്കലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ഗാസയുടെ ഭൂരിഭാഗം പ്രദേശം ഇസ്രയേൽ സൈനിക നിയന്ത്രണത്തിലായിട്ടും, ഹമാസ് ശക്തികേന്ദ്രങ്ങൾ ഇപ്പോഴും സജീവമാണ്. ഹമാസിനെ പൂർണമായും പരാജയപ്പെടുത്താൻ നഗരത്തെ പിടിച്ചെടുക്കേണ്ടിവരുമെന്നതാണ് നെതന്യാഹുവിന്റെ നിലപാട്. ഹമാസ് ആയുധം താഴെ വയ്ക്കാൻ വിസമ്മതിക്കുകയാണ്. ഇതിനാൽ ഇസ്രയേലിന് ജോലി പൂർത്തിയാക്കി ഹമാസിന്റെ പരാജയം പൂർത്തിയാക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും നെതന്യാഹു പറഞ്ഞു. ഗാസയുടെ ഏകദേശം 70-75 ശതമാനം ഇസ്രയേൽ സൈനിക നിയന്ത്രണത്തിലാണ്. എന്നാൽ ഹമാസിന്റെ ചില ശക്തികേന്ദ്രങ്ങൾ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഹമാസിനെ ഈ കേന്ദ്രങ്ങളിൽനിന്ന് തുടച്ചുനീക്കാൻ ഗാസ നഗരം പിടിച്ചെടുക്കുകയല്ലാതെ വെറെ വഴിയില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രയേൽ ഗാസ കൈവശപ്പെടുത്താനല്ല, മറിച്ച് സ്വതന്ത്രമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഗാസയിലേക്കുള്ള സഹായം വർധിപ്പിക്കുന്നതിനുള്ള മൂന്ന് ഘട്ട പദ്ധതിയും നെതന്യാഹു വിശദീകരിച്ചു. മാനുഷിക സഹായ വിതരണത്തിനായുള്ള അതിർത്തി നിയന്ത്രണങ്ങൾ നീക്കുന്നത് വരെ ഇതിൽ ഉൾപ്പെടും.
ഗാസയിലേക്ക് സഹായമെത്തിക്കുന്നതിന് ഇസ്രയേൽ 11 ആഴ്ചയായി ഏർപ്പെടുത്തിയ ഉപരോധം നിലവിലുള്ള പട്ടിണി പ്രതിസന്ധിക്ക് എന്തെങ്കിലും പങ്കുണ്ടോ എന്ന് മാധ്യമപ്രവർത്തകർ നെതന്യാഹുവിനോട് ചോദിച്ചപ്പോൾ ഇവിടേക്ക് എത്തിക്കുന്ന സാധനങ്ങൾ ഹമാസ് കൊള്ളയടിക്കുകയാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ആണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha