തട്ടകത്തില്‍ നിന്നും എതിര്‍പ്പ്... യുഎസിന്റെ പുതിയ താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ഇന്ത്യ മറ്റുവഴികള്‍ തേടി; യുഎസ് ഇല്ലെങ്കില്‍ പകരം ഈ 50 രാജ്യങ്ങള്‍

ട്രംപിന്റെ കൊടും ചതിയ്ക്ക് മുമ്പില്‍ മുട്ട് മടക്കില്ല. പകരം പണി നല്‍കുന്നു. യുഎസിന്റെ പുതിയ താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ഇന്ത്യ മറ്റുവഴികള്‍ തേടിതുടങ്ങി. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി 20ല്‍ നിന്ന് 50 രാജ്യങ്ങളിലേക്ക് വര്‍ധിപ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങി പ്രദേശങ്ങളിലെ വിപണികള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ കയറ്റുമതി വ്യാപിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 90 ശതമാനവും ഈ പ്രദേശങ്ങളിലെ രാജ്യങ്ങളിലേക്കാണ് പോകുന്നത്.
കയറ്റുമതി വൈവിധ്യവല്‍ക്കരണം, ഇറക്കുമതിക്ക് പകരം വയ്ക്കല്‍, കയറ്റുമതി മത്സരശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങി മൂന്ന് പ്രധാന മേഖലകള്‍ സജീവമാക്കാന്‍ വാണിജ്യ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓരോ വിപണിക്കും വേണ്ട മുന്‍ഗണനാ ഉല്‍പന്നങ്ങള്‍ തിരിച്ചറിയുക, വ്യാപാര പ്രോത്സാഹന ശ്രമങ്ങള്‍ ശക്തിപ്പെടുത്തുക, ലോജിസ്റ്റിക്കല്‍, നിയന്ത്രണ തടസ്സങ്ങള്‍ പരിഹരിക്കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
യുഎസ് ഉള്‍പ്പെടെയുള്ള ചില പ്രധാന കയറ്റുമതി രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പെട്ടെന്നുള്ള വ്യാപാര തടസ്സങ്ങള്‍ക്കെതിരെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കയറ്റുമതിക്കാരുടെ ദീര്‍ഘകാല ആവശ്യം നിറവേറ്റിക്കൊണ്ട് 2,250 കോടി രൂപയുടെ കയറ്റുമതി പ്രമോഷന്‍ മിഷന്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതുക്കിയ രൂപരേഖയും ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം, പലിശ സബ്വെന്‍ഷന്‍, മറ്റ് വിപണി ആക്സസ് പ്രോത്സാഹനങ്ങള്‍ തുടങ്ങി ഘടകങ്ങളും മിഷന്റെ ഭാഗമായിരിക്കും.
യുഎസും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര ഉടമ്പടി അവസാനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ഈടാക്കുന്നത് വൈകിപ്പിക്കുന്ന ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതായി റിപ്പോര്‍ട്ട്. അധിക താരിഫുകള്‍ ഈടാക്കുന്നത് 90 ദിവസത്തേക്ക് കൂടി നീട്ടിവയ്ക്കുമെന്ന് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണലും സിഎന്‍ബിസിയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വിഷയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല.
ഈ വര്‍ഷം ആദ്യത്തില്‍ യുഎസും ചൈനയും പരസ്പരം ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചുകൊണ്ട് വ്യാപാര യുദ്ധത്തിലായിരുന്നു. തുടര്‍ന്ന് മേയില്‍ ഇരു രാജ്യങ്ങളും അവ താല്‍ക്കാലികമായി കുറയ്ക്കാന്‍ സമ്മതിച്ചു. ചൈനയ്ക്കുള്ള സമയം നീട്ടിയത് സംബന്ധിച്ച് ട്രംപിനോട് ചോദിച്ചപ്പോള്‍ 'എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. അവര്‍ (ചൈന) വളരെ നന്നായി പെരുമാറുന്നു. പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഞാനും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണ്' എന്നാണ് പ്രതികരിച്ചത്. അധികാരത്തില്‍ തിരിച്ചെത്തിയശേഷം യുഎസ് നേടിയ താരിഫ് വരുമാനത്തെക്കുറിച്ചും ട്രംപ് പറഞ്ഞു.
'രണ്ട് രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ ഫോണ്‍ കോളില്‍ ഉണ്ടായ സുപ്രധാന സമവായം പിന്തുടരാന്‍ യുഎസ് ചൈനയുമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞത്. സമത്വം, ബഹുമാനം, പരസ്പര നേട്ടം എന്നിവയുടെ അടിസ്ഥാനത്തില്‍ നല്ല നേട്ടങ്ങള്‍ക്കായി വാഷിങ്ടന്‍ പരിശ്രമിക്കുമെന്ന് ചൈന പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ പുതിയ ഉത്തരവിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 90 ദിവസത്തെ കാലാവധി നീട്ടിയതോടെ നവംബര്‍ ആദ്യത്തില്‍ ചൈനയ്ക്ക് നല്‍കിയ ഇളവ് അവസാനിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളില്‍ ഇന്ത്യയുടെ പിന്തുണ തേടിയാണ് സെലന്‍സ്‌കി മോദിയുമായി സംസാരിച്ചത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത മോദിയെ അറിയിച്ചതായി സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. മോദിയുമായി നീണ്ട സംഭാഷണത്തില്‍ ഏര്‍പ്പെട്ടെന്നും സെലന്‍സ്‌കി പറഞ്ഞു.
''ഞങ്ങളുടെ നഗരങ്ങളില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളെ കുറിച്ചും സപ്പോരിജിയയിലെ ബസ് സ്റ്റേഷനുനേരെ ഇന്നലെ നടന്ന ആക്രമണത്തെക്കുറിച്ചും ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. റഷ്യ മനഃപൂര്‍വം നടത്തിയ ബോംബാക്രമണത്തില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരുക്കേറ്റു. യുദ്ധം അവസാനിപ്പിക്കാന്‍ ഒടുവില്‍ ഒരു നയതന്ത്ര സാധ്യത തെളിഞ്ഞുവന്ന സമയത്താണ് റഷ്യ ഇങ്ങനെ ചെയ്യുന്നത്. വെടിനിര്‍ത്തലിനു സന്നദ്ധത പ്രകടിപ്പിക്കുന്നതിനു പകരം, അധിനിവേശവും കൊലപാതകങ്ങളും തുടരാനാണ് റഷ്യ ആഗ്രഹിക്കുന്നത്.
യുക്രെയ്‌നുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യുക്രെയ്‌ന്റെ പങ്കാളിത്തത്തോടെ വേണം തീരുമാനിക്കാന്‍. മറ്റു വഴികളൊന്നും ഫലം കാണില്ല. യുദ്ധത്തിനു പണം കണ്ടെത്താനായി റഷ്യ സ്വീകരിക്കുന്ന മാര്‍ഗങ്ങളെല്ലാം ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ ഇന്ത്യയിലേക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതി പരിമിതപ്പെടുത്തേണ്ടതിന്റെ അനിവാര്യത ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയ്ക്കിടെ പ്രധാനമന്ത്രി മോദിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്'' - സെലെന്‍സ്‌കി എക്‌സില്‍ കുറിച്ചു
സംഘര്‍ഷം എത്രയും നേരത്തെ, സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ അവശ്യകത സെലെന്‍സ്‌കിയെ അറിയിച്ചതായി മോദി എക്‌സില്‍ കുറിച്ചു. ''ഈ കാര്യത്തില്‍ സാധ്യമായ എല്ലാ സംഭാവനകളും നല്‍കുന്നതിനും യുക്രെയ്‌നുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്'' - മോദി എക്‌സില്‍ കുറിച്ചു.
യുഎസ് താരിഫ് വര്‍ധനവില്‍ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി രംഗത്തെത്തി. ഇന്നത്തെ ലോകത്ത് 'ദാദാഗിരി' (ഭീഷണിപ്പെടുത്തല്‍) നടത്തുന്ന രാജ്യങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയുന്നത് അവര്‍ സാമ്പത്തികമായി ശക്തരും സാങ്കേതികവിദ്യയുള്ളവരുമായതു കൊണ്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കയറ്റുമതിയും സമ്പദ്വ്യവസ്ഥയും മുന്നേറ്റം നടത്തിയാല്‍ ഇന്ത്യയ്ക്ക് ആരുടെയും പിന്നാലെ പോകേണ്ടിവരില്ലെന്നും ഗഡ്കരി ഓര്‍മിപ്പിച്ചു. നാഗ്പൂരിലെ വിശ്വേശ്വരയ്യ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (വിഎന്‍ഐടി) സംസാരിക്കുകയായിരുന്നു ഗഡ്കരി.
'ദാദാഗിരി'യില്‍ മുഴുകുന്നവര്‍ അങ്ങനെ ചെയ്യുന്നത് അവര്‍ സാമ്പത്തികമായി ശക്തരായതിനാലും അവര്‍ക്ക് സാങ്കേതികവിദ്യ ഉള്ളതിനാലുമാണ്. നമുക്ക് മികച്ച സാങ്കേതികവിദ്യയും വിഭവങ്ങളും ലഭിക്കുകയാണെങ്കില്‍ നമ്മള്‍ ആരെയും ഭീഷണിപ്പെടുത്തില്ല, കാരണം ലോകത്തിന്റെ ക്ഷേമമാണ് ഏറ്റവും പ്രധാനമെന്ന് സംസ്‌കാരം നമ്മെ പഠിപ്പിക്കുന്നു,' ഗഡ്കരി പറഞ്ഞു. 'ആഗോളതലത്തില്‍ നമ്മള്‍ വിവിധ പ്രശ്‌നങ്ങള്‍ നേരിടുന്നു, ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ശാസ്ത്രവും സാങ്കേതികവിദ്യയുമാണ്, അതായത് അറിവ്, അതൊരു ശക്തിയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 6ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചില ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന ഉത്തരവില്‍ ഒപ്പുവച്ചിരുന്നു. ഇതോടെ മൊത്തം താരിഫ് 50 ശതമാനമായി. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര സംഘര്‍ഷങ്ങള്‍ വീണ്ടും രൂക്ഷമായതോടെയാണ് ഗഡ്കരിയുടെ പ്രസ്താവന. ഇത് യുഎസ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന വ്യാപാര പങ്കാളികളില്‍ ഒന്നായി ഇന്ത്യയെ മാറ്റി. തുണിത്തരങ്ങള്‍, രത്‌നങ്ങള്‍ മുതല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോ പാര്‍ട്‌സ് വരെയുള്ള മേഖലകള്‍ക്കാണ് ഇത് കനത്ത തിരിച്ചടിയായത്.
തീരുവ പ്രഖ്യാപനങ്ങളിലൂടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലോകത്തോടു വ്യാപാരയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അത് അയാളെ സ്വയം നശിപ്പിക്കുമെന്നും യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞനും ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ പ്രഫസറുമായ സ്റ്റിവ് ഹാങ്ക്. തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം തികഞ്ഞ അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്നും അതിന്റെ പിന്നിലെ സാമ്പത്തിക ശാസ്ത്രം തെറ്റാണെന്നും ഹാങ്ക് എന്‍ഡിടിവിയോടു പറഞ്ഞു. ഇന്ത്യയ്ക്കു മേലുള്ള അധിക തീരുവ 50 ശതമാനമായി ഉയര്‍ത്തിയ ട്രംപിന്റെ തീരുമാനത്തിനു പിന്നാലെ ഇന്ത്യയും യുഎസുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലിന്റെ പശ്ചാത്തലത്തിലാണ് ഹാങ്കിന്റെ പ്രസ്താവന.
''ശത്രു സ്വയം നശിപ്പിക്കാനുള്ള പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ അയാളുമായി ഇടപെടാതിരിക്കുകയാണ് നല്ലത് എന്ന് നെപ്പോളിയന്‍ പറഞ്ഞിട്ടുണ്ട്. ട്രംപ് സ്വയം നശിപ്പിക്കുകയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും കുറച്ചുകാലം കാത്തിരിക്കുകയാണ് നല്ലത്. ട്രംപിന്റെ 'ചീട്ടുകൊട്ടാരം' വൈകാതെ തകര്‍ന്നുവീഴുമെന്നാണ് കരുതുന്നത്. ട്രംപിന്റെ തീരുവകളുണ്ടാക്കുന്ന പ്രകമ്പനങ്ങളുടെ തീവ്രത നാമമാത്രമാണ്. അമേരിക്കക്കാരുടെ ചെലവ് മൊത്തം ദേശീയ ഉല്‍പാദനത്തേക്കാള്‍ കൂടുതലായതിനാല്‍ യുഎസില്‍ വലിയ വ്യാപാര കമ്മി ഉണ്ട്.'' - ഹാങ്ക് കൂട്ടിച്ചേര്‍ത്തു.
സ്റ്റീലിനും അലുമിനിയത്തിനും ഉള്‍പ്പെടെ 50% തീരുവ ഈടാക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ ഇന്ത്യയുടെ നീക്കം. തിരഞ്ഞെടുത്ത അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് കനത്ത തീരുവ ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളില്‍ നിന്ന് ട്രംപ് മലക്കംമറിഞ്ഞതും കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ഇന്ത്യ അമേരിക്കയിലേക്ക് 86 ബില്യന്‍ ഡോളറിന്റെ ഉല്‍പന്ന കയറ്റുമതി നടത്തുന്നുണ്ട്. തിരികെ, അമേരിക്ക ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് 45 ബില്യന്‍ ഡോളറിന്റെ ഉല്‍പന്നങ്ങളും. 41 ബില്യന്‍ ഡോളറിന്റെ വ്യാപാരമിച്ചം (ട്രേഡ് സര്‍പ്ലസ്) അമേരിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്കുണ്ട്. ഇന്ത്യ-അമേരിക്ക വാര്‍ഷിക വ്യാപാരം 500 ബില്യനിലേക്ക് ഉയര്‍ത്താന്‍ ഉഭയകക്ഷി വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ ഫെബ്രുവരിയില്‍ മോദി-ട്രംപ് ചര്‍ച്ചയില്‍ ധാരണയായിരുന്നു.
ഇതിനുപിന്നാലെയാണ് ട്രപ് താരിഫ് യുദ്ധത്തിലേക്ക് കടന്നതും നിലവില്‍ ഇന്ത്യയ്ക്കുമേല്‍ 50% തീരുവ പ്രഖ്യാപിച്ചതും. റഷ്യന്‍ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞതെങ്കിലും അമേരിക്കയുടെ കാര്‍ഷിക, ക്ഷീര ഉല്‍പന്നങ്ങള്‍ക്ക് വിപണി തുറന്നുകൊടുക്കാന്‍ ഇന്ത്യ തയാറാകാത്തതാണ് യഥാര്‍ഥ കാരണമെന്നാണ് വിലയിരുത്തല്‍. പുറമെ, ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയതും ട്രംപിന് നീരസമായിരുന്നു. ഇന്ത്യയുമായി ഇനി ചര്‍ച്ചയില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ഊര്‍ജം, സേവനം എന്നീരംഗത്തെ കയറ്റുമതികളില്‍ ഇന്ത്യയ്ക്കുമേല്‍ അമേരിക്കയ്ക്ക് മുന്‍തൂക്കമുണ്ട്. ഇവയ്ക്കുമേല്‍ ഇന്ത്യ കടുത്ത തീരുവ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ട്രംപിനെ പരോക്ഷമായി ഉന്നമിട്ട്, ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടയിടാനും ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ വില കൂട്ടാനും ചില ബാഹ്യശക്തികള്‍ നടത്തുന്ന ശ്രമം വിലപ്പോവില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങും ട്രംപിനുള്ള പരോക്ഷ മറുപടിയായി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha