ഹമാസ് ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗസ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍

ഹമാസ് ബന്ദി മോചനത്തിനും നിരായുധീകരണത്തിനും തയ്യാറായില്ലെങ്കില്‍ ഗസ നഗരം നശിപ്പിക്കുമെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി ഇസ്രായില്‍ കാറ്റ്‌സ്. ഗസ സിറ്റിയില്‍ വലിയ രീതിയിലുള്ള ആക്രമണത്തിന് ഇസ്രായില്‍ മന്ത്രിസഭാ കഴിഞ്ഞ ദിവസമായിരുന്നു അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെ രാജ്യത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള പ്രതിഷേധം നടക്കവെയാണ് മന്ത്രി ഇസ്രായില്‍ കാറ്റ്‌സിന്റെ പ്രസ്താവന.
ഖത്തറും ഈജിപ്ഷ്യന്‍ മധ്യസ്ഥരും മുന്നോട്ടുവച്ച 60 ദിവസത്തെ വെടിനിര്‍ത്തലിന് തിങ്കളാഴ്ച ഹമാസ് സമ്മതിച്ചിരുന്നു. ഗസയില്‍ ശേഷിക്കുന്ന ഇസ്രായില്‍ ബന്ദികളില്‍ പകുതിപ്പേരെ ഹമാസ് മോചിപ്പിക്കുമെന്ന് ഖത്തര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇസ്രായില്‍ പ്രധാനമത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് നിരസിച്ചു. ശേഷിക്കുന്ന എല്ലാ ബന്ദികളെ മോചിപ്പിക്കുന്നതിനും ഗസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും ഇസ്രായിലിന് സ്വീകാര്യമായ വ്യവസ്ഥകളില്‍ ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് നെതന്യാഹു പറഞ്ഞു.
കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വേണ്ടിയുള്ള സ്ഥലം തീരുമാനിച്ചുകഴിഞ്ഞാല്‍ ചര്‍ച്ചയ്ക്കായി ആളുകളെ അയക്കുമെന്ന് ഒരു ഇസ്രായില്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിന്റെ എല്ലാ ബന്ദികളെയും മോചിപ്പിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് നെതന്യാഹു പറഞ്ഞു. വ്യാഴാഴ്ച രാത്രി ഇസ്രായിലിലെ ഗസ ഡിവിഷന്റെ ആസ്ഥാനം സന്ദര്‍ശിച്ചപ്പോള്‍ ഒരു വീഡിയോ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
'ഗസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹമാസിനെ പരാജയപ്പെടുത്താനുമുള്ള ഇസ്രായില്‍ പ്രതിരോധ സേനയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനാണ് ഞാന്‍ വന്നത്,' അദ്ദേഹം പറഞ്ഞു. നെതന്യാഹുവിന്റെ ഈ പ്രസ്താവനയെ ശക്തിപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിരോധ മന്ത്രി കാറ്റ്‌സ് സംസാരിച്ചത്.
അതേസമയം ബന്ദി മോചനത്തിനായി ഇസ്രായിലില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ബന്ദികളുടെ കുടുംബാംഗങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha