വിരിഞ്ഞിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 23 കടലാമകള്‍ കൊല്ലപ്പെട്ടു

വിരിഞ്ഞ് വെറും മണിക്കൂറുകള്‍ക്കുള്ളില്‍ 23 കടലാമകളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഫ്‌ലോറിഡയിലെ അറ്റ്‌ലാന്റിക് ബീച്ച് കടല്‍ത്തീരത്താണ് കടലാമ കുഞ്ഞുങ്ങളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 21നാണ് സംഭവം. ബീച്ചസ് സീ ടര്‍ട്ടില്‍ പട്രോള്‍ സംഘമാണ് ആദ്യം ഈ കാഴ്ച കണ്ടത്. തെരുവുനായ ആക്രമണത്തിലാവാം ഇവ കൊല്ലപ്പെട്ടതെന്നാണ് അധികൃതരുടെ അനുമാനം.
കടലാമകളുടെ കുഞ്ഞുങ്ങളില്‍ ആയിരത്തില്‍ ഒന്ന് മാത്രമാണ് സാധാരണയായി പ്രായപൂര്‍ത്തിയാകുന്നത്. അതുകൊണ്ട് തന്നെ ഈ നഷ്ടം സംരക്ഷണ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് വിദഗ്ധര്‍ പറയുന്നു. ഫ്‌ലോറിഡയില്‍ മുട്ടയിടുന്ന അഞ്ച് കടലാമ വര്‍ഗങ്ങള്‍ — ലോഗര്‍ഹെഡ്, ഗ്രീന്‍, ലെതര്‍ബാക്ക്, കാമ്പ്‌സ് റിഡ്‌ലി, ഹോക്‌സ്ബില്‍ എല്ലാം തന്നെ യുഎസ് ഫെഡറല്‍ നിയമപ്രകാരം വംശനാശ ഭീഷണി നേരിടുന്നവയാണ്.
ഇതാദ്യമായല്ല ഇത്തരത്തില്‍ നായ്ക്കളുടെ ആക്രമണത്തില്‍ കടലാമകള്‍ കൊല്ലപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പോണ്ടെ വെദ്ര ബീച്ചില്‍ ഒരു നായ ആമകളുടെ മുട്ടകള്‍ തകര്‍ത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെന്നും അധികൃതര്‍ പറഞ്ഞു. അതിനെ തുടര്‍ന്ന് ശേഷിച്ചിരുന്ന മുട്ടകളെ സംരക്ഷിക്കാനായി പ്രദേശത്ത് സംരക്ഷണ വലയങ്ങള്‍ സ്ഥാപിച്ചിരുന്നു.
നായ്ക്കളുടെ ആക്രമണം തുടര്‍ച്ചയായതോടെ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബീച്ചില്‍ നായ്ക്കളുമായി എത്തുന്നവര്‍ നായ്ക്കളെ ഒരു കാരണ വശാലും അലക്ഷ്യമായി അലയാന്‍ വിടരുതെന്ന് അധികൃതര്‍ അറിയിപ്പ് നല്‍കി. അലഞ്ഞ് നടക്കുന്ന നായ്ക്കള്‍ കടലാമകള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ക്ക് വലിയ ഭീഷണി ആണെന്നും ഇത്തരം നായകളെ കണ്ടാല്‍ ഉടന്‍ അധികാരികളെ അറിയിക്കാനും ചിത്രങ്ങള്‍ കൈമാറാനും അധികൃതര്‍ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha