തലയില്‍ കുത്തിയ നിലയില്‍ കത്തിയുമായി അമ്മയുടെ കൈപിടിച്ച് ആശുപത്രിലെത്തിയ മൂന്നുവയസുകാരിയെ കണ്ട് ഞെട്ടി ഡോക്ടേഴ്‌സ്

തലയില്‍ കത്തി കുത്തിനിര്‍ത്തിയ നിലയില്‍ കുട്ടിയെ കണ്ട ഡോക്ടര്‍മാരും ആശുപത്രിയില്‍ ഉണ്ടായിരുന്നവരും അടക്കം അമ്പരന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുമിംഗ് നഗരത്തിലാണ് സംഭവം നടന്നത്. അവിടത്തെ ഡോംഗ്ചുങ് പീപ്പിള്‍സ് ആശുപത്രിയിലാണ് അമ്മയുടെ കൈയും പിടിച്ച് ഒരു കുട്ടി എത്തിയത്.
കത്തി തലയില്‍ തറച്ചിട്ടും മുറിവില്‍ നിന്ന് രക്തം വരുന്നില്ലായിരുന്നു. അതുപോലെ തന്നെ ഒന്നും സംഭവിക്കാത്ത പോലെയാണ് ആ കുട്ടി അമ്മയുടെ കൈയില്‍ പിടിച്ച് ആശുപത്രിയില്‍ നടന്നത്. ഓഗസ്റ്റ് 15നാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഹു എന്ന് പേരുള്ള മൂന്ന് വയസുകാരിയാണ് വീഡിയോയിലുള്ള കുട്ടി. വീട്ടിലെ കിടക്ക വിരി അമ്മ വിരിക്കുന്നതിനിടെ പഴങ്ങള്‍ മുറിക്കുന്ന കത്തി കിടക്കയില്‍ ഉണ്ടായിരുന്നു.
ഇത് അറിയാതെ അമ്മ കിടക്ക കുടഞ്ഞതും കത്തി അടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലയില്‍ തറച്ചുകയറുകയായിരുന്നു. ആദ്യം കത്തി ഊരാന്‍ അമ്മ ശ്രമിച്ചെങ്കിലും മകള്‍ക്ക് വേദനയെടുത്തതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 15 സെന്റീ മീറ്റര്‍ നീളമുള്ള കത്തിയാണ് കുട്ടിയുടെ തലയില്‍ തറച്ചത്. കുട്ടിയുടെ തലയില്‍ നിന്ന് കത്തി മാറ്റിയതായും കുട്ടി സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha