എബോള ഭീതിയില്‍ യാത്രാ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ

എബോള വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി കര്‍ശന യാത്രാ മാര്‍ഗ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ച് യുഎഇ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നി രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ വിസകള്‍ അനുവദിക്കുന്നത് യുഎഇ താല്‍കാലികമായി നിര്‍ത്തിവെച്ചു. നിലവില്‍ യുഎഇയില്‍ ആര്‍ക്കും തന്നെ എബോള ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം പൂര്‍ണമായും സുരക്ഷിതമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 21 ദിവസത്തിനിടെ റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയോ ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനം ഉണ്ടാകില്ല. വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഈ രാജ്യങ്ങളിലേക്കുള്ള കാര്‍ഗോ സര്‍വീസുകളെയും യുഎഇ വഴിയുള്ള മറ്റ് അന്താരാഷ്ട്ര ട്രാന്‍സിറ്റ് സര്‍വീസുകളെയും ഈ പുതിയ നിയന്ത്രണങ്ങള്‍ ബാധിക്കില്ല.
എബോളയുടെ ബുന്ദിബുഗ്യോ എന്ന വകഭേദമാണ് ഇപ്പോള്‍ ആഫ്രിക്കന്‍ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ ലഭ്യമായ എബോള വാക്‌സിനുകളോ പ്രതിരോധ മരുന്നുകളോ ഈ പ്രത്യേക വകഭേദത്തിനെതിരെ ഫലപ്രദമല്ലെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന ഈ രോഗ വ്യാപനത്തെ അന്താരാഷ്ട്ര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ അടിയന്തരാവസ്ഥ ദുരന്ത നിവാരണ അതോറിറ്റി, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് എന്നിവര്‍ അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികളുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സജ്ജമാണെന്നും യുഎഇ അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























