കറുത്തവന്റെ സ്വാതന്ത്രത്തിനായുള്ള പോരാട്ട വീര്യം നിലച്ചു; വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയ്‌ക്ക് വിട

ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാനജേതാവുമായ നെല്‍സണ്‍ മണ്ടേല (95) അന്തരിച്ചു. പ്രസിഡന്റ് ജേക്കബ് സുമയാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. ജോഹന്നാസ്‌ബര്‍ഗിലെ വീട്ടില്‍ പ്രാദേശിക സമയം 8.50 നായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.
വര്‍ണവിവേചനത്തിനെതിരെ ശക്തമായി നിലകൊണ്ടു എന്നതാണ് മണ്ടേലയുടെ സംഭാവന. ആ പോരാട്ടത്തിന് അദ്ദേഹത്തിന് നല്‍കേണ്ടി വന്നതാകട്ടെ നീണ്ടകാലത്തെ ജയില്‍ ശിക്ഷയും. 27 വര്‍ഷമാണ് മണ്ടേല അഴിക്കുള്ളില്‍ ജീവിച്ചുതീര്‍ത്തത്.
വെള്ളക്കാര്‍ അധികാരത്തില്‍ നിന്ന് ഒഴിഞ്ഞ ശേഷം 1994ല്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി. 99ല്‍ സ്വയം അധികാരത്തില്‍ നിന്ന് ഒഴിഞ്ഞു. ആഫ്രിക്കന്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞതിനു ശേഷം അപൂര്‍വമായാണ് മണ്ടേല പൊതുവേദികളില്‍ എത്താറുള്ളത്. 2010ല്‍ ആഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിലാണ് അവസാനം അദ്ദേഹം പങ്കെടുത്തത്.

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയത്തിലെത്തിയ മണ്ടേല ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് ലോകശ്രദ്ധ നേടിയത്. തുടക്കത്തില്‍ അക്രമസമരമാര്‍ഗങ്ങളിലൂടെ രാഷ്‌ട്രീയ രംഗത്ത് സജീവമായ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജനവിഭാഗം ആരംഭിക്കുന്നതിനു നേതൃത്വം നല്‍കി. 1994ല്‍ ദക്ഷിണാഫ്രിക്കയിലെ വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചു നടത്തിയ ആദ്യജനാധിപത്യ തെരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ട് നേടി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തി. അതോടെ മണ്ടേല കറുത്തവര്‍ഗക്കാരനായ ആദ്യദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

1993ലാണ് നെല്‍സണ്‍ മണ്ടേലയെ തേടി നൊബേല്‍ സമ്മാനം എത്തിയത്. 1990ല്‍ ഇന്ത്യ അദ്ദേഹത്തിന് ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു. മണ്ടേലയടക്കം രണ്ട് വിദേശികള്‍ക്ക് മാത്രമാണ് ഇതുവരെ ഭാരതരത്‌ന ലഭിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha


























