എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി

എംഡിഎംഎ കേസില്‍ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫ് പറഞ്ഞു. കൂടുതല്‍ അധ്യാപകര്‍ക്കു പങ്കുണ്ടെന്ന സംശയത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം. വടകര ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനകളുടെ ഭാഗമായി വടകര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 2 അധ്യാപികമാര്‍ അറസ്റ്റിലായത്. സാധാരണ ലഹരി കേസിനപ്പുറം ഈ സംഭവത്തില്‍ വലിയൊരു ശൃംഖലയുണ്ടെന്നു സംശയമുണ്ട്. ഉറവിടം കണ്ടെത്താനുള്ള ശ്രമം ശക്തമാക്കും. ഇനിയും അറസ്റ്റുണ്ടാകുമെന്നും മെറിന്‍ ജോസഫ് പറഞ്ഞു.
എംഡിഎംഎയുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ അറസ്റ്റിലായ രണ്ടാമത്തെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് കെ.കാവ്യയെയും വിദ്യാഭ്യാസ വകുപ്പ് ഇന്നലെ പുറത്താക്കി. പേരാമ്പ്ര ബിആര്‍സിയില്‍ സ്‌പെഷല്‍ എജ്യുക്കേറ്ററായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കാവ്യയുടെ അക്കൗണ്ടിലേക്ക് മുന്‍പ് അറസ്റ്റിലായ കീര്‍ത്തനയുടെ ലഹരി പണമിടപാടുകള്‍ നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണു കാവ്യയെയും അറസ്റ്റ് ചെയ്തത്. മരുതോങ്കര സ്വദേശി കീര്‍ത്തനയെയും കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. അതേസമയം, ലഹരിക്കേസില്‍ അധ്യാപകര്‍ പിടിയിലായ സംഭവത്തില്‍ ഇന്നലെ പേരാമ്പ്ര ബിആര്‍സിയില്‍ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും ഉപരോധ സമരവും നടത്തി.
എംഡിഎംഎ കേസില്‍ അറസ്റ്റിലായ എസ്എസ്‌കെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ കീര്‍ത്തന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നെന്ന് പേരാമ്പ്ര ബിആര്‍സി പ്രോജക്ട് ഓഫിസര്‍ ഷാജിമ പറഞ്ഞു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് സൂംബ പരിശീലനം നല്‍കാന്‍ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് പദ്ധതിയുണ്ടായിരുന്നു. ഇതില്‍ ക്ലാസെടുത്തത് കായികാധ്യാപികയായ കീര്‍ത്തനയാണ്. കീര്‍ത്തന അറസ്റ്റിലായെങ്കിലും കാവ്യ ജോലിക്ക് എത്തിയിരുന്നു. ഇരുവരും ഒന്നിച്ചാണു യാത്ര. ഒന്നിച്ചാണു യോഗങ്ങള്‍ക്ക് എത്തിയത്. കീര്‍!ത്തന അറസ്റ്റിലായപ്പോള്‍ കാവ്യയെ നേരിട്ടു വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. ലഹരി ഇടപാടുകളെക്കുറിച്ച് ചോദിക്കുകയും ചെയ്തു. എന്നാല്‍, കീര്‍ത്തനയുമായി സൗഹൃദം മാത്രമേയുള്ളൂവെന്നും ലഹരി ഇടപാടില്‍ പങ്കില്ലെന്നും കാവ്യ പറഞ്ഞെന്നും ഷാജിമ പറഞ്ഞു.
https://www.facebook.com/Malayalivartha




















